DCBOOKS
Malayalam News Literature Website

തസ്രാക്കില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു. പുണ്യക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ നടന്നുവരുമ്പോള്‍, ഡി സി ബുക്‌സിന്റെയും ഒ.വി വിജയന്‍ സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍വെച്ചും ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.

വിജയദശമി ദിനത്തില്‍ രാവിലെ എട്ട് മണി മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തിലുള്ള എഴുത്തുപുരയില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ എഴുത്തുകാരനും ചലച്ചിത്രനടനുമായ വി.കെ.ശ്രീരാമന്‍, നിരൂപകന്‍ പി.കെ.രാജശേഖരന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ ടി.ആര്‍ അജയന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വി.കെ.ശ്രീരാമന്‍, പി.കെ.രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കി. വിദ്യാരംഭ ചടങ്ങുകള്‍ക്ക് ശേഷം കുട്ടികള്‍ക്കായി ഒരു കഥയരങ്ങും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്.

വിദ്യാരംഭദിനങ്ങളോടനുബന്ധിച്ച് ഒരു നോവല്‍ ശില്പശാലയും ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ തസ്രാക്കില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വളര്‍ന്നുവരുന്ന പുതിയ എഴുത്തുകാര്‍ക്കും സാഹിത്യാഭിരുചിയുള്ളവര്‍ക്കും എഴുത്തിന്റെയും വായനയുടെയും ഗൗരവകരമായ ചിന്തകള്‍ സമ്മാനിക്കുന്നതായിരിക്കും പ്രഗത്ഭര്‍ നയിക്കുന്ന ഈ ശില്പശാല. ഒക്ടോബര്‍ 6-ാം തീയതി ആരംഭിച്ച ശില്പശാല ഇന്ന് സമാപിക്കും.

എഴുതാനുദ്ദേശിക്കുന്ന നോവലിന്റെ പേരെഴുതിക്കൊണ്ട് ക്യാമ്പംഗങ്ങള്‍ തസ്രാക്കിൽ നോവലെഴുത്തിന് ആരംഭം കുറിക്കുന്നു

കൂടുതല്‍ വായനയ്ക്ക്

വിദ്യാരംഭം ക്ഷേത്രാങ്കണത്തിനു പുറത്തെത്തിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നു

Comments are closed.