DCBOOKS
Malayalam News Literature Website

കുറഞ്ഞ ചിലവില്‍ സ്വപ്‌നഗൃഹം പണിതുയര്‍ത്താം

സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നത് എല്ലാവരുടെയും ഒരു വലിയ സ്വപ്നമാണ്. അതേസമയം, എല്ലാവരെക്കൊണ്ടും ഒരു വീടു നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഭവനനിര്‍മ്മാണരംഗത്തെ ഭീമമായ ചെലവും ബുദ്ധിമുട്ടും കാരണം പലര്‍ക്കും ഇന്ന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച്, സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും. വീടുകള്‍ വെറും കെട്ടിടങ്ങളല്ല. വീണ്ടും വീണ്ടും ഓരോരുത്തരേയും ക്ഷണിക്കുന്ന ഒരിടവും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റെ താവളവുമാണ്. അതിനാല്‍ തന്നെ ഒരു വീട് നിര്‍മിക്കുമ്പോള്‍ സാങ്കേതികമായും ശാസ്ത്രീയമായും യുക്തിസഹമായും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അത് അസ്തിവാരംതൊട്ട് മിനുക്കുപണിവരെ വ്യാപിച്ചു കിടക്കുന്നു.

ഇന്ന് വീട് വയ്ക്കാന്‍ പറ്റിയ സ്ഥലങ്ങളും കിട്ടാറില്ല. ഉള്ളതാകട്ടെ പരിമിതമായ സ്ഥലങ്ങളുമാണ്. അപ്പോള്‍ ആ സ്ഥലത്തിന് ഇണങ്ങിയ വീടുവയ്ക്കുകയാണ് പതിവ്. എന്നാലും നമ്മുടെ സ്വപ്‌നഭവനത്തെക്കുറിച്ച് ഒരു സങ്കല്പമൊക്കെയുണ്ട് നമുക്ക്. ഏറ്റവും മികച്ച പ്ലാനുകളും സൗകര്യങ്ങളുമാണ് ഓരോരുത്തരും സ്വപ്‌നം കാണുന്നത്. വിസ്തീര്‍ണ്ണം കുറഞ്ഞ സ്ഥലത്ത് അത് ങ്ങനെ പണിയാം എന്നതാണ് ചിന്തിക്കേണ്ടത്. അങ്ങനെ ചിന്തയില്‍ മുഴുകിയിരിക്കുന്നവര്‍ക്കുള്ള സഹായകഗ്രന്ഥമാണ് വീടുപണിയാന്‍ 50 പ്ലാനുകള്‍ എന്ന പുസ്തകം.

രണ്ടു സെന്റ് മുതല്‍ 15 സെന്റ് സ്ഥലംവരെയുള്ളിടത്ത് എങ്ങനെ, ഏതുതരത്തില്‍ വീടുനിര്‍മ്മിക്കാം എന്ന് കാട്ടിത്തിരുന്നു ഈ പുസ്തകം. ഒപ്പം നമ്മുടെ സ്വപ്‌നസങ്കല്പങ്ങളനുസരിച്ചുള്ള വീടിന്റെ മനോഹരമായ രൂപരേഖകളും വിവരണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരുനിലവീടും ഇരുനില വീടുമൊക്കെയുള്ള മനോഹരഭവനങ്ങളുടെ പ്ലാനുകളാണ് ഇതിലുള്ളത്. കൂടാതെ വീട് പണിയുന്നതിനുമുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം, നിയമവ്യവസ്ഥകള്‍, വാസ്തു തുടങ്ങി എല്ലാകാര്യങ്ങളും വിശദീകരിച്ചിരിക്കുന്നു.

ഷാഡോ എന്ന ആര്‍ടെക്ചര്‍ സ്ഥാപനത്തിന്റെ ഉടമയും ആര്‍കിടെക്ടുമായ ദിലീപ് മണിയേരിയാണ് വാസ്തുശാസ്ത്രപ്രകാരം ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

 

Comments are closed.