DCBOOKS
Malayalam News Literature Website

വിജയലക്ഷ്മിയുടെ പ്രണയകവിതകള്‍

കവിത ഒരു ലഹരിയായി, ഉന്മാദമായി അലിഞ്ഞു ചേര്‍ന്നിട്ടുള്ള കവയിത്രിയാണ് വിജയലക്ഷ്മി. അതുകൊണ്ട് തന്നെ വാക്കുകളും ചിന്തകളും അയത്‌നലളിതമായി അവരിലേയ്ക്ക് ഓടിയെത്തി. തനിക്ക് മുമ്പ് എഴുതിയ കവികളുടെ വാക്കുകളെ ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന് ഊര്‍ജ്ജം സംഭരിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിജയലക്ഷ്മിയുടെ കവിതകളിലെ സ്ത്രീപക്ഷ രാക്ഷ്ട്രീയം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. പുരുഷനൊപ്പമുള്ള ലോകത്തോട് ഇണങ്ങി നില്‍ക്കുമ്പോള്‍ തന്നെ, തന്റെ ഉള്‍ക്കരുത്തിനെ ഉള്ളിന്റെ ഉള്ളിലെ വന്യമായ മൃഗത്യഷ്ണകളെ വെളിപ്പെടുത്തുക എന്നതാണ് ആ കവിതാ ധര്‍മ്മം. ഇപ്പോള്‍ വിജയലക്ഷ്മിയുടെ പ്രണയകവിതകളുടെ സമാഹാരം പുറത്തിറങ്ങിയിരിക്കുകയാണ്.

ആരു ഞാന്‍, കുറ്റസമ്മതം, മടക്കം, അന്ത്യപ്രലോഭനം, യക്ഷരാഗം, സാദരം, അശരീരി തുടങ്ങി അമ്പതിലധികം പ്രണയകവിതകളുടെ സമാഹാരമാണിത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വിജയലക്ഷ്മിയുടെ പ്രണയകവിതകള്‍ക്ക് കവിയും എഴുത്തുകാരനുമായ ആലംങ്കോട് ലീലാകൃഷ്ണന്‍ തയ്യാറാക്കിയ പഠനവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. “ജനിമൃതികള്‍ക്കെതിരിടാന്‍ കഴിയാത്ത മനുഷ്യജീവിതം വാറ്റിയെടുക്കുന്ന പ്രണയത്തിന്റെ വീഞ്ഞാണ് വിജയലക്ഷ്മിയുടെ ഈ പ്രണയകവിതകളെന്നും അതില്‍ വാഴ്‌വിന്റെ അമൃതരസമുണ്ടെന്നും” അദ്ദേഹം പറയുന്നു.

അതേസമയം, “ശബ്ദവ്യാഖ്യാനമില്ലാതെ, ഒന്നും വിശദീകരിക്കാതെ, മൂകതയില്‍ വിലയം പ്രാപിച്ച് അദൃശ്യതയെപുണരുന്ന ഒരു കവിയുടെ ആത്മജ്വാലകളാണിവയെന്നും, മനസ്സിന്റെ മറുപുറത്തെ ഉദയാസ്തമയങ്ങളില്‍നിന്നുതിര്‍ന്നവ” എന്നുമാണ് വിജയലക്ഷ്മി തന്റെ കവിതകളെകുറിച്ച് പറയുന്നത്.

വിജയലക്ഷ്മിയുടെ കുറിപ്പ് പൂര്‍ണ്ണ രൂപത്തില്‍;

