DCBOOKS
Malayalam News Literature Website

‘വീണ്ടും ആമേന്‍’ സിസ്റ്റര്‍ ജെസ്മി അനുഭവങ്ങള്‍ തുറന്നെഴുതുന്നു…

കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്‍മാര്‍ഗ്ഗിക പ്രവണതകളെയും വിശ്വാസജീര്‍ണ്ണതയേയും ആമേന്‍ എന്ന ആത്മകഥയിലൂടെ നിശിതമായി വിമര്‍ശിച്ച സിസ്റ്റര്‍ ജെസ്മിയുടെ ഏറ്റവും പുതിയ കൃതിയാണ് വീണ്ടും ആമേന്‍. സഭയിലും സമൂഹമധ്യത്തിലും ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ എന്ന കൃതിയുടെ തുടര്‍ച്ചയാണ് വീണ്ടും ആമേന്‍. സഭയ്ക്കുള്ളിലെയും പുറത്തെയുമുള്ള കന്യാസ്ത്രീ ജീവിതത്തെയും അഴിമതികളെയും കുറിച്ച് തുറന്നെഴുകയാണ് സിസ്റ്റര്‍ ജെസ്മി ഈ കൃതിയിലൂടെ.

51-ാമത്തെ വയസ്സില്‍ താന്‍ വിശ്വസിച്ച സഭാസമൂഹത്തില്‍ നിന്നും ജെസ്മി പടിയിറങ്ങുമ്പോള്‍ കൂട്ടിനുണ്ടായിരുന്നത് അചഞ്ചലമായ ധൈര്യവും ശുഭാപ്തിവിശ്വാസവും മാത്രമായിരുന്നു. കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സമകാലിക സംഭവങ്ങളെ കൂട്ടിച്ചേര്‍ത്തു വായിയ്ക്കുമ്പോള്‍ സിസ്റ്റര്‍ ജെസ്മിയുടെ വാക്കുകള്‍ ഏറെ പ്രസക്തമാവുകയാണ്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വീണ്ടും ആമേന്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

വീണ്ടും ആമേന്‍ എന്ന കൃതിയില്‍ സിസ്റ്റര്‍ ജെസ്മി എഴുതുന്നു

‘സോളിറ്ററി റീപ്പര്‍’ എന്ന കവിതയില്‍ ആംഗലേയ കവി വേര്‍ഡ്‌സ്‌വര്‍ത്ത് ഏകാകിനിയായ ഒരു പെണ്‍കുട്ടിയെ ഓര്‍ത്ത് വിലപിക്കുന്നുണ്ട്. ‘ഒറ്റയ്‌ക്കൊരു മൈന’യെക്കണ്ടാല്‍ വിരഹത്തിന്റെയും വിലാപത്തിന്റെയും അടയാളമായാണ് സമൂഹം വ്യാഖ്യാനിക്കാറുള്ളത്. ഈ അത്യാധുനിക കാലഘട്ടത്തിലും ‘ഒറ്റയ്ക്ക് ഒരു സ്ത്രീ’ എന്നത് അത്ര ശുഭലക്ഷണം ആകണം എന്നില്ല. ‘മച്ചിയോ’ വിധവയോ ആയ ഒരു സ്ത്രീ മുന്നില്‍ വന്നു നിന്നാല്‍ അത് പലര്‍ക്കും അനിഷ്ടകരമാണ്. സ്വന്തം കുഞ്ഞിനെ മച്ചിയായ സ്ത്രീക്ക് കൈമാറാന്‍ ചില അമ്മമാര്‍ വിസമ്മതിക്കുന്നതു കാണാം. പെരുമാള്‍ മുരുകന്റെ ‘അര്‍ദ്ധനാരീശ്വരന്‍’ എന്ന നോവലിലെ നായിക അത്തരം ഒരു ദുഃഖത്തിലൂടെ കടന്നുപോകുന്നുണ്ടല്ലോ. എന്റെ അയല്‍ഫ്ളാറ്റിലെ കുഞ്ഞിനെ എന്നെ ഏല്പിച്ച് മാതാപിതാക്കള്‍ യാത്രയ്ക്കു പോകുമ്പോള്‍ പ്രസവിക്കാത്ത ഞാന്‍ കുഞ്ഞിനെ നോക്കുന്നതില്‍ മനസ്സിന് ഭാരമുണ്ടോ എന്നൊരിയ്ക്കല്‍ ഞാന്‍ അവരോടു ചോദിയ്ക്കുകയുണ്ടായി. ‘സിസ്റ്റര്‍ വിവാഹിതയല്ല എന്നല്ലേ ഉള്ളൂ. മച്ചിയൊന്നും അല്ലല്ലോ’ എന്നാണ് അവര്‍ പങ്കുവെച്ച ആശ്വാസവചസ്സുകള്‍…ഒരു സ്ത്രീ വിധവയോ, അവിവാഹിതയോ, പ്രസവിക്കാത്ത മച്ചിയോ ആയിക്കൊള്ളട്ടെ, അത് അവളുടെ തെറ്റാണെന്ന് വിധിക്കാന്‍ കഴിയില്ലല്ലോ.മുള്ളിനല്ല ഇലയ്ക്കാണല്ലോ എക്കാലവും കേട്. ഇത്തരം തെറ്റിദ്ധാരണകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും പരിഷ്‌കൃതസമൂഹം ഇന്നും വിമുക്തരായിട്ടില്ല എന്നത് ഖേദകരം തന്നെ.

