മനുഷ്യക്കമ്പ്യൂട്ടര്‍ ശകുന്തള ദേവിയായി വിദ്യാബാലന്‍
മനുഷ്യക്കമ്പ്യൂട്ടര്‍ എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ ഗണിതശാസ്ത്രപ്രതിഭ ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുന്നു. നടി വിദ്യാ ബാലനാണ് ശകുന്തള ദേവിയുടെ വേഷത്തില്‍ എത്തുന്നത്. ചുവന്ന സാരിയില്‍ ശകുന്തളാ ദേവിയുടെ ഗെറ്റപ്പിനെ ഓര്‍മ്മിക്കുംവിധമുള്ള ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഇന്നലെ പുറത്തിറങ്ങിയിരുന്നു.
‘ആകാംക്ഷ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. കണത്തിലെ പ്രതിഭാശാലിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സമയമായി’ എന്ന അടിക്കുറിപ്പോടെയാണ് വിദ്യാബാലന്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സോണി പിക്‌ചേഴ്‌സും അബണ്ടന്‍ഷ്യ എന്‍ര്‍ടെയ്ന്‍മെന്റും ചേര്‍ന്നു നിര്‍മ്മിക്കുന്ന ശകുന്തള ദേവി ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന ചിത്രത്തില്‍ അവരുടെ 20 വയസ്സു മുതല്‍ ജീവിതാവസാനം വരെയുള്ള കാലയളവിലെ കഥയാണ് പറയുന്നത്. മലയാളിയായ അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു മേനോന്‍, നയനിക, ഇഷിത എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
അസാമാന്യ കഴിവുകളോടെ ഗണിതശാസ്ത്രലോകത്ത് അത്ഭുതം സൃഷ്ടിച്ച വ്യക്തിയായിരുന്നു ശകുന്തള ദേവി. ആറാമത്തെ വയസില്‍ മൈസൂര്‍ സര്‍വകലാശാലയില്‍ വേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മശക്തിയും പ്രദര്‍ശിപ്പിച്ചാണ് ശകുന്തള ദേവി ശ്രദ്ധേയയാകുന്നത്. പിന്നീട് എട്ടാം വയസില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍വകലാശാലയിലും ഇത് ആവര്‍ത്തിച്ചു. 1977-ല്‍ അമേരിക്കയിലെ ദാലസില്‍ കംപ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ന്റിനുള്ളിലാണ് ഉത്തരം നല്‍കിയത്. 2013 ഏപ്രില്‍ 21-നായിരുന്നു ശകുന്തള ദേവിയുടെ നിര്യാണം.
Comments are closed.