DCBOOKS
Malayalam News Literature Website

ഫൗസിയ ഹസന്റെ ഡയറിക്കുറിപ്പുകള്‍…

ഇന്ത്യയില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ തന്റെ മനസ്സുതുറക്കുകയാണ്. കേസില്‍ കുറ്റാരോപിതയായി കേരളത്തിലെ വിവിധ ജയിലുകളില്‍ വെച്ച് അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ച് ഡയറിക്കുറിപ്പുകളുടെ രൂപത്തില്‍ തുറന്നെഴുതുകയാണ് വിധിക്കുശേഷം എന്ന ഈ കൃതിയിലൂടെ. രണ്ടു പതിറ്റാണ്ടോളം ഫൗസിയ ഹസന്‍ പുറംലോകം കാണിക്കാതെ സൂക്ഷിച്ച തന്റെ ഡയറിക്കുറിപ്പുകളുടെ പുസ്തകരൂപമാണ് ഈ കൃതി.

കേസുമായി ബന്ധപ്പെട്ട ഒട്ടനേകം കാര്യങ്ങള്‍ ഫൗസിയ വിവരിയ്ക്കുന്നുണ്ട്. തന്റെ ജീവിതപശ്ചാത്തലം, കുടുംബജീവിതം, കേരളത്തില്‍ വരാനുണ്ടായ സാഹചര്യം, മറിയം റഷീദയുമായുള്ള ഫൗസിയയുടെ ബന്ധം, എങ്ങനെ കുറ്റാരോപിതയായി, ജയില്‍വാസക്കാലത്ത് പൊലീസില്‍ നിന്ന് അനുഭവിച്ച തിക്താനുഭവങ്ങള്‍, കുറ്റസമ്മതം നടത്തിയ വിധം, ജയില്‍വാസത്തിന് ശേഷമുണ്ടായ മോശം അനുഭവങ്ങള്‍ തുടങ്ങി പൊലീസ് കെട്ടിച്ചമച്ച ഐ.എസ്.ആര്‍.ഒ കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ കൃതിയില്‍ ഫൗസിയ രേഖപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരായ പി. ജസീലയും ആര്‍.കെ. ബിജുരാജും ചേര്‍ന്നാണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ഫൗസിയ ഹസന്റെ ജയില്‍ക്കുറിപ്പുകളില്‍ നിന്ന്

15 മിനിറ്റിനകം കാര്‍ ഒരു വീടിനു മുന്നില്‍ എത്തി. കാര്‍ നിര്‍ത്തിയതിനു ശേഷം മുന്‍ സീറ്റിലുണ്ടായിരുന്ന ഓഫീസര്‍ എന്നെയും കൊണ്ട് ചെറിയ ഗേറ്റ് വഴി ആ വീട്ടിലേക്ക് നടന്നു. ഗേറ്റ് കടന്നുള്ള വഴി ചെറുതായി മണ്ണിട്ടുയര്‍ത്തിയിട്ടുള്ളതായിരുന്നു. മറുവശം മരങ്ങളും ചെടികളും നിറഞ്ഞതായിരുന്നു. ഏതാണ്ട് 20 അടിയോളം ഉയര്‍ന്ന വഴി പിന്നിട്ട് ഞങ്ങള്‍ വീടിന്റെ വരാന്തയിലെത്തി. എനിക്കായി ഒരു മുറി കാണിച്ചുതന്നു. മുറിയുടെമൂലയില്‍ ബാഗ് വെച്ചു. കൊതുകുവലയോടുകൂടിയ ഒരു ചെറിയ ബെഡ്ഡായിരുന്നു മുറിക്കുള്ളില്‍. കൂടാതെ അലമാരയും വലിയൊരു മേശയും ചുറ്റും കുറെ കസേരകളും. മേശയ്ക്കരികിലെ കസേരകളിലൊന്നില്‍ ഞാനിരുന്നു. കുറച്ചുകഴിഞ്ഞ് സാരിയുടുത്ത ഒരു സ്ത്രീ മുറിയിലെത്തി. ഓഫീസര്‍മാരില്‍ ഒരാളാണതെന്ന് എനിക്ക് മനസ്സിലായി. അല്പം കഴിഞ്ഞപ്പോള്‍ സാധാരണ വേഷത്തില്‍ ഒരു സംഘം ഓഫീസര്‍മാര്‍ മുറിയിലെത്തി. എല്ലാവരുടെയും കൈയില്‍ കെട്ടുകണക്കിന് ഫയലുകളും പേപ്പറുകളുമുണ്ടായിരുന്നു. അതിലൊരാള്‍ എനിക്കഭിമുഖമായിരുന്നു. അദ്ദേഹമാണ് അവരുടെ സംഘത്തലവനെന്ന് മറ്റൊരാള്‍ പരിചയപ്പെടുത്തി. ഞാന്‍ ഭയംകൊണ്ട് വിറയ്ക്കാന്‍ തുടങ്ങി. ”ഇന്ത്യയില്‍ നിങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തെളിവുകളാണിത്”ഫയല്‍ തുറന്നുകൊണ്ട് ഓഫീസര്‍ പറഞ്ഞു. നിരവധി പേപ്പറുകളുണ്ടായിരുന്നു ആ ഫയലില്‍. ഞാന്‍ കൂടുതല്‍ ഭയചകിതയായി. പിന്നീട് സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലല്ലോ. ഞാന്‍ സത്യം പറയുമോ എന്നറിയാന്‍ അവര്‍ എന്നെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നതാവാം.

