DCBOOKS
Malayalam News Literature Website

വാഴൈപ്പളം; ഡോ.അജയ് എസ് ശേഖര്‍

ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‍ കലാരൂപകവും സിനിമാസങ്കേതവുമായ, ഐസന്‍സ്റ്റീനടക്കം വിഖ്യാതമാക്കിയ സോവിയറ്റ് മൊണ്ടാഷിനെ ‘മാമന്നനി’ല്‍ പെരിയോറുടെ ചെറുകറുത്തശില്പത്തിന്‍ നിരവധി നോക്കുനിലകളിലൂടെ അപനിര്‍മിച്ച മാരി സെല്‍വരാജ്, ‘വാഴൈ’യില്‍ ഒരു സവിശേഷമായ ചുവപ്പുനീല താരതമ്യത്തിലൂടെ ചായങ്ങളുടെയും രൂപങ്ങളുടെയും ഡയലക്റ്റിക്‌സിലേക്കും പ്രതിനിധാനാപനിര്‍മിതിയിലേക്കും പുതുക്കത്തിലേക്കും കടക്കുന്നു.

നീരില്ലായ്കിൽ പാരിലേതും
കാര്യമാർക്കും നടന്നിടാ
മാരിയില്ലായ്കിലപ്പോഴാ
നീരുമില്ലാതെയായിടും
നാരായണഗുരു, “വാൻചിറപ്പ്”

(തിരുക്കുറൽ മൊഴിമാറ്റം)

പിറപ്പൊക്കും എല്ലാ ഉയിർക്കും
സിറപ്പൊവ്വാ സെയ്തൊഴിൽ
വേറ്റുമൈ യാൻ
തിരുവള്ളുവർ

(തിരുക്കുറൾ-972)

രണ്ടായിരം വർഷത്തോളം കഴിഞ്ഞ് വള്ളുവരെ മൊഴിമാറ്റിക്കൊണ്ട് ഗുരുവെഴുതിയത് മാരിസെൽവരാജിന്റെ തിരപ്പടത്തേയും സ്വന്തം ജീവിതചിത്രണത്തേയുംകൂടി മുൻകൂട്ടിക്കണ്ടിട്ടാണോയെന്നു തോന്നാം. 1914-ലെ രാമാദികളുടെകാലത്തെ ശൂദ്രാദികളുടെ ഗതിപോലെ സ്മൃതികൾനോക്കി ഭരിക്കുന്ന ഹിന്ദുക്കളെപ്പോലെ ഇതും പ്രമാദംതന്നെ. മാരിയില്ലെങ്കിൽ ജീവജലമെന്ന നീരുമില്ല. തണ്ണീരും കണ്ണീരും കലരുന്നു. മനുഷ്യവിഷയിയില്ലെങ്കിൽ ഗുരുപറയുന്ന തൃപുടിയും അറിവുമസാധ്യം. മനുഷ്യരുടെ കർതൃത്വമാണ് ചരിത്രത്തെയും സമൂഹത്തെയും ചലച്ചിത്രത്തെയും സാധ്യമാക്കുന്നത്. മനുഷ്യർ നന്നായാലേ ലോകം നന്നാകൂ. തിരുവള്ളുവരേയും തമിളകചിത്തപരമ്പരകളെയും സംഘസാഹിത്യസംസ്കാരങ്ങളെയും ഗുരുവിൽനിന്നോ ചേരനാടായ ആധുനികകേരളത്തിൽനിന്നോ വേർതിരിക്കാനാവില്ലാത്തപോലെ ചലച്ചിത്രകാരനേയും ജീവിതത്തേയും വർത്തമാനസംസ്കാരത്തെയും രാഷ്ട്രീയത്തെയും ചലച്ചിത്രത്തെയും വേർതിരിക്കാനും പ്രയാസമാണ്.

