DCBOOKS
Malayalam News Literature Website

അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്ര-125ാം വര്‍ഷം: ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു

 

അയ്യങ്കാളിയുടെ വില്ലുവണ്ടി സമരത്തിന്റെ 125ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി അയ്യങ്കാളി ട്രസ്റ്റുമായി സഹകരിച്ച് വില്ലുവണ്ടി സമരം നടന്ന വെങ്ങാനൂരില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, വെങ്ങാനൂര്‍ അയ്യങ്കാളി അപ്പര്‍ പ്രൈമറി സ്‌കൂളില്‍ വെച്ച് 2018 മെയ് 4 മുതല്‍ 8വരെയാണ് ചിത്രകലാ ക്യാമ്പ് നടക്കുന്നത്.

ക്യാമ്പിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ. ബാലന്‍ 2018 മെയ് 4ന് വൈകുന്നേരം 3.30ന് നിര്‍വഹിക്കും. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷനാകുന്ന ചടങ്ങിന് സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ സ്വാഗതം ആശംസിക്കും. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാന്‍ അഡ്വ. പി.എസ്. ഹരികുമാര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിക്കും. കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹക സമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍ നന്ദി പറയും.

മധു വേണുഗോപാല്‍, സുനില്‍ അശോകപുരം, സുനില്‍ കുമാര്‍ ജി., കൃഷ്ണ ജനാര്‍ദ്ദന, ഭഗത്‌സിംഗ്, സുനില്‍ ലാല്‍, സുരേഷ് കുമാര്‍, അനിത, സിത്താര, ഡോ. ശ്രീകല എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും. കൂടാതെ 10 പ്രാദേശിക ചിത്രകാരന്മാരും ഇതിന്റെ ഭാഗമാകും. ക്യാമ്പിലെ രചനകളുടെ പ്രദര്‍ശനം 2018 മെയ് 9 മുതല്‍ 15വരെ നടക്കും.

ഉച്ചനീചത്വത്തിനെതിരെ പ്രതീകാത്മകമായി അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ നിറക്കൂട്ടുകളാല്‍ പുനര്‍ജ്ജനിപ്പിച്ച് ഉറപ്പിക്കുകയാണ് വില്ലുവണ്ടി വര്‍ണ്ണങ്ങള്‍ എന്ന ചിത്രകലാ ക്യാമ്പിലൂടെ ലളിതകലാ അക്കാദമി.

 

Comments are closed.