കവിതകളുടെ ഇലച്ചില്ലകള്‍ക്കിടയില്‍ മറഞ്ഞുകിടന്നതാണിത്. ആരും കടന്നുചെല്ലാതെ, അറിയാതെ, ഒന്നിരുന്നിളവേല്‍ക്കാതെ ഒരു പ്രണയകുടീരം. പൂക്കള്‍ വിരിഞ്ഞുവാടുകയും പാകംവന്ന പഴങ്ങള്‍ പൊഴിയുകയും ചെയ്യുന്ന ഒരു സ്വപ്നസങ്കേതം. സ്‌നേഹം പാടുന്ന പൂങ്കുയിലുകളും ആഹ്ലാദം മുരളുന്ന തേനീച്ചകളും ഇവിടെയുണ്ട്. ഇലകളും പൂക്കളും വീണുതണുത്ത മണ്‍തിട്ടമേല്‍, ക്ഷമയോടെ നിങ്ങളെക്കാത്തു കിടക്കുന്ന ഇന്ദ്രനീലക്കണ്ണുകളുള്ള വിഷപ്പാമ്പുകളുണ്ട്. ഇലഞ്ഞിയും ചെമ്പകവും പിച്ചിയും വാസനിക്കുന്ന തണുത്ത പാതിരാക്കാറ്റില്‍, അവയെ കഴുത്തിലണിഞ്ഞുചുംബിക്കുന്ന അംബരചാരികളുണ്ട്, അവരുപേക്ഷിച്ച തംബുരുവുണ്ട്, അവരുടെ അവിശുദ്ധഗീതവും അവസാനിക്കാത്ത മൃദുസ്പര്‍ശവുമുണ്ട്.

ശബ്ദവ്യാഖ്യാനമില്ലാതെ, ഒന്നും വിശദീകരിക്കാതെ, മൂകതയില്‍ വിലയം പ്രാപിച്ച് അദൃശ്യതയെ പുണരുന്ന ഒരു കവിയുടെ ആത്മജ്വാലകളാണിവ. മനസ്സിന്റെ മറുപുറത്തെ ഉദയാസ്തമയങ്ങളില്‍നിന്നുതിര്‍ന്നവ. ഇരുട്ടുവീണ പ്രേരണകളും പ്രതികരണങ്ങളും ഇവയിലുണ്ട്. ഒറ്റയ്ക്കാവുന്നവരുടെ രാപ്പാതികള്‍ പ്രണയതീക്ഷ്ണമായിപ്പോവുമ്പോള്‍, അതിവിദൂരത്തുനിന്നരികിലെത്താന്‍ ഒരുപക്ഷേ, ഇവയ്ക്കായേക്കാം. ആരുമറിയാതുണരുന്ന ആഗ്നേയചോദനകളോടും അജ്ഞാതവേദനകളോടുമൊപ്പം ഉണര്‍ന്നിരിക്കാനും ഇവയ്ക്കു കഴിഞ്ഞേക്കാം. മറ്റൊന്നിനുമല്ല, ഒരു കണ്ണുനീര്‍ത്തുള്ളിയെത്തൊട്ട് അരികെയിരിക്കുവാന്‍, പൊള്ളുന്ന നെറ്റിയില്‍ തണുത്തവിരലുകളമര്‍ത്തുവാന്‍.

ഗുരുത്വാകര്‍ഷണം നഷ്ടപ്പെട്ട ബഹിരാകാശയാത്രകളില്‍, ഇരുളും വെളിച്ചവും മാറിമറിയുന്ന മായക്കാഴ്ചകളില്‍, ഏതൊക്കെയോ ദുര്‍ഗ്ഗമസ്ഥലികളിലൂടെ മനസ്സ് കടന്നുപോയതോര്‍ക്കുന്നു. അതിരേതെന്നറിയാത്ത അന്വേഷണങ്ങളില്‍ തരണംചെയ്ത തമോഗര്‍ത്തങ്ങളെ, ആന്തരചലനങ്ങളെ, ശാന്തിവിശ്രാന്തികളെയെല്ലാം സൂക്ഷ്മകോശങ്ങളുടെ ജൈവലിപികളില്‍ തല്‍സമയം രേഖപ്പെടുത്തിയ ഈ സ്പന്ദിക്കുന്ന ഉപഹാരം, പ്രണയികള്‍ക്കും പ്രണയത്തിനും പ്രിയപ്പെട്ടതായെങ്കില്‍ എന്നു പ്രത്യാശിക്കുന്നു.

 

Comments are closed.