ചലച്ചിത്രണം ആത്മകഥാപരമാകുമ്പോൾ അതിൻ ചരിത്രകർതൃത്വമൂല്യങ്ങളേറുകയാണ്. തെക്കൻതമിഴകത്തെ തൻകുട്ടിക്കാലത്തെയും പള്ളിക്കൂടപ്പോരാട്ടത്തെയുമാണ് മാരി സെൽവരാജ് 2024-ലെ പുതിയ പടമായ “വാഴൈ’യിൽ ആർജവത്തോടെ അടയാളപ്പെടുത്തുന്നത്. മഹാത്മാ അയ്യൻകാളിയുടെ പള്ളിക്കൂടപ്പോരാട്ടങ്ങളും കല്ലുമാലവില്ലുവണ്ടിസമരങ്ങളും കണ്ട കേരളത്തിനതു മനസ്സിലാകും. തിരുനെൽവേലിയിലെ നെൽവയലുകളിലും വാഴത്തോപ്പുകളിലും ഇരുപതാം നൂറ്റാണ്ടിനൊടുവിൽ നടന്ന ദലിതരായ പണിയാളരുടെ ജീവിതസമരത്തിൻ നേർചിത്രമാണ്Text മാരി സെൽവരാജ് ആഴത്തിലടുപ്പത്തിൽ വെളിച്ചപ്പെടുത്തുന്നത്. മാമന്നൻ, കർണൻ, പരിയേറും പെരുമാളെന്നിങ്ങനെ തമിഴകതിരപ്പടത്തെ സ്നേഹാർദ്രമായി മാറ്റിമറിച്ച കലാകാരനാണ് മാരി. സിവനൈന്ദനും സേകറും വാഴത്തോപ്പിൽ പണിയെടുക്കുന്ന ദലിതബാലകരാണ്. സിവയുടെ Pachakuthira Digital Editionഅപ്പൻ ധീരമായ തൊഴിലാളിപ്പോരാട്ടത്തിൽ രക്തസാക്ഷിയായ ജനനേതാവായിരുന്നു. ദലിതരായ തോട്ടംതൊഴിലാളികൾ പണിപ്പെട്ട് വാഴക്കുലകൾ ചുമന്നു ലോറിയിൽ കയറ്റിക്കൊണ്ടുപോയാണ് ജീവിക്കുന്നത്. ഒരുനേരത്തെ പഴങ്കഞ്ഞിയാണവരുടെ ഏകാശ്രയം. ചോറ്റുപാത്രങ്ങളുടെ സമീപദൃശ്യങ്ങളും ചലനവുമോർക്കാം. ഒന്നുംകഴിക്കാതെ ചുമട്ടുപണിക്കിടെ പെങ്ങളുടെ സഹായത്തോടെ മുങ്ങി പള്ളിക്കൂടത്തിൽപ്പോയി നൃത്തമാടി തിരികെവരവേ ബാലനു വീഴ്ച്ചപറ്റി. വിശന്നുവലഞ്ഞപ്പോൾ വാഴത്തോട്ടത്തിലെ ഒരു പഴം കഴിച്ചതിന് സിവന് കങ്കാണിയുടെ അടി വാങ്ങേണ്ടിവന്നു. കുല ചുമക്കാൻപോകാതെ പള്ളിക്കൂടത്തിൽപ്പോയി ആട്ടം പഠിച്ചതിന് അമ്മയും അവനെ ശകാരിക്കുന്നു. ഭർത്താവിനെ തൊഴിലാളിസമരത്തിൽ നഷ്ടപ്പെട്ട അവർ ഏറെ പണിപ്പെട്ടാണ് മക്കളെ പോറ്റുന്നത്. ഇതിനിടെ വാഴക്കുലകളുമായിപ്പോയ ലോറിമറിഞ്ഞ് പണിക്കാരിൽ പലരും, സിവയുടെ പെങ്ങളും തോഴനായ കണിയും അതിനടിയിൽ കുരുങ്ങിമരിക്കുന്നു. ഇതിന്റെയെല്ലാം ട്രോമയേൽക്കുന്നത് സിവയാണ്.

