കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകരുവാന്‍ പ്രഗല്‍ഭരെത്തുന്നു
വിദ്യാരംഭദിനത്തില്‍ കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്നതിനുള്ള സൗജന്യവേദിയൊരുക്കുകയാണ് ഡി.സി ബുക്‌സ്. ആധുനിക മതാതീത സങ്കല്പം അനുസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി.സി ബുക്‌സാണ്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ആ മാതൃക പിന്തുടര്‍ന്നു. സാക്ഷരതയും വായനയും സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി.സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിനും നവീന മാതൃക നല്കി സ്വന്തം സ്ഥാപനത്തിന്റെ മുന്‍പിലുള്ള സരസ്വതി മണ്ഡപത്തില്‍ നൂറുകണക്കിനു കുട്ടികളെ എഴുത്തിനിരുത്താന്‍ നേതൃത്വം നല്കിയത്. ഇന്നും ആ മാതൃക ഡി.സി ബുക്‌സ് പിന്തുടരുന്നു.
ഈ വര്‍ഷവും വിദ്യാരംഭ ചടങ്ങിന് പ്രഗല്‍ഭവ്യക്തികളാണ് ആചാര്യസ്ഥാനം അലങ്കരിക്കുന്നത്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ സേതു, എഴുത്തുകാരനും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഡോ. ബി.അശോക് ഐ.എ.എസ്, അധ്യാപകനും എഴുത്തുകാരനുമായ ഡോ. മനോജ് കുറൂര്‍ എന്നിവരാണ് വിദ്യാരംഭ ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നത്. 2018 ഒക്ടോബര്‍ 19-ന് രാവിലെ എട്ട് മണി മുതല്‍ ഡി.സി ബുക്‌സ് ആസ്ഥാനത്തുള്ള സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകള്‍ നടക്കുക.
സേതു
പാണ്ഡവപുരം എന്ന ഒറ്റ നോവല്‍ കൊണ്ടു തന്നെ മലയാളസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ സാഹിത്യകാരനാണ് എ. സേതുമാധവന്‍ എന്ന സേതു. 1942-ല്‍ എറണാകുളം ജില്ലയിലെ ചേന്ദമംഗലത്താണ് അദ്ദേഹം ജനിച്ചത്. നോവല്‍, കഥ എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മറുപിറവി, ഞങ്ങള്‍ അടിമകള്‍, കിരാതം, താളിയോല, നവഗ്രഹങ്ങളുടെ തടവറ, ആലിയ, അടയാളങ്ങള്‍, നിയോഗം, കൈമുദ്രകള്‍, തിങ്കളാഴ്ചകളിലെ ആകാശം, പേടിസ്വപ്‌നങ്ങള്‍, ഗുരു, മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മറ്റ് കൃതികള്‍.
കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (പാണ്ഡവപുരം), മലയാറ്റൂര്‍ അവാര്‍ഡ് (കൈമുദ്രകള്‍), വിശ്വദീപം അവാര്‍ഡ് (നിയോഗം), പത്മരാജന്‍ അവാര്‍ഡ് (ഉയരങ്ങളില്‍) എന്നിവ ലഭിച്ചിട്ടുണ്ട്. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാണ്ഡവപുരം, ഞങ്ങള്‍ അടിമകള്‍ എന്നീ നോവലുകള്‍ സിനിമയായിട്ടുണ്ട്. ഞങ്ങള്‍ അടിമകളുടെ ചലച്ചിത്രാവിഷ്‌കാരമായ പൂത്തിരുവാതിരരാവില്‍ ഏറ്റവും നല്ല കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. 2005-ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായാണ് അദ്ദേഹം ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്.
ഡോ.ബി. അശോക് ഐ.എ.എസ്
കേരള കേഡറില്‍ 1998 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് പ്രഗല്‍ഭനായ ഒരു എഴുത്തുകാരന്‍ കൂടിയാണ്. നിരവധി ആനുകാലികങ്ങളിലും പത്രപംക്തികളിലും പഠനക്കുറിപ്പുകളും വിശകലനങ്ങളും എഴുതാറുള്ള അദ്ദേഹം കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലെ പാര്‍ലമെന്ററി കാര്യം, കായിക-യുവജനക്ഷേമ വകുപ്പ് എന്നീ വിഭാഗങ്ങളുടെ സെക്രട്ടറിയാണ്.
മനോജ് കുറൂര്‍
പ്രശസ്ത ചെണ്ടമേള വിദ്വാന്‍ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മകനായ ഡോ. മനോജ് കുറൂര്‍ മലയാളത്തിലെ ഉത്തരാധുനികകവികളില്‍ ശ്രദ്ധേയനാണ്. ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍ എന്ന കവിതാസമാഹാരമാണ് അദ്ദേഹത്തിന്റെ ആദ്യകൃതി. കോട്ടയം ബസേലിയോസ് കോളെജ്, ചങ്ങനാശേരി എസ്.ബി കോളെജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. താളസംബന്ധമായ വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഗവേഷണം നടത്തി. ഇപ്പോള്‍ ചങ്ങനാശ്ശേരി എന്‍. എസ്.എസ്. ഹിന്ദു കോളേജില്‍ മലയാള വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. മനോജ് കുറൂരിന്റെ കവിതകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായിട്ടുണ്ട്.
നിലം പൂത്തുമലര്‍ന്ന നാള്‍( നോവല്‍), കോമാ, അഞ്ചടി ജ്ഞാനപ്പാന ഓണപ്പാട്ട്, നിറപ്പകിട്ടുള്ള നൃത്തസംഗീതം എന്നിവയാണ് പ്രധാന കൃതികള്‍. സംഗീത-താള സംബന്ധമായ വിഷയത്തില്‍ നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ഡി.സി ബുക്‌സില്‍ വിദ്യാരംഭം കുറിക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
രജിസ്‌ട്രേഷന്‍ വിഭാഗം (വിദ്യാരംഭം)
ഡി സി ബുക്‌സ് , ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം- 01
വിളിയ്ക്കേണ്ട നമ്പര്‍:0481 2562114, 9072351755
ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി സന്ദർശിക്കുക: https://www.dcbooks.com/vidyarambham-2018
Comments are closed.