ആരാണ് അന്ധവിശ്വാസി?
കേരള സമൂഹത്തിലും മലയാളിമനസ്സിലും ആഴത്തില്‍ വേരോടിയിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അബദ്ധധാരണകളെയും അനാവരണം ചെയ്യുന്ന കൃതിയാണ് വെളിച്ചപ്പാടിന്റെ ഭാര്യ. ചാത്തനും മറുതയും ആള്‍ദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും നിറഞ്ഞാടുന്ന ഈ സമൂഹത്തിന് ഒരു തിരിച്ചുപോക്കിന് പ്രേരണ നല്‍കാന്‍ ഈ പുസ്തകത്തിന് സാധിക്കും. സി രവിചന്ദ്രന്‍ എഴുതിയ പതിനാലാമത് പുസ്തകമാണ് വെളിച്ചപ്പാടിന്റെ ഭാര്യ.
പുസ്തകത്തിൽ നിന്നും ഒരു ഭാഗം
എന്താണ് അന്ധവിശ്വാസം? വിശ്വാസം എന്ന വാക്കിന് പല തലങ്ങളും അര്‍ത്ഥഭേദങ്ങളുമുണ്ട്. പൂര്‍ണ്ണമായോ ഭാഗികമായോ തെളിയിക്കപ്പെടാത്ത ബോധ്യങ്ങളാണവ. ആ അര്‍ത്ഥത്തില്‍ എല്ലാ വിശ്വാസങ്ങളും അന്ധമാണ്. അപ്പോള്‍പ്പിന്നെ എന്തിനാണ് അന്ധവിശ്വാസങ്ങള്‍ എന്നൊരു പ്രത്യേക വിഭാഗം? സൂര്യനും അന്തരീക്ഷവായുവും യാഥാര്‍ത്ഥ്യമാണെന്നോ ഇലക്‌ട്രോണ്‍ ഉണ്ടെന്നോ വിശ്വസിക്കേണ്ട കാര്യമില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും അവയൊക്കെ സാധുവാണ്. വിശ്വസിക്കുന്നത് അവസാനിപ്പിച്ചാലും നിലനില്‍ക്കുന്നവയെ ആണ് വസ്തുത, യാഥാര്‍ത്ഥ്യം എന്നൊക്കെ വിളിക്കുന്നത്.Reality is something that continues to exist even when you cease to believe. സൂര്യനും അന്തരീക്ഷവുമൊക്കെ വസ്തുതകളാണ്. ദൈവവും പ്രേതവും അല്ല. സങ്കല്‍പ്പിക്കുന്നത് നിര്‍ത്തിയാല്‍ അവ നിലനില്‍ക്കില്ല എന്നതാണ് കാരണം. ദൈവവും മനുഷ്യനും എന്നെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ അത്ഭുതാദരങ്ങളോടെ ഇരുവരും ”എന്റെ സ്രഷ്ടാവേ…!” എന്നു പരസ്പരം വിളിച്ചു വിതുമ്പാതിരിക്കാന്‍ കാരണമൊന്നുമില്ല!
സമൂഹം നിറയെ അന്ധവിശ്വാസികളാണെങ്കിലും അന്ധവിശ്വാസികള്‍ എന്ന വിളിപ്പേര് പൊതുവേ ആരും ആസ്വദിക്കുന്നില്ല. ‘വിശ്വാസങ്ങള്‍’ ഇല്ലാത്ത ആരുമില്ലെന്നിരിക്കെ ‘അന്ധവിശ്വാസികള്‍’ ആരാണ്? അന്ധവിശ്വാസത്തെ എതിര്‍ ക്കുന്നവരും അന്ധവിശ്വാസികളല്ലേ…?! വിമാനം പറക്കുമെന്നും കപ്പല്‍ മുങ്ങില്ലെന്നുമുള്ള അന്ധമായ വിശ്വാസമല്ലേ യാത്രക്കാര്‍ക്കുള്ളത്? ആരും വിഷം കലര്‍ത്തിയിട്ടുണ്ടാവില്ല എന്ന് അന്ധമായി വിശ്വസിക്കാതെ എങ്ങനെ ഒരു നാരങ്ങവെള്ളം വാങ്ങിക്കുടിക്കാനാവും? എല്ലാം സ്വന്തംനിലയില്‍ തെളിയിച്ചിട്ടാണോ വിശ്വസിക്കുന്നത്? സൂര്യന്‍ നക്ഷത്രമാണെന്ന് വിശ്വസിക്കുന്ന ആരെങ്കിലും സൂര്യനില്‍ പോയി അത് തെളിയിച്ചിട്ടുണ്ടോ? എന്നൊക്കെ ചോദിക്കുന്നവരുണ്ട്.
ആദ്യ വിമാനത്തില്‍ റൈറ്റ് സഹോദരന്‍മാര്‍ പറന്നതുപോലും അന്ധമായ വിശ്വാസത്തിന്റെ ബലത്തിലായിരുന്നില്ല. പല രൂപത്തിലുള്ള മുന്നൊരുക്കങ്ങള്‍ക്കും പരീക്ഷണപറക്കലുകള്‍ക്കും ശേഷമാണ് ആദ്യയാത്രപോലും സംഘടിപ്പിക്കപ്പെട്ടത്. വിമാനയാത്രയ്ക്ക് പിന്നിലെ സാങ്കേതികവിദ്യയും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യതകളും മനുഷ്യന്‍ പഠിച്ചറിഞ്ഞിട്ടുണ്ട്. നിര്‍ദ്ദിഷ്ട ഉപാധികള്‍ പാലിക്കുന്ന ഒരു വിമാനം പറക്കുമോ ഇല്ലയോ, എത്രനേരം പറക്കും എന്നൊക്കെ വസ്തുനിഷ്ഠമായി പരീക്ഷിച്ചറിയാം. അതായത് അസത്യവല്‍ക്കരണക്ഷമതയുള്ള അവകാശവാദമാണത്. ഭിന്ന സാഹചര്യങ്ങളില്‍ വിജയകരമായി പറന്നതിന്റെ ആവര്‍ത്തിക്കപ്പെട്ട തെളിവുകളും ലഭ്യമാണ്. അവ കണക്കിലെടുത്തും പലവിധ മുന്‍കരുതലുകള്‍ സ്വീകരിച്ചുമാണ് വിമാനയാത്ര. സ്വാഭാവികമായും വിമാനയാത്ര യുടെ കാര്യത്തില്‍ അന്ധവിശ്വാസം എന്ന വാക്ക് സ്വീകാര്യമല്ല.
Comments are closed.