”ഇവരെല്ലാം എന്റെ ഓഫീസര്‍മാരാണ്. അവേരാട് സത്യസന്ധമായി കാര്യങ്ങള്‍ പറയുമെന്നാണ് ഞാന്‍ കരുതുന്നത്. കള്ളം പറഞ്ഞതുകൊണ്ട് ഒന്നും നേടാനില്ലല്ലോ. നിങ്ങളെക്കൊണ്ട് സത്യം പറയിക്കാന്‍ ഇവര്‍ക്കറിയാം.” സൂക്ഷ്മമായി എന്നെ നോക്കിക്കൊണ്ട് ഓഫീസര്‍ എന്നോട് പറഞ്ഞു. ഈ ഫയലുകളിലുള്ളത് നിങ്ങള്‍ ചെയ്തതിന്റെ തെളിവുകളാണ്. അതുംപറഞ്ഞ് ഫയല്‍ അടച്ചുവെച്ച് അദ്ദേഹം മുറിക്കു പുറത്തു കടന്നു. മറ്റുള്ളവര്‍ കസേരകളില്‍തന്നെയിരുന്നു. ഈ ഫയലുകളില്‍ എന്തു തെളിവുകളാണ് എനിക്കെതിരേയുള്ളതെന്ന് ഞാന്‍ അദ്ഭുതപ്പെട്ടു. നിങ്ങള്‍ എപ്പോഴാണ്, എന്തിനു വേണ്ടിയാണ് ഇന്ത്യയിലെത്തിയത്? ഓഫീസര്‍മാരിലൊരാള്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ വ്യക്തമായി മറുപടി പറഞ്ഞു. ഞാന്‍ ഏതു ദിവസമാണ് ജനിച്ചത് എന്നു തുടങ്ങുന്ന ചോദ്യങ്ങളായിരുന്നു അധികവും. എന്റെ കുടുംബാംഗങ്ങളെയും അവരുടെ ഭാര്യാഭര്‍ത്താക്കന്‍മാര്‍, കുട്ടികള്‍, പേരക്കുട്ടികള്‍ എന്നിവരെക്കുറിച്ചും അവരുടെ തൊഴിലിനെക്കുറിച്ചും ചോദിച്ചു. എന്റെ സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും അവര്‍ക്കറിയണമായിരുന്നു.

”ആരാണ് മാസര്‍ഖാന്‍” എന്നൊരാള്‍ എന്നോടു ചോദിച്ചു. മാസര്‍ഖാന്‍ എന്ന പേരില്‍ ആരെയും അറിയില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്നാല്‍ അദ്ദേഹം ആ പേര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ”എവിടെ വെച്ചാണ് നിങ്ങള്‍ മാസര്‍ഖാനെ ആദ്യമായി കണ്ടത്?””അങ്ങനെയൊരു പേര് ഞാനിതുവരെ കേട്ടിട്ടില്ല.” ”ആര്‍ക്കൊപ്പം എന്തിനു വേണ്ടിയാണ് നിങ്ങള്‍ ശ്രീലങ്കയിലെ പാക് എംബസിയില്‍ പോയത്?” ”ഞാന്‍ ഇതുവരെ പാക് എംബസിയില്‍ പോയിട്ടില്ല.” ”ഇന്ത്യയിലായിരിക്കുമ്പാള്‍ എത്രപേര്‍ നിങ്ങള്‍ക്ക് പണം നല്‍കി?” ”ജൂണ്‍ 15-ന് മറിയം റഷീദ 1500 യു.എസ് ഡോളര്‍തന്നു.” ”മറ്റെന്തെങ്കിലും ഡോളര്‍ നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ?”

”മറ്റൊരുതരത്തിലുള്ള ഡോളറും ഞാന്‍ സ്വീകരിച്ചിട്ടില്ല.” ”സത്യം തുറന്നുപറയണം. ഒന്നും ഒളിക്കാന്‍ പാടില്ല.” ഓഫീസര്‍മാരില്‍ ഒരാള്‍ പറഞ്ഞു. ഇന്ത്യയില്‍ എപ്പോള്‍ വന്നു എന്നും എന്തിനുവേണ്ടി എന്നതിനും മറുപടിയായി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വന്നു. ഒന്നും അവര്‍ വിശ്വസിച്ചില്ലെന്നു തോന്നി.

