മലയാറ്റൂര്‍ രാമകൃഷ്ണന്റെ പ്രശസ്ത നോവല്‍ ‘വേരുകള്‍’
1967-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായ നോവലാണ് മലയാറ്റൂര്‍ രാമകൃഷ്ണന്റെ വേരുകള്‍. ആത്മകഥാസ്പര്‍ശമുള്ള ഈ കൃതി മലയാറ്റൂരിന്റെ ഏറ്റവും മികച്ച കൃതികളിലൊന്നായി പൊതുവില്‍ വിലയിരുത്തപ്പെടുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വേരുകള്‍ എന്ന നോവലിന്റെ 51-ാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
കേരളത്തിലുള്ള ഒരു തമിഴ് അയ്യര്‍ കുടുംബത്തിന്റെ കഥയാണ് വേരുകള്‍ പറയുന്നത്. ദൈന്യത മുറ്റിനിന്ന ജീവിതസാഹചര്യത്തില്‍ വളര്‍ന്ന്, ഐ.എ.എസ് നേടി സൗഭാഗ്യങ്ങളില്‍ എത്തിച്ചേര്‍ന്ന രഘുവാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. സമ്പന്നന്റെ മകളായ ഗീതയെ വിവാഹം കഴിച്ചതോടെ തന്റെ കീഴടങ്ങലിന് തുടക്കം കുറിച്ചു എന്ന സത്യം വേദനയോടെ രഘു മനസ്സിലാക്കുന്നു. നഗരത്തില്‍ തനിക്കും കുടുംബത്തിനും താമസിക്കാന്‍ ഒരു വലിയ സൗധം പണിതുയര്‍ത്താന്‍ പണം ശേഖരിക്കുന്നതിനു വേണ്ടി തന്റെ വസ്തുക്കള്‍ വില്‍ക്കാന്‍ രഘു നാട്ടിലേക്ക് പോകുന്നു. തന്റെ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പൂര്‍ണ്ണമനസ്സോടെയല്ലെങ്കിലും രഘു വസ്തുക്കള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ നാട്ടില്‍ വളരെക്കാലത്തിനു ശേഷം എത്തുന്ന അയാളുടെ മനസ്സിലേക്ക് പഴയകാല ഓര്‍മ്മകള്‍ കടന്നുവരുന്നു. ഒടുവില്‍ മനുഷ്യര്‍ക്കും മരങ്ങള്‍ക്കും വേരുകള്‍ മണ്ണിലാണ് എന്ന സത്യം മനസ്സിലാക്കിയ അയാള്‍ ഒന്നിനും വേണ്ടി തന്റെ വസ്തുക്കള്‍ വില്‍ക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തിരികെ മടങ്ങുന്നു.
നോവലിനെ കുറിച്ച് നിരൂപകനായ പികെ രാജശേഖരന്‍ കുറിയ്ക്കുന്നത് ഇപ്രകാരമാണ്.
“ഭൂത-വര്‍ത്തമാനങ്ങള്‍ ഒരേ ആഖ്യാന പ്രവാഹത്തില്‍ ഇണക്കി ആഖ്യാനകാലത്തെ വിച്ഛിന്നമാക്കുകയാണ് വേരുകളില്‍ മലയാറ്റൂര്‍. വേരുകള്‍ ഭൂതകാലവും ഓര്‍മ്മയുമാണ്. രഘുവിന്റെ ഓര്‍മ്മകള്‍ ഭൂതകാലത്തിലേക്ക് നീങ്ങുന്നു. ഗ്രാമത്തിലെ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന സംഘര്‍ഷമാണ് വേരുകളില്‍ നോവലിസ്റ്റ് ആവിഷ്‌ക്കരിക്കുന്ന പ്രധാന പ്രശ്‌നം. പൈതൃകമാണ് ഇവിടെ ഭൂതകാലം. വേരുകള്‍ മനുഷ്യനും മരണത്തിനുമിടയിലാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് വീടും പറമ്പും വില്‌ക്കേണ്ട എന്ന് രഘു തീരുമാനിക്കുന്നത്.”
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാറ്റൂര്‍ രാമകൃഷ്ണന്റെ മുഴുവന്‍ കൃതികളും വായിയ്ക്കാം
Comments are closed.