ആത്മകഥ: വിദ്യാലയം
സിവിക് ചന്ദ്രൻ
ഈ കുറിപ്പുകളെഴുതുമ്പോൾ ഞാൻ ചെയ്യേണ്ടിയിരുന്ന/എനിക്ക് ചെയ്യാമായിരുന്ന ഒരു കാര്യത്തെക്കുറിച്ചുകൂടി പശ്ചാത്താപത്തോടെ എഴുതട്ടെ. ഞങ്ങളുടെ തറവാട്ടിൽ എല്ലാ ജാതിയിലും മതത്തിലും പെട്ടവരുണ്ട്. എന്നാൽ ഒരു ദലിത് സ്ത്രീയോ പുരുഷനോ എത്തിപ്പെട്ടിട്ടില്ല. അതാദ്യം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നുവല്ലോ. ഒരുപക്ഷേ, കേരളത്തിൽ എറ്റവും കൂടുതൽ പ്രണയ വിവാഹങ്ങളും മിശ്രവിവാഹങ്ങളും നടന്നിട്ടുള്ള ഈ കോളനിയെപ്പറ്റി അഭിമാനത്തോടെ ഒരു റേഡിയോ ഫീച്ചർ ഞാൻതന്നെ ചെയ്തിട്ടുണ്ട്. എന്നിട്ടും എന്റെ തന്നെ പ്രണയത്തിലോ ഇണയന്വേഷണത്തിലോ ഒരു ദലിത് പെൺകുട്ടി ഇല്ലാതെ പോയതെന്ത്? നിശ്ചയമായും എന്തോ ഗൗരവമായ തകരാറ് എൻ്റെ ജീനുകളിലുണ്ടായിരിക്കണം, അല്ലേ?
ആൾക്കൂട്ടം ആർത്തുവിളിച്ച് തെങ്ങിൻമുകളിൽനിന്ന് താഴെയിറക്കുമ്പോഴും ഫെർണാണ്ടസ് മാഷ് നുരഞ്ഞുപൊന്തുന്ന കള്ളിൻകുടം നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു. താഴെ, അയൽപക്കങ്ങളിലെ ഏതോ കൂട്ടിൽനിന്നും പീടിച്ച് പൂടപറിച്ച് അടുപ്പുകൂട്ടി വേവിച്ചുകൊണ്ടിരുന്ന കോഴിക്കറി തിളച്ചുപൊന്തുന്നുണ്ടായിരുന്നു.
പിന്നീട് കൈ രണ്ടും പിന്നിൽ കെട്ടി തെരുവിലൂടെ അയാളെ പ്രദക്ഷിണം നടത്തുമ്പോഴും പിന്നിലും ഇരുവശത്തുമായി തടിച്ചുകൂടുന്ന അയാളുടെ വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളുമടങ്ങുന്ന ആൾക്കൂട്ടത്തോട് അയാൾ നിഷ്‌കളങ്കമായി, നിസ്സംഗമായി ചിരിച്ചു.
ആ പ്രദക്ഷിണത്തിനിടയിൽ നിന്നെപ്പോഴോ രക്ഷപ്പെട്ട അയാളെ പിന്നീട് ആ നാട് കണ്ടിട്ടേയില്ല. ഈ നാടകീയരംഗം സംഭവിച്ചിട്ട് അഞ്ചാറു പതിറ്റാണ്ടായിക്കാണണം. അയാളുടെ ശിഷ്യരിൽ ചിലർ ഒരുകാലത്ത് തങ്ങളുടെ വീരപുരുഷനായിരുന്ന അയാളെ ഓർത്തിട്ടില്ലെന്നല്ല. അയാളുടെ അടുത്ത ബന്ധപ്പെട്ടവർ അയാളെ ഓർക്കുന്നതൊരു ദുരന്തകഥാപാത്രമായാണ്. എന്തു പ്രതീക്ഷയായിരുന്നു അയാളെക്കുറിച്ച്! വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കുംമാത്രമല്ല, അയാളെ അടുത്തറിയാവുന്നവർക്കെല്ലാം ഓർക്കുമ്പോൾപോലും ആ പതനം സഹിക്കാനാവുമായിരുന്നില്ല.
ഫെർണാണ്ടസ് മാഷിന് എവിടെ വെച്ചാണ് താളം തെറ്റിയത്? എങ്ങനെയായിരുന്നു അയാൾ മൂക്കുകുത്തി വീണത്? സ്വയം കൃതാനർത്ഥം, കർമ്മഫലം? ആരാണയാളുടെ തലവര മാറ്റിവരച്ചത്, അയാൾതന്നെയോ? അതോ?… അയാളുടെ ജീവിതത്തെ തല്ലിത്തകർത്തതാരാണ്? അയാൾതന്നെയോ. അതോ…?
പൂര്‍ണ്ണരൂപം 2025 ഏപ്രിൽ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക