DCBOOKS
Malayalam News Literature Website

2017 ലെ ചരിത്രപുസ്തകങ്ങള്‍

എണ്ണത്തില്‍ കുറവെങ്കിലും ശ്രദ്ധിക്കപ്പെട്ട ചരിത്രപുസ്തകങ്ങളും 2017ല്‍ പുറത്തിറങ്ങിയിരുന്നു. അതിലേറെയും വിവര്‍ത്തന പുസ്തകങ്ങളായിരുന്നു എന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ ഒന്നാമതായി എടുത്തുപറയേണ്ട പുസ്തകം തിരുവിതാംകൂര്‍ രാജവംശത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന മനു എസ് പിള്ളയുടെ ഐവറി ത്രോണ്‍ എന്ന ചരിത്ര പുസ്തകത്തിന്റെ മലയാള പരിഭാഷാണ്. ദന്തസിംഹാസനം എന്ന പേരില്‍ മലയാളത്തിലിറങ്ങിയ ഈ പുസ്തകം ബെസ്റ്റ് സെല്ലര്‍ പട്ടകയില്‍ മുന്നിലാണ്. 

മറ്റ് പുസ്തകങ്ങള്‍;

പുറമേ ശാന്തമായി കാണപ്പെടുമ്പോഴും കൊട്ടാരത്തിനകത്ത് കൊടുമ്പിരിക്കൊണ്ടുകൊണ്ടിരുന്ന അധികാരവടംവലികള്‍, ഇന്ന് വിചിത്രമെന്ന് തോന്നിയേക്കാമെങ്കിലും അന്ന് സര്‍വ്വസാധാരണമായിരുന്ന കുത്തഴിഞ്ഞ സ്ത്രീപുരുഷബന്ധങ്ങള്‍, സൂചിക്കുഴയിലേക്ക് തലനീട്ടാന്‍ തക്കം പാര്‍ത്തിരുന്ന സാമ്രാജ്യത്വശക്തികള്‍, പാരമ്പര്യത്തില്‍ മുറുകെപ്പിടിക്കുന്ന രാജവംശത്തിനുചുറ്റും വീശിയടിക്കുന്ന സാമൂഹികമാറ്റങ്ങളുടെ കൊടുങ്കാറ്റുകള്‍, വൈക്കം സത്യാഗ്രഹം, പുന്നപ്രവയലാര്‍ തുടങ്ങിയ മിന്നിത്തിളങ്ങുന്ന അദ്ധ്യായങ്ങള്‍, വാസ്‌കോ ദ ഗാമയില്‍ തുടങ്ങി കേണല്‍ മണ്‍റോ, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, രാജ രവിവര്‍മ്മ, സര്‍ സി.പി. രാമസ്വാമി അയ്യര്‍ തുടങ്ങി കൊട്ടാരത്തിലെ ഓരോ അനക്കവും കഴുകന്‍ കണ്ണുകളോടെ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന പുസ്തകം. വിവര്‍ത്തനം: പ്രസന്ന കെ. വര്‍മ

ഇന്ത്യ ഗാന്ധിക്കുശേഷം എന്ന കൃതിക്കുശേഷം പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ ആസ്വാദ്യകരമായ മറ്റൊരു രചനകൂടി മലയാളത്തില്‍ പുറ ത്തിറങ്ങിയിരിക്കുകയാണിപ്പോള്‍ ‘ആധുനിക ഇന്ത്യയുടെ ശില്പികള്‍’ എന്നപേരില്‍. ബൃഹത്തായ ഒരു രാഷ്ട്രീയചരിത്രം സ്വന്തമായുള്ള രാജ്യമാണ് ഇന്ത്യ. മാറിമാറിവരുന്ന നേതാക്കളുടെ ചിന്തകള്‍ക്കനുസരിച്ച് ആ ചരിത്രം നിരന്തരം മാറ്റിമറിക്കപ്പെടുന്നു. നമ്മുടെ ജനാധിപത്യചരിത്രത്തില്‍ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിക്കാന്‍ പരിശ്രമിച്ച അത്തരം നായകരുടെ ചിന്തകളും ജീവിതവുമാണ് ആധുനിക ഇന്ത്യയുടെ ശില്പികള്‍ എന്ന തന്റെ കൃതിയിലൂടെ രാമചന്ദ്ര ഗുഹ അവതരിപ്പിക്കുന്നത്. വിവര്‍ത്തനം: പി.കെ. ശിവദാസ്.

അധിനിവേശം എന്ന അന്ധകാരയുഗം ഇന്ത്യയോട് ചെയ്തത് എന്താണ് എന്നതിന്റെ സരളവും അതേസമയം കണിശവുമായ വിവരണമാണ് ശശി തരൂരിന്റെ ‘ഇരുളടഞ്ഞ കാലം : ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്‘ (An Era of Darkness) എന്ന ഗ്രന്ഥം. അധിനിവേശത്തിന്റെ ആകത്തുകയെന്തെന്ന് കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയാണ് ശശി തരൂര്‍ ഇവിടെ ചെയ്യുന്നത്. അദ്ദേഹത്തിന്റെ നര്‍മസുരഭിലവും സുതാര്യവുമായ ഭാഷ വായനക്കാരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നായി രൂപാന്തരപ്പെടുത്തുന്നു. ശശി തരൂരിന്റെ ചൊടിയുള്ള ഭാഷയാണ് ഒരു വരണ്ട വിവരശേഖരമായി മാറിപ്പോകാവുന്ന ഈ ഗ്രന്ഥത്തെ ഇത്രമേല്‍ ഹൃദയാവര്‍ജ്ജകമാക്കുന്നത്.

ഇന്ത്യയില്‍ ഇന്ന് ആര്‍ക്കും വിമര്‍ശിക്കാവുന്നതായി ഒരാള്‍ മാത്രമേയുള്ളൂ, അത് മഹാത്മാഗാന്ധിയാണ് എന്നു സമീപകാലത്താണ് പ്രശസ്ത ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടത്. ഇക്കാലത്തെ ചരിത്രപഠിതാക്കളുടെ ഗാന്ധിവിമര്‍ശനത്തില്‍ എത്രമാത്രം ശരികേടുണ്ട് അല്ലെങ്കില്‍ ശരിയുണ്ട് എന്നു വിലയിരുത്തണമെങ്കില്‍ ഗാന്ധിജിയെക്കുറിച്ച് കേവലമൊരു ജീവചരിത്രത്തിനപ്പുറം അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയപശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും പഠിക്കണം. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ ആ വഴിയിലുള്ള ഒരു ഉദ്യമമാണ് ഗാന്ധി ഒരന്വേഷണം.

Comments are closed.