DCBOOKS
Malayalam News Literature Website

കുപ്രസിദ്ധ കുറ്റവാളി ‘വിക്കി ഗൗണ്ടര്‍’ കൊല്ലപ്പെട്ടു

ലുധിയാന; പഞ്ചാബിലെ കൊടുംകുറ്റവാളിയും ഗുണ്ടാസംഘാംഗവുമായ വിക്കി ഗൗണ്ടര്‍ എന്ന ഹര്‍ജീന്ദര്‍ സിംഗ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പഞ്ചാബ് രാജസ്ഥാന്‍ അതിര്‍ത്തിയിലെ ശ്രീഗംഗാനഗറിലാണ് ഏറ്റുമുട്ടലുണ്ടായത്. വിക്കിയുടെ അടുത്ത സഹായിയും 2016ലെ നാഭാ ജയില്‍ ആക്രമണത്തിന്റെ സൂത്രധാരനായ പ്രേമ ലഹോറിയയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ സുഖ്പ്രീത് സിംഗ് എന്ന കുറ്റവാളി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മറ്റൊരു കുറ്റവാളിയായ ലഖ്‌വിന്ദര്‍ സിംഗിനെ പൊലീസ് പിടികൂടി. 2016ല്‍ നാഭയിലെ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദികളെ മോചിപ്പിച്ച കേസിലെ സൂത്രധാരനാണ് ലഹോറിയ. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞദിവസം വൈകിട്ട് ശ്രീഗംഗാനഗറിലെ പാക്കി ഗ്രാമത്തില്‍ മറ്റൊരു ഗുണ്ടാത്തലവന്റെ വീട്ടില്‍ വിക്കിയും ലഹോറിയും എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തിയത്. വിവരം സത്യമാണെന്ന് ഉറപ്പാക്കിയ പൊലീസ് വീട് വളയുകയായിരുന്നു. ഉടന്‍ തന്നെ സംഘം പൊലീസിനു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് രൂക്ഷമായ വെടിവയ്പാണ് നടന്നത്. വിക്കിയെ വീടിനുള്ളില്‍ വച്ച് തന്നെ വധിച്ചു.

അതിസുരക്ഷയുള്ള നാഭാ ജയില്‍ ആക്രമണത്തോടെയാണ് വിക്കി പഞ്ചാബ് പൊലീസിന്റെ നോട്ടപ്പുള്ളിയായത്.

Comments are closed.