DCBOOKS
Malayalam News Literature Website

സ്വയം കണ്ടെത്തലാണ് യഥാര്‍ത്ഥ വഴി: ഓഷോ

ഓരോ വ്യക്തികള്‍ക്കും ബോധോദയത്തിലേക്കുള്ള പാത വ്യത്യസ്തമാണ്. എങ്കിലും അതിലേക്കെത്തുന്നതിനായുള്ള പടികള്‍ പൊതുവായുണ്ട്. ആ പടികള്‍ എന്തെല്ലാമെന്നു വിശദീകരിക്കുകയാണ് ധ്യാനഗുരുവായ ഓഷോ തന്റെ ശിഷ്യരോട്. ഒരാള്‍ക്കായി പറയുന്നത് മറ്റൊരാള്‍ക്കുള്ളതല്ല എന്നും മറ്റൊരാളോട് തീര്‍ത്തും വിരുദ്ധമായ രീതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചേക്കാമെന്നും അതുകൊണ്ട് തന്നെ സ്വയം കണ്ടെത്തലാണ് യഥാര്‍ത്ഥ വഴിയെന്നും അദ്ദേഹം പറയുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ ശിഷ്യന്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഓഷോ നടത്തിയ പ്രഭാഷണങ്ങളാണ് വേദാന്തം-സമാധിയിലേക്കുള്ള ഏഴു പടികള്‍ എന്ന കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി സ്വാമി ധ്യാന്‍ ജാഗ്രണ്‍ ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

ഈ കൃതിക്കായി സ്വാമി ധ്യാന്‍ ജാഗ്രണ്‍ എഴുതിയ ആമുഖം വായിയ്ക്കാം

ഹക്‌സ്‌ലി എന്ന യൂറോപ്യന്‍ ചിന്തകനെക്കുറിച്ച് ഒരു കഥയുണ്ട്. ഒരിക്കല്‍ അദ്ദേഹം ഒരു പ്രസംഗത്തിന് ക്ഷണിക്കപ്പെട്ടു. അദ്ദേഹം കാറില്‍ ഉപവിഷ്ടനായി. ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട് വേഗത്തില്‍ ഓടിക്കാന്‍ തുടങ്ങി. നഗരത്തിലേക്കാണ് അദ്ദേഹം ആദ്യം പോകാറുള്ളത്. ഡ്രൈവര്‍ കാര്‍ കൂടുതല്‍ വേഗത്തില്‍ വിട്ടു. ‘കാര്‍ കുറച്ചുകൂടി വേഗത്തില്‍ ഓടിയ്ക്കൂ.’ ഹക്‌സ്‌ലി പറഞ്ഞു. കാര്‍ അതിവേഗത്തില്‍ കുറേ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ ചോദിച്ചു.’ എങ്ങോട്ടാണു സാര്‍ ?’

ഹക്‌സ്‌ലി പൊടുന്നനെ ഉറക്കമുണര്‍ന്ന പോലെ പറഞ്ഞു. ‘അതു ഞാന്‍ മറന്നു.എന്നാല്‍ താന്‍ സ്പീഡു കുറയ്‌ക്കേണ്ട.’ ‘അഡ്രസില്ലാതെ എന്തിനാണു സാര്‍ ഈ വേഗത?’ ‘ശ്ശോ, ഞാനതങ്ങു മറന്നു. വേഗത്തില്‍ നീങ്ങി ശീലിച്ചതു കൊണ്ടു വേഗതയെക്കുറിച്ചു മാത്രമേ ഞാന്‍ ഓര്‍ത്തുള്ളൂ. ലക്ഷ്യത്തെക്കുറിച്ചു ഞാന്‍ പൊടുന്നനെ മറന്നു!’

ഇതാണു നമ്മുടെ ജീവിതം. മനുഷ്യന്‍ തിരക്കു പിടിച്ച് ഓടിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ വേഗതയേറിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നു. ഒന്നിനും സമയമില്ല.എന്നാല്‍ എങ്ങോട്ടേയ്ക്കാണ് ഈ യാത്രയെന്ന് അറിയാതെയാണ് ഈ ഓട്ടം. ഈ ഓട്ടത്തിനിടയില്‍ ഒരു നിമിഷം നില്‍ക്കുവാനും ചിന്തിക്കുവാനും തയ്യാറാവുക. എന്താണീ ജീവിതത്തിന്റെ ലക്ഷ്യം? എന്താണിതിന്റെ അര്‍ത്ഥം?

