DCBOOKS
Malayalam News Literature Website

വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു

ചരിത്രകാരനായ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ നിന്ന് വേലായുധന്‍ പണിക്കശ്ശേരി എന്ന ചരിത്രകാരന്‍ പതിറ്റാണ്ടുകൾക്ക് മുന്‍പ് തുടങ്ങിയ ചരിത്രപഠനം മരണം വരെയും തുടര്‍ന്നു. ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്‌ലോർ, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരളത്തിലെ രാജവംശങ്ങള്‍, ചരിത്രത്തിന്റെ അടിവേരുകള്‍, കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍, സഞ്ചാരികള്‍ കണ്ട കേരളം, പ്രാചീന കേരളത്തിന്റെ വാണിജ്യ ബന്ധങ്ങള്‍, കേരളചരിത്രം, കൊച്ചിരാജ്യചരിത്രം, കേരള ചരിത്രം-കേരള സംസ്ഥാന രൂപീകരണം വരെ തുടങ്ങി അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും സമഗ്രസംഭാവനയ്ക്ക് കേരളസാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. വി.എസ്. കേരളീയൻ അവാർഡും പി.എ. സെയ്ദ് മുഹമ്മദ് സ്മാരക അവാർഡ്, എൻ.കെ. ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠന കേന്ദ്രം അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് അർഹനായി. കേരള-കാലിക്കറ്റ്-മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റികളിൽ പത്തോളം പുസ്തകങ്ങൾ പാഠപുസ്തകങ്ങളായി അംഗീകരിച്ചിരുന്നു. ചില പുസ്തകങ്ങൾ ഹിന്ദിയിലേക്കും തമിഴിലേക്കും ഇംഗ്ലിഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. ആർക്കിയോളജി സ്റ്റേറ്റ് അഡ്‌വൈസറി ബോർഡിലും അംഗമായിരുന്നു. വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വം വഹിച്ചിട്ടുണ്ട്. ‘താളിയോല’ എന്ന ഗവേഷണ മാസിക പ്രസിദ്ധപ്പെടുത്തിയിരുന്നു.  കേരളചരിത്രത്തിന്റെ സൂക്ഷ്മമായ ഗതിവിഗതികള്‍ യഥാതഥമായി അവതരിപ്പിക്കുന്ന നിരവധി ചരിത്രകൃതികള്‍ അദ്ദേഹം മലയാളത്തിന് നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമൊക്കെ പ്രയോജനപ്പെടുന്നവിധത്തിലാണ് അദ്ദേഹം ചരിത്രപുസ്തകങ്ങള്‍ തയ്യാറാക്കിയത്.

കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെക്കാന്‍ പ്രദേശത്തിന്റെ പ്രാചീന നാഗരിക ചരിത്രം കണ്ടെടുത്തതാണ് വേലായുധന്‍ പണിക്കശ്ശേരിയുടെ മികച്ച സംഭാവനകളില്‍ പ്രധാനം. നാഗരികതയുടെയും സംസ്‌കാരത്തിന്റെയും പ്രവാഹം വടക്കുനിന്ന് തെക്കോട്ട് മാത്രമാണെന്ന മുന്‍ധാരണകളെ തിരുത്തുന്നതായിരുന്നു ഈ കണ്ടെത്തല്‍. മഹാശിലായുഗത്തില്‍ തന്നെ മനുഷ്യവംശം വാസമുറപ്പിച്ചിരുന്ന പ്രദേശമായിരുന്നു ഡെക്കാന്‍ എന്ന് അദ്ദേഹം തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നു. വേദങ്ങളുടെ തമിഴ് ബന്ധത്തെക്കുറിച്ചും വേലായുധന്‍ പണിക്കശ്ശേരി നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്.

വേലായുധന്‍ പണിക്കശ്ശേരിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.