ഏകാകിനിയായി ജീവിക്കുന്ന സ്ത്രീയെ സദാ വീക്ഷിക്കുന്ന സമൂഹത്തെ അഥവാ സദാചാരനിരീക്ഷകരെ എപ്പോഴും എവിടെയും കാണാം. അവളെ സംരക്ഷിക്കാനുള്ള ശ്രദ്ധയോടെയാണ് ഇത്തരം നീക്കങ്ങള്‍ എങ്കില്‍ അത് എത്രയോ ആശ്വാസകരമാണ്. അത്തരം നല്ല മനുഷ്യരും ഇല്ലെന്നില്ല. ഭര്‍ത്താവ് വിദേശത്തായതുകൊണ്ടോ അന്തരിച്ചുപോയതുകൊണ്ടോ അതുമല്ലെങ്കില്‍ വിവാഹമോചനം നേടി പോയതുകൊണ്ടോ ഒറ്റയ്ക്കു താമസിക്കേണ്ടി വരുന്ന സ്ത്രീകള്‍ സമൂഹത്തില്‍ ധാരാളം ഉണ്ട്. അവിവാഹിതയായി തുടരുന്ന സ്ത്രീകളും ഉണ്ടാകാം. എന്നപ്പോലെ വിരളമായി സന്ന്യാസമഠം ഉപേക്ഷിച്ച് തനിച്ചു ജീവിക്കുന്നവരും കാണുമല്ലോ. അവരെയെല്ലാം ലൈംഗികച്ചുവയോടെ സമീപിക്കുന്ന പുരുഷന്‍മാര്‍ മൂലം വളരെയേറെ വിഷമിക്കുന്നവര്‍ ഉണ്ടെന്നത് പരസ്പരം അനുഭവങ്ങള്‍ കൈമാറിയതിലൂടെ എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സമാന അനുഭവങ്ങള്‍ ചുറ്റും ഉണ്ടെന്നത് ഒരു തരത്തില്‍ ആശ്വാസം തരുന്ന വസ്തുതയാണ്. അത്തരത്തിലുള്ള എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുകയാണ്.

സന്യാസവസ്ത്രം മാറ്റിയതിനു ശേഷം വസ്ത്രധാരണം എനിക്ക് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. സാരിയുടുക്കുമ്പോള്‍ മാറിടം മറയ്ക്കാന്‍ ഞൊറിയുന്നത് ശരിയാകാതെ മണിക്കൂറുകള്‍ ഞാന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ബസ്സിലോ ട്രെയിനിലോ കയറുമ്പോള്‍ സാരി അല്പം നീങ്ങിപ്പോയാല്‍ അവിടേയ്ക്കു തുറിച്ചുനോക്കുന്ന കണ്ണുകള്‍ എന്നെ അലോസരപ്പെടുത്തി. ചുരിദാര്‍ ധരിക്കുമ്പോള്‍ നെഞ്ചുഭാഗം പൊതിയാന്‍ ഷോള്‍ ചുരുക്കിയിടുന്നത് കാറ്റത്ത് നീങ്ങിലായാലുള്ള തുറിച്ചുനോട്ടവും എനിക്ക് അസഹ്യമായി. ഒടുവില്‍ ഞാന്‍ ഒരു തീരുമാനത്തിലെത്തി. സാരിയും ഷോളും ഉപേക്ഷിച്ച് കുര്‍ത്ത ധരിക്കാന്‍ തുടങ്ങി. പ്രായമേറിയ എന്റെ മാറിടം അവര്‍ക്ക് കണ്ടു കണ്ടു മടുക്കട്ടെ…അങ്ങനെയെങ്കിലും അത്തരക്കാരുടെ അസുഖം മാറട്ടെ…

‘വീണ്ടും ആമേന്‍’ തുടര്‍ന്ന് വായിയ്ക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.