ഡ്രൈവര്‍ ചോദിച്ച അതേ ചോദ്യം നാം നമ്മോടുതന്നെ ചോദിക്കണം: ‘ അഡ്രസ് അറിയാതെ എന്തിനാണ് സാര്‍ ഈ വേഗത!’

നാം ജീവിതമെന്നു വിളിക്കുന്ന, പുറമെ ജീവിതമെന്നു തോന്നിക്കുന്ന തിരക്കുപിടിച്ച ഓട്ടമല്ല യഥാര്‍ത്ഥ ജീവിതമെന്നു കണ്ടെത്തിയ മനുഷ്യര്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ജീവിതത്തില്‍ നാം വലുതെന്നു കരുതി അള്ളിപ്പിടിച്ചുകൊണ്ടിരിക്കുന്നവ, യഥാര്‍ത്ഥത്തില്‍ വലുതല്ലെന്നും നാം നമ്മുടേതെന്നു കരുതുന്നവയൊന്നും യഥാര്‍ത്ഥത്തില്‍ നമ്മുടെയല്ലെന്നും ഉള്ള തിരിച്ചറിവു നല്‍കാന്‍ ശേഷിയുള്ള മനുഷ്യര്‍ ഈ ഭൂമിയില്‍ വന്നിട്ടുണ്ട്.

നാം സത്യമെന്നു കരുതുന്ന പലതും നമ്മുടെ മനസ്സിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും നാം എത്ര വഴികളിലൂടെ സഞ്ചരിച്ചാലും എത്ര വേഗത്തില്‍ നീങ്ങിയാലും ലക്ഷ്യമറിയില്ലെങ്കില്‍ എവിടെയും എത്തിച്ചേരുകയില്ലെന്നും കാണിച്ചു തരാന്‍ ശേഷിയുള്ള മനുഷ്യര്‍ ഇവിടെ വന്നിട്ടുണ്ട്.

ലക്ഷ്യബോധം കൈവരിക്കാനാവുന്നതെങ്ങനെ?

നമ്മുടെ മുമ്പില്‍ മതശാസ്ത്രഗ്രന്ഥങ്ങളുണ്ട്. എന്നാല്‍ നമ്മുടെ ജീവിതം ക്ലേശഭരിതമാണ്, പ്രക്ഷുബ്ധമാണ്. ദൈവം, സ്‌നേഹം, കാരുണ്യം, സമത്വം, സാഹോദര്യം-മധുരമുള്ള വാക്കുകള്‍.

വിഭാഗീയതകള്‍, പോരാട്ടങ്ങള്‍, ക്രൂരമായ മനുഷ്യഹത്യകള്‍, മൃഗബലികള്‍,അടിമത്തം, ചൂഷണം, മത്സരം, ഇതൊക്കെയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വാക്കുകള്‍ ചുമന്നുകൊണ്ടു നടക്കുന്നത് ഒരു കാര്യം. അവയുടെ അര്‍ത്ഥം, അവ ചൂണ്ടിക്കാണിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മറ്റൊരു കാര്യം.

‘വെളിച്ചം’ എന്ന വാക്ക് ഒരന്ധന് ഉരിവിടാനാകും. വെളിച്ചത്തെക്കുറിച്ചു കേട്ടറിഞ്ഞു ഗ്രന്ഥങ്ങള്‍ രചിക്കാനാകും, പ്രസംഗിക്കാനാവും, പ്രചാരണ കോലാഹലങ്ങള്‍ സൃഷ്ടിക്കാനാകും.എന്നാല്‍ വഴിയിലൂടെ തപ്പിത്തടഞ്ഞുകൊണ്ടാണവന്‍ നടക്കുന്നത്.അവന്റെ തപ്പിത്തടയല്‍ കാണിച്ചുതരുന്നു ‘വെളിച്ചം’ അവന് അറിഞ്ഞുകൂടെന്ന്.

