എഴുത്തുകാര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്: വിക്രം സേത്ത്
ഷാര്‍ജ: എഴുത്തുകാര്‍ രാജ്യത്തെ പൗരന്മാരാണെന്നും അവര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും വിവേചനത്തിനെതിരെ പോരാടാനുമുള്ള എല്ലാ അവകാശവുമുണ്ടെന്ന് പ്രശസ്ത നോവലിസ്റ്റും കവിയുമായ വിക്രം സേത്ത്. 38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി എക്‌സ്‌പോ സെന്ററിലെ ഇന്റലക്ച്വല്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു വിക്രം സേത്തിന്റെ സംവാദം നടന്നത്.
രണ്ടു സ്ത്രീകള്‍ പരസ്പരം സംസാരിക്കുന്ന കാഴ്ചയില്‍ നിന്നാണ് ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന നോവല്‍ ആരംഭിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം, പ്രചോദനത്തിന് പലപ്പോഴും വ്യത്യസ്തമായ ഉറവിടങ്ങള്‍ ഉണ്ടാകാറുണ്ട്. അവയില്‍ ഭൂരിഭാഗവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നവയാകാം. ആരോടെങ്കിലുമുള്ള വളരെ ഹ്രസ്വമായ സംഭാഷണത്തില്‍ നിന്ന്, വളരെ നീണ്ട ഒരു കഥ എഴുതാനുള്ള പ്രചോദനം തനിക്ക് ലഭിക്കാറുണ്ട്.
മറ്റു സംസ്‌കാരങ്ങളെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്. ഭാഗ്യവശാല്‍ നമുക്ക് ഭാരതത്തില്‍ ഹിന്ദു സംസ്‌കാരം, പാശ്ചാത്യ സംസ്‌കാരം, ഇസ്‌ലാമികസംസ്‌കാരം, മറ്റു സംസ്‌കാരങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പഠിക്കാന്‍ അവസരമുണ്ട്. ഇത് സമാധാനപരമായി ചിന്തിക്കാനും സഹവര്‍ത്തിത്വത്തിനുമായുള്ള നമ്മുടെ കഴിവിനെ വിശാലമാക്കും. സദസ്സില്‍ നിന്നുള്ള ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
പുതിയ സാങ്കേതികവിദ്യകളുടെ ഉയര്‍ന്ന വേലിയേറ്റം എഴുത്തിനെ ബാധിക്കില്ല. എഴുത്ത് അപ്രത്യക്ഷമായ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എഴുതാനുള്ള മാധ്യമം മാത്രമാണ് മാറുന്നത്. എഴുത്തിന് ശോഭനമായ ഭാവിയുണ്ട്. അദ്ദേഹം വ്യക്തമാക്കി.
താന്‍ പലപ്പോഴും ‘റൈറ്റേഴ്‌സ് ബ്‌ളോക്ക്’ നേരിടാറുണ്ടെന്ന് വിക്രം സേത്ത് ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. നിങ്ങള്‍ക്ക് എന്തെങ്കിലും എഴുതാന്‍ കാര്യമായി ഉണ്ടാകുമ്പോള്‍ നിങ്ങളുടെ മസ്തിഷ്‌കം പ്രവര്‍ത്തിക്കാതെ നിശ്ചലമാകുന്ന അവസ്ഥയാണ് റൈറ്റേഴ്‌സ് ബ്‌ളോക്ക്. തനിക്കേറെ ഇഷ്ടപ്പെട്ട സ്വന്തം പുസ്തകം ഏതെന്ന ചോദ്യത്തിന്, ഓരോ ദിവസവും താന്‍ തന്റെ ഓരോ പുസ്തകങ്ങളെയാണ് സ്‌നേഹിക്കുന്നതെന്ന രസകരമായ മറുപടിയും അദ്ദേഹം കുട്ടികള്‍ക്ക് നല്‍കി. മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കറായിരുന്നു സംവാദത്തിന്റെ മോഡറേറ്റര്‍.
Comments are closed.