അരങ്ങില്‍ അഗ്നിയായി ‘വീണ്ടും ഭഗവാന്റെ മരണം’
ആവിഷ്‌കാരസ്വാതന്ത്ര്യം മുഖ്യചര്‍ച്ചാവിഷയമാകുന്ന കെ.ആര്‍ മീരയുടെ പ്രശസ്ത ചെറുകഥ ‘ഭഗവാന്റെ മരണ‘ത്തെ മുന്‍നിര്‍ത്തി കനല്‍ സാംസ്‌കാരികവേദി അവതരിപ്പിച്ച നാടകം വീണ്ടും ഭഗവാന്റെ മരണം ശ്രദ്ധേയമായി. അഞ്ചാമത് കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് മുന്നോടിയായി ഇന്നലെ വൈകിട്ട് കോഴിക്കോട് കടപ്പുറത്തുവെച്ചായിരുന്നു നാടകാവതരണം.
ഭഗവദ് ഗീതയെ നിന്ദിച്ച പ്രൊഫ.ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍ മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളുമാണ് കെ.ആര്‍ മീര ഭഗവാന്റെ മരണം എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്. 2015-ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് വീണ്ടും ഭഗവാന്റെ മരണം എന്ന നാടകം. നിരവധി വേദികളില്‍ കൈയടി നേടിയിട്ടുള്ള ഈ നാടകാവിഷ്കാരം ഹസീം അമരവിളയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്.ദുര്‍ഗ എന്ന സിനിമയിലെ പ്രധാനകഥാപാത്രമായെത്തിയ കണ്ണന്‍ നായരാണ് കേന്ദ്രകഥാപാത്രമായ അമരയെ അവതരിപ്പിച്ചത്. സനല്‍കുമാറിന്റെ ഒഴിവുദിവസത്തെ കളി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുണ്‍ നായരാണ് ബസവപ്പയായെത്തിയത്. ആനന്ദ് മന്മഥന്‍, രെജു ആര്‍.നായര്‍, ചിഞ്ചു കെ.ഭവാനി, രേഷ്മ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്.
Comments are closed.