ഇതാണു നമ്മുടെ പുരോഹിതന്‍, മതനേതാവ്, മതപണ്ഡിതന്‍.’കാരുണ്യം’ എന്ന വാക്ക് അവന്‍ കൊട്ടിഘോഷിക്കും. അവന്‍ സഹജീവിയെ ബലികൊടുത്തുകൊണ്ടിരിക്കും. ‘വെളിച്ചം’ എന്ന വാക്കിന് ‘കാഴ്ച’ എന്നയനുഭവമാണ് അര്‍ത്ഥം കൊണ്ടു വരുന്നത്.

‘ശബ്ദം’ എന്ന വാക്കിന് ശ്രവ്യാനുഭവം മാത്രമാണ് അര്‍ത്ഥം നല്‍കുന്നത്. ഉള്ളില്‍ സ്‌നേഹാനുഭവം ഇല്ലാത്തവന് ‘സ്‌നേഹം’ എന്ന വാക്ക് നിരര്‍ത്ഥകമാണ്.

ഒരു ഹിറ്റ്‌ലര്‍ക്ക് ‘സ്‌നേഹം’ എന്ന വാക്ക് പറഞ്ഞുകൊണ്ടിരിക്കാനാകും. ക്രൂരത പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

സത്യത്തെ യഥാര്‍ത്ഥത്തില്‍ സാക്ഷാത്കരിച്ച മനുഷ്യന്‍ മാത്രമാണ് കാഴ്ചയുള്ളവന്‍. മതശാസ്ത്ര ഗ്രന്ഥങ്ങളിലെ ഗുരുക്കന്‍മാര്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥം ഈ കാഴ്ച കൈവന്നവര്‍ക്കു മാത്രമേ ചൂണ്ടിക്കാണിക്കാനാവൂ.

അന്ധന് ചന്ദ്രനെ ചൂണ്ടിക്കാണിക്കാനാവുമോ? കാഴ്ചയുള്ളവനു മാത്രമാണ് ചന്ദ്രനെ ചൂണ്ടിക്കാണിക്കാനാവുക. ആന്തരികമായ കാഴ്ച കൈവന്ന മനുഷ്യന്‍ ഭൂമിയിലെ അത്യപൂര്‍വ്വനിധിയാണ്. ആ മനുഷ്യനെ ‘ബുദ്ധന്‍’, ‘ഋഷി’ എന്നൊക്കെ ജ്ഞാനികള്‍ വിളിയ്ക്കുന്നു.

നമ്മുടെ കാലഘട്ടത്തിലെ ബുദ്ധനാണ് ഓഷോ. ബാഹ്യമായ വെളിച്ചം വസ്തുക്കളെ പ്രകാശിപ്പിക്കുന്നതുപോലെ ഗുരുവിന്റെ ആന്തരവെളിച്ചം മനുഷ്യന്റെ ആന്തരത്തെ പ്രകാശിപ്പിക്കുന്നു. ഒരു ദീപം പ്രകാശം പകര്‍ന്നു നല്‍കും. പ്രകാശത്തെ പ്രതിഫലിക്കാനാവുന്ന ഒരു ദര്‍പ്പണത്തിനും വെളിച്ചം നല്‍കാനാവും. മുന്‍വിധികള്‍, വിശ്വാസ സമ്പ്രദായങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, തുടങ്ങിയവയുമായുള്ള അള്ളിപ്പിടുത്തം മൂലം കൈവിട്ട മനസ്സു ദര്‍പ്പണ സമാനമാകും. കാഴ്ച കൈവന്നിട്ടുള്ള ഋഷിയെ ബുദ്ധനം സംവേദനക്ഷമതയാര്‍ന്ന മനുഷ്യന്‍ തിരിച്ചറിയുന്നു. ഉപനിഷത്തുകള്‍ രചിച്ച ഋഷിമാര്‍ കാഴ്ചയുള്ളവരാണ്, അവരുടെ വാക്കുകള്‍ ചൂണ്ടിക്കാണിക്കുന്ന സത്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഇവിടെ ഒരു ഋഷി, ഓഷോ നമ്മോടൊപ്പം.

സ്‌നേഹപൂര്‍വ്വം

സ്വാമി ധ്യാന്‍ ജാഗ്രണ്‍

Comments are closed.