DCBOOKS
Malayalam News Literature Website

‘വിക്ടര്‍ കഫേ’; ഗ്രേസി എഴുതിയ കഥ

ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

കഥ:ഗ്രേസി 
വര:അരുണ നാരായണന്‍

ജീവിച്ചിരിക്കുന്ന പുരുഷന്മാരെ പ്രണയിക്കാന്‍ കൊള്ളുകയില്ല. അതുകൊണ്ടാണ് ഞാന്‍ മരിച്ചവരെ പ്രണയിക്കുന്നത്.

ഒരു കാപ്പിക്കട തുടങ്ങുകയെന്നത് എന്റെ ഏറ്റവും വലിയ മോഹമായിരുന്നു. ഒരു സാധാരണ കാപ്പിക്കടയില്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ലോകത്തിലെ പേരുകേട്ട കാപ്പിയൊക്കെയും എന്റെ കടയില്‍ കിട്ടണമെന്നും തീര്‍ച്ചപ്പെടുത്തിയിരുന്നു. പുറംനാട്ടില്‍ പണിയെടുത്തുണ്ടാക്കിയ പണംകൊണ്ട് രണ്ടും കല്പിച്ച് ഞാനൊരെണ്ണമങ്ങ് തുടങ്ങുകയും ചെയ്തു. നമ്മള്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നത് നമ്മളെത്തന്നെയായതുകൊണ്ട് ഞാനതിന് സ്വന്തം പേരു തന്നെയാണ് ചാര്‍ത്തിയത്. വിക്ടര്‍ കഫേ. പെണ്ണും പെടക്കോഴിയുമൊന്നും ഇല്ലാത്തതുകൊണ്ട് അതിലാര്‍ക്കും പരിഭവമില്ലായിരുന്നുതാനും. വിക്ടര്‍ കഫേ അത്ര വിശാലമൊന്നുമായിരുന്നില്ല. കൊച്ചിപോലൊരു നഗരത്തില്‍ അങ്ങനെയൊന്ന് തുടങ്ങാനുള്ള ആസ്തിയൊന്നും എനിക്കുണ്ടായിരുന്നില്ലെന്നും ഓര്‍ക്കണം.

ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തത് ഞാന്‍തന്നെയായിരുന്നു. പലപ്പോഴായി ശേഖരിച്ച മനോഹരമായ അഞ്ച് കളിമണ്‍ ഭരണികള്‍ ചുവരുകളില്‍ തുരന്നിറങ്ങിയ ചതുരങ്ങളില്‍ പ്രതിഷ്ഠിച്ച് ചാഞ്ഞും ചരിഞ്ഞും നോക്കി ഞാന്‍ ആത്മാവില്‍ നിറവുള്ളവനായി. കടയുടെ കട്ടിച്ചില്ലുവാതില്‍ തുറന്ന് അകത്തേക്ക് കാലെടുത്തു വയ്ക്കുന്ന ആരേയും ഓര്‍മ്മയിലേക്കോ മറവിയിലേക്കോ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലുള്ള ചായങ്ങളാണ് ഞാന്‍ ചുവരുകളില്‍ പൂശിയത്. ഒരു ചുവരിന്റെ മുകളില്‍നിന്ന് വളരെ പ്രസന്നമായ ഒരിളംനീലനിറം താഴേയ്ക്ക് പടര്‍ന്നിറങ്ങി ഗാഢമായിത്തീരുമ്പോഴേക്കും എന്തോ മറവിയിലാണ്ടുപോയ പലതും നിങ്ങള്‍ വീണ്ടെടുത്തു കഴിഞ്ഞിരിക്കും. മറ്റൊരു ചുവരിന്റെ താഴെനിന്ന് വിളറിയ ഒരു മഞ്ഞനിറം നിങ്ങള്‍ക്ക് വേണ്ടാത്ത ഓര്‍മ്മകള്‍ വാരിയെടുത്ത് മുകളിലേക്ക് പോകുന്തോറും ഇരുണ്ടുവരുന്ന മഞ്ഞയില്‍ മറയും. കാഷ്‌കൗണ്ടറൊരുക്കുന്നതിലാണ് ഞാന്‍ പിശുക്കില്ലാതെ ഭാവന ചെലവാക്കിയത്. അവിടെ മറ്റൊരുമല്ലല്ലോ ഇരിക്കുന്നത്. എന്റെ പിന്നിലെ ചുവരില്‍ കിട്ടാവുന്നതില്‍ മികച്ച മഴച്ചിത്രങ്ങളാണ് നിന്നുപെയ്യുന്നത്. ഇടവപ്പാതിയില്‍ മേഘങ്ങളുടെ തിരശ്ശീല വ
കഞ്ഞുമാറ്റി ഒരു മഴ തിമര്‍ത്ത് ഭൂമിയിലേക്ക് ഇറങ്ങിവരുമ്പോഴാണ് ഞാനും ഒപ്പംകൂടിയത്. മഴയുടെ വായ്ത്താരിയില്‍ വിസ്മയിച്ച് നിശ്ശബ്ദനായിപ്പോയ എന്നെ തലകീഴായി തൂക്കിപ്പിടിച്ച് ചന്തിയില്‍ ആഞ്ഞൊരടി തന്നാണ് ഡോക്ടര്‍ കരയിച്ചത്. പിന്നെ ആകാശത്ത് മഴയൊരുക്കം തുടങ്ങുമ്പോഴേക്കും കണ്ണുംകാതും തുറന്ന് വയ്ക്കുന്നത് എന്റെ ശീലമായി.

പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.