”സെപ്റ്റംബര്‍ 21-ന് നിങ്ങളുടെ മകള്‍ നാഹില നല്‍കിയ പാര്‍സലില്‍ എന്താണുണ്ടായിരുന്നത്?””നാഹില എനിക്ക് പാര്‍സലൊന്നും തന്നിട്ടില്ല. അവള്‍ 100 ഡോളര്‍ ആണ് തന്നത്.” ”ശശികുമാറുമായി നിങ്ങള്‍ എത്ര തവണ പുറത്തുപോയി?” ശശികുമാറിനൊപ്പം ഞാനൊരിക്കലും പുറത്തുപോയിട്ടില്ലെന്നായിരുന്നു എന്റെ മറുപടി. അതോടെ അവര്‍ക്ക് വല്ലാതെ ദേഷ്യം വന്നു. പിന്നീടുള്ള ചോദ്യങ്ങള്‍ വളരെ ഗൗരവത്തോടെയായിരുന്നു.

”പാകിസ്താന്‍ പാസ്‌പോര്‍ട്ടില്‍ എന്താണ് നിങ്ങളുടെ പേര്‍?” ”എനിക്ക് ഒരുപാട് പാസ്‌പോര്‍ട്ടുകളില്ല. മാലിദ്വീപ് പാസ്‌പോര്‍ട്ട് മാത്രമേ ഉള്ളൂ.” ”എനിക്കറിയാം പാക് പാസ്‌പോര്‍ട്ടില്‍ എന്താണ് നിങ്ങളുടെ പേരെന്ന്. സറീന വഹാബ് എന്നല്ലേ? കള്ളം പറയാന്‍ ശ്രമിക്കരുത്. ഞങ്ങള്‍ക്ക് 25 വര്‍ഷത്തെ പാരമ്പര്യമുണ്ട്.”

പെട്ടെന്ന് ഓഫീസര്‍മാരിലൊരാള്‍ കസേരയില്‍നിന്നെഴുന്നേറ്റ് കാലിലെ ചെരിപ്പൂരി എന്റെ മുഖത്തിനു നേരെ അടിക്കാന്‍ ഓങ്ങി. മുഖം തിരിച്ചതുകൊണ്ട് ഞാന്‍ ആ അടിയില്‍നിന്ന് രക്ഷപ്പെട്ടു. നിങ്ങളെക്കൊണ്ട് സത്യം പറയിപ്പിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്കറിയാം.

”ഇവര്‍ക്ക് വൈദ്യുതഷോക്ക് കൊടുത്താലോ?”ഓഫീസര്‍മാരിലൊരാള്‍ ചോദിച്ചു. കസേരയ്‌ക്കൊപ്പം സീലിങ് ഫാനില്‍ കെട്ടിത്തൂക്കാം. അപ്പോള്‍ അവര്‍ക്ക് കള്ളം പറയാന്‍ ധൈര്യം വരില്ല. മറ്റൊരാളുടെ ആക്രോശം ”അവരുടെ മകള്‍ ബാംഗ്ലൂരിലാണ്. നമുക്കവളെ പിടികൂടി ബലാല്‍സംഗം ചെയ്ത് പട്ടിക്കിട്ടുകൊടുക്കാം.” മറ്റൊരാളുടെ ഭീഷണി. ഉച്ചകഴിഞ്ഞ് മൂന്നുമണിയായിക്കാണും അപ്പോള്‍. എനിക്ക് നന്നായി വിശപ്പും ദാഹവും
തോന്നി. കൊച്ചിയില്‍നിന്ന് വിട്ടതിനുശേഷം പിന്നീട് ഞാനൊന്നും കഴിച്ചിരുന്നില്ല. കുറച്ചുകഴിഞ്ഞ് എനിക്കൊരു പൊതിച്ചോറു തന്നു. ഒറ്റനോട്ടത്തിലേ അറിയാം ഏതോ ഒരു താഴ്ന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയതാണെന്ന്. രുചി ഒട്ടും കൊള്ളില്ലെങ്കിലും ഞാനത് കഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞില്ല. വനിതാ പൊലീസിന്റെ നിര്‍ദേശമനുസരിച്ച് മുറിയിലെ ജനാല വഴി ഞാനത് പുറത്തേക്ക് കളഞ്ഞു. അവര്‍ മുഴുവന്‍ സമയവും എനിക്കൊപ്പമുണ്ടായിരുന്നു.

ബാത്‌റൂമില്‍ പോകുമ്പോള്‍ വാതിലടയ്ക്കാന്‍ അവര്‍ അനുവദിച്ചില്ല. അതിനു മുന്നില്‍ കാത്തുനിന്നു. അവര്‍ എനിക്ക് ശല്യമായിത്തോന്നിത്തുടങ്ങി. ബാത് റൂം വൃത്തികേടായിരുന്നു. വര്‍ഷങ്ങളായി അതു കഴുകിയിട്ടില്ലെന്ന് എനിക്കു തോന്നി. അതിന്റെ തറ അഴുക്കും മാലിന്യങ്ങളും നിറഞ്ഞതായിരുന്നു. 15 മിനിറ്റു കഴിഞ്ഞ് അവര്‍ വീണ്ടും വന്ന് ചില ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ ചിലത് പുതിയതായിരുന്നു…’

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വിധിയ്ക്കു ശേഷം ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

Comments are closed.