ദലിതനും ദരിദ്രനും അനാഥനുമായ ആ ബാലകൻ മൂകമായി വിതുമ്പുന്നു. ആരോരുമില്ലാതെ കേഴുന്ന ആ മൂകബാലകന്റെ വിങ്ങൽ പ്രകൃതിയിലൂടെയാവിഷ്കരിക്കാൻ തിരപ്പടം ശ്രമിക്കുന്നു. ആർദ്രതയുടെ സങ്കടസത്യത്തിൻ അഴകിയമായി മാരിയുടെ തിരപ്പടം മാറുന്നു. സങ്കടദുരിതങ്ങളെ തിരിച്ചറിഞ്ഞതിനു നിവാരണമാരായുന്ന നീതിയുടെ മാർഗമായി തിരപ്പടം മാറുന്നു. അവൻ വീടുവിട്ടോടി വാഴത്തോട്ടത്തിലെ വയൽവെള്ളത്തിൽ മുങ്ങിക്കിടക്കുന്നതാണ് പടത്തിനൊടുവിൽ നാം കാണുന്നത്. വാഴത്തട വെട്ടിയിട്ടപോലെ വാഴക്കുരലരിഞ്ഞപോലെ ഒരു പൈതൽ. അനാഥനായ ആ ബാലകനത്രേ തിരപ്പടത്തെ മാറ്റിയെഴുതുന്ന മാരിമഴപോലെ പുത്തനഴകിയമായി പെയ്യുന്ന മാരി. തൻജീവിതത്തിൽ സംഭവിച്ച പലതുമാണിതെന്നു മാരി പറയുന്നു. വാഴപ്പോളയുണങ്ങുന്ന, ആനത്തോലുണക്കാവുന്ന വർഷകാലത്തെ വെയിലിനെ കുറിച്ച് സി. അയ്യപ്പൻ കഥനത്തിൽ വായിക്കാം. വാഴക്കൈയിലിരിക്കുന്ന പക്കികളും പറവകളുമായ പ്രേതഭാഷകരേയും അവിടെക്കാണാം. പക്കികളും പറവകളുമായി കരയുന്ന പാടത്തിനുകുറുകേ പറക്കുന്ന പരേതരരുടെ മൂകമാക്കപ്പെട്ട വിളികൾ മാരിയുടെ തിരപ്പടത്തിലും തിരനോക്കുന്നു. പാട്ടുകളിലും പൈക്കളെയും പറവകളെയും കുറിച്ചുള്ള വരികളുണ്ട്. നോക്കെത്താത്ത തമിഴകപാടങ്ങളിലെ കറുത്ത ഐബിസുകളുടെ കരച്ചിലും ദേശാടനക്കിളികളുടെ കലമ്പലും ശബ്ദങ്ങളുടെ കാതരമിഴിവേറ്റുന്നു. സന്തോഷ് നാരായണൻ സംഗീതവും തേനീ ഈശ്വറുടെ ഛായാഗ്രഹണവും തമിഴകമണ്ണിനെയും മനസ്സിനെയും തൊടുന്നു.

അംബേദ്കർ പറഞ്ഞപോലെ ജാതിയൊരു തൊഴിൽവിഭജനമല്ല മറിച്ച് തൊഴിലെടുക്കുന്ന മനുഷ്യരുടെ വിഭജനമാണ്. “നരനുനരനശുദ്ധവസ്തുവാക്കി ധരയിൽ നടപ്പതുപോലും ദോഷമാക്കുന്ന നരകമിവിടമാണു കഷ്ടം’ എന്നു മഹാകവി കുമാരനാശാൻപോലും 1919-ലെ “സിംഹനാദ’ത്തിലെഴുതിയ ജാതിയുടെ ഹിന്ദുസ്വരാജ്യം. ഏറ്റവും അടച്ചുകെട്ടിയ വർഗഘടനയാണത്. ജാതി ഒരു അടച്ചുകെട്ടിയ വർഗഘടനയാണെന്ന് അംബേദ്കർ. വർഗനില സാമ്പത്തികോന്നമനത്തിലൂടെ മറികടക്കാം, ജാതിയുടെ മേൽകീഴ്നിലയെ സാമ്പത്തികമായി ഇല്ലാതാക്കാനാവില്ല. പുറന്തള്ളപ്പെട്ടവർ അകത്താകുമെന്നുറപ്പാക്കണം. സാമൂഹ്യമായി ശ്രേണീകൃതമായി വേർതിരിക്കപ്പെട്ടവർ രാഷ്ട്രീയമായും വേർതിരിക്കപ്പെടണം. വെട്ടിനീക്കി ചവിട്ടിയമർത്തപ്പെട്ടവരുടെ രാഷ്ട്രീയസാമൂഹ്യ പ്രാതിനിധ്യം മൗലികാവകാശമാണ്. അതെല്ലാ ഭരണഘടനാമേഖലകളിലും ഉറപ്പാക്കിയേ ജനായത്തം പുലരൂ. സാമൂഹ്യപ്രാതിനിധ്യമില്ലാതെ ജനായത്തവും സാമൂഹ്യനീതിയുമില്ല.

പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്‌

 

Leave A Reply