DCBOOKS
Malayalam News Literature Website

അനിതാ പ്രതാപിന്റെ ലേഖന സമാഹാരം മലയാളത്തില്‍

ചോര ചീന്തിയ ദ്വീപ് എന്ന പുസ്തകത്തിനുശേഷം പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ അനിതാ പ്രതാപിന്റെതായി ഡി സി ബുക്‌സ് പുറത്തിറക്കിയ പുസ്തകമാണ് വാഴ്ത്തുപാട്ടില്ലാതെ. ഇന്ത്യയിലെ കുട്ടികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ലേഖനസമാഹാരം Unsung എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയാണ്. അധ്യാപകനും എഴുത്തുകാനുമയ എം എന്‍ കാരശ്ശേരിയാണ് പുസ്തകം മൊഴിമാറ്റം ചെയ്തിരിക്കുന്നത്. അധികാരമോ പണമോ പാണ്ഡ്യത്യമോ പ്രശസ്തിയോ ആത്മീയ പരിവേഷമോ ഒന്നുമില്ലാത്ത-വാഴ്ത്തിപ്പാടാന്‍ ആരുമില്ലാത്ത സാധാരണക്കാരായ ചില മനുഷ്യരുടെ വാസ്തവമായ മഹത്വം ആര്‍ദ്രമായ ശൈലിയില്‍ ആവിഷ്‌കരിക്കുന്ന ഈ പുസ്തകം ജനസേവനത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ മേഖലകളിലേക്ക് വഴികാണിക്കുന്ന കൈചൂണ്ടിപ്പലകയാണ് എന്ന് പുസ്തകത്തിന്റെ വിവര്‍ത്തകനായ എം എന്‍ കാരശ്ശേരി വ്യക്തമാക്കുന്നു.

പുസ്തകത്തിന് ഗ്രന്ഥകാരി എഴുതിയ  മുഖവുര;

കേളികേട്ടവര്‍ മാധ്യമങ്ങളില്‍ നിറയുമ്പോള്‍ നമ്മളെന്തിനാണ് ഒരുപറ്റം അറിയപ്പെടാത്ത നായകന്മാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ഉത്തരം ചോദ്യത്തില്‍തന്നെ കിടപ്പുണ്ട്. കാരണം, കൃത്യമാണ്: ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ സങ്കീര്‍ണതയെയും വൈവിധ്യത്തെയും പ്രശസ്തരോടുള്ള കമ്പം മൂലം നമ്മുടെ മാധ്യമങ്ങള്‍ എപ്പോഴും അവഗണിക്കുന്നു. നിത്യസാധാരണമായ ധാരാളം വിജയങ്ങളോടും പരാജയങ്ങളോടുമൊപ്പമുള്ള ജീവിതം അനാവൃതമാകുന്നത് ടെലിവിഷന്റെയും കമ്പ്യൂട്ടറിന്റെയും സ്‌ക്രീനിനു പുറത്താണ്. കഷ്ടം, പലര്‍ക്കും ജീവിതത്തിലേക്കുള്ള പ്രധാനകവാടം ഈ സ്‌ക്രീനാണ്!
തങ്ങള്‍ക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സ്വയം സമര്‍പ്പിച്ച ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യജീവികള്‍ക്കുള്ള ആദരോപഹാരമാണ് ഈ പുസ്തകം. സാമ്പത്തികശേഷിക്ക് ബദലായി അവര്‍ക്കുള്ളത് ചില ആന്തരശേഷികളാണ്- ദര്‍ശനം, ഇച്ഛാശക്തി, സമര്‍പ്പണം, ഊര്‍ജം മുതലായവ. സ്വന്തം ദൗത്യം സ്വസ്ഥമായി പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി പ്രശസ്തിയുടെയും പ്രതാപത്തിന്റെയും വെള്ളിവെളിച്ചത്തിന്റെ വേദികള്‍ക്കകലെ, മറവിലാണ് അവര്‍ ജോലി ചെയ്യുന്നത്.അത് അവനവനെ വാഴ്ത്തുവാനല്ല, പൊതുജനങ്ങളുടെ പ്രശംസ നേടുവാനല്ല. അവരുടെ കഥകള്‍ നിത്യപ്രചോദകങ്ങളാണ്. ആന്തരികശേഷിയെ ശരിയായ പാതയിലേക്ക് തിരിച്ചുവിടാനുള്ള മനസ്സൊരുക്കം ഉണ്ടെങ്കില്‍ ഏതു ദുര്‍ഘടാവസ്ഥയെയും ആര്‍ക്കും മറികടന്നുചെല്ലാമെന്ന് ആ കഥകള്‍ നമ്മെ പഠിപ്പിക്കുന്നു. വാസ്തവമായി മനസ്സിരുത്തിയാല്‍ നമുക്ക് നന്മ ചെയ്യാന്‍ സാധിക്കും. വ്യവസ്ഥിതിയുടെ തെറ്റുകുറ്റങ്ങളെ പഴിചാരുന്നതിനു പകരം നമ്മള്‍ ഓരോരുത്തരും ആ വഴിക്കാണു പരിശ്രമിക്കേണ്ടത്.

