വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു. പുണ്യക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ നടന്നുവരുമ്പോള്‍, മതാതീതസങ്കല്പമനുസരിച്ച് ഡി.സി ബുക്‌സിലൂടെയും നിരവധി കുട്ടികള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുണഞ്ഞു.
വിജയദശമി ദിനത്തില്‍ രാവിലെ എട്ട് മണി മുതല്‍ ഡി.സി ബുക്‌സിന്റെ കോട്ടയം ആസ്ഥാന മന്ദിരത്തില്‍ വിദ്യാരംഭചടങ്ങുകള്‍ ആരംഭിച്ചു. സരസ്വതി മണ്ഡപത്തില്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് എഴുത്തുകാരനും അധ്യാപകനുമായ ഡോ.മനോജ് കുറൂര്‍, രവി ഡി.സി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. തുടര്‍ന്ന് മനോജ് കുറൂര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നിന്ന് കൊണ്ടുവന്ന മണലാണ് ഇതിനായി ഉപയോഗിച്ചത്. പൊതുജനങ്ങള്‍ക്കും ഈ മണലില്‍ എഴുതാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ആദ്യാക്ഷരം കുറിച്ച കുട്ടികള്‍ ഡി.സി ബുക്‌സ് ഒരുക്കിയ സമ്മാനങ്ങളുമായാണ് മടങ്ങിയത്.
Comments are closed.