DCBOOKS
Malayalam News Literature Website

ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലത്തിന് ആദരാഞ്ജലികള്‍

പത്തനംതിട്ട: സിനിമാസംവിധായകനും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായിരുന്ന അന്തരിച്ച ജോണ്‍ ശങ്കരമംഗലത്തിന് (84) ആദരാഞ്ജലികള്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അദ്ദേഹം രണ്ട് തവണ ദേശീയ പുരസ്‌കാരവും നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ സ്വദേശിയായ അദ്ദേഹം പരീക്ഷണചിത്രങ്ങളിലൂടെയാണ് ചലച്ചിത്ര ലോകത്ത് എത്തുന്നത്. ചങ്ങനാശ്ശേരി എസ്.ബി കോളെജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 19-ാം വയസ്സില്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി ജോലിക്ക് കയറി. പിന്നീട് ഈ ജോലി രാജി വെച്ച് 1962-ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു തിരക്കഥയെഴുത്തിനും സംവിധാനത്തിനും ഒന്നാം റാങ്കോടെ ഡിപ്ലോമ നേടി.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ നടനും നാടക സംവിധായകനുമായിരുന്നു. തമിഴ്‌നാട് ടാക്കീസിന്റെ ജയശ്രീ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കഥയെഴുതിയാണ് സിനിമാരംഗത്തു വന്നത്. അവളല്‍പം വൈകിപ്പോയി, സമാന്തരം, ജന്മഭൂമി എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഫിലിം ഡിവിഷനും സംസ്ഥാന സര്‍ക്കാരിനും വേണ്ടി നിരവധി ഡോക്യുമെന്ററികള്‍ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Comments are closed.