‘വലുത് ചേതോഹര’വും ‘ചേതോഹരം വലുതും’ ആകുന്ന ആഗോളീകരണത്തിന്റെ അതിവേഗപ്പാതകള്‍ക്ക് പകരമായി സ്വന്തം വേരുകളിലേക്കുള്ള നാട്ടുവഴി അന്വേഷിക്കുന്ന പുസ്തകമാണിത്. കാലത്തിലേക്ക് അതിവേഗം പിന്‍വാങ്ങിപ്പോവുന്ന അപൂര്‍വമായ ചില ജീവിതരീതികളെ രേഖപ്പെടുത്തിവയ്ക്കുവാനാണ് ഇവിടെ ശ്രമിക്കുന്നത്—അതാ, ആ ചെറുത് അമൂല്യമാണ്; ആ ഗ്രാമജീവിതം അങ്ങേയറ്റം സ്വാഭാവികമാണ്; അതിന്റെ ലാളിത്യം ശ്രേഷ്ഠമാണ്; അതിന്റെ നൈതികത അവസരവാദത്തെക്കാള്‍ കനം തൂങ്ങുന്നതാണ്; അതിന്റെ ആത്മീയത ഭൗതികതയെ കവിഞ്ഞുപോകുന്നതാണ്. അസാമാന്യമായ കുലീനതയുള്ള ഈ സ്ത്രീ-പുരുഷന്മാരുടെ ജീവിതത്തിന് അര്‍ത്ഥം നല്കുന്നത് നിസ്വാര്‍ത്ഥതയും സേവനവുമാണ്. അസാധാരണമായ മനോഗുണങ്ങളോടെ ഇന്ത്യയുടെ മണ്ണില്‍ പുലരുകയും വേലയെടുക്കുകയും ചെയ്ത സാധാരണക്കാരായ മനുഷ്യജീവികള്‍ക്ക് അവ ഈ പ്രപഞ്ചംതന്നെ ആരാധനാലയമായി ഭവിക്കുന്നതിന്റെ പ്രതീകങ്ങളായിത്തീരുന്നു.

മൂന്നു വര്‍ഷത്തെ കഠിനധ്വാനത്തിന്റെ പരിസമാപ്തിയില്‍ നില്ക്കുമ്പോള്‍ ഈ പുസ്തകം പുറത്തിറക്കുവാന്‍ ധനസഹായം ചെയ്തവരുടെ കാഴ്ചപ്പാടിനും ഉദാരതയ്ക്കും ഞാന്‍ നന്ദി പറയുന്നു. ഇതിലെ പ്രമേയം വാഴ്ത്തപ്പെടുന്നവരായിരുന്നെങ്കില്‍ ധനസമാഹരണം എന്തെളുപ്പമായേനെ!ഇനി വരുന്ന പുറങ്ങളില്‍ വര്‍ണിച്ചിട്ടുള്ളത് നമ്മെയെല്ലാം പ്രചോദിപ്പിക്കുന്ന യഥാര്‍ത്ഥനായകരുടെ കഥകളാണ്. അവ വിശേഷിച്ചും നമ്മുടെ യുവജനങ്ങളെ ഉണര്‍ത്തിയെടുക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.!

Comments are closed.