പി.എന്‍ പണിക്കര്‍: വായനയുടെ വഴികാട്ടി
വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു വായനാദിനം കൂടി. മലയാളിയെ അക്ഷരങ്ങളുടേയും വായനയുടേയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് എല്ലാ വര്‍ഷവും നാം വായനാദിനമായി ആചരിക്കുന്നത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് തീവ്രമായി ആഗ്രഹിച്ച അദ്ദേഹം അതിനായി അഹോരാത്രം പ്രയത്‌നിച്ചു.
1909 ജൂലൈ 17-ന് ചങ്ങനാശേരി താലൂക്കിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. ഇരുപതാം വയസില്‍ എല്‍പി സ്‌കൂള്‍ അധ്യാപകനായി. 1945ല്‍ കേവലം 47 ചെറുഗ്രന്ഥങ്ങളുമായാണ് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം സ്ഥാപിച്ചത്. ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു. ഇതാണ് പില്‍ക്കാലത്ത് കേരള ഗ്രന്ഥശാലാ സംഘമായി വളര്‍ന്നത്. ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പണിക്കര്‍ തുടര്‍ച്ചയായി 32 വര്‍ഷത്തോളം ആ സ്ഥാനത്ത് തുടര്‍ന്നു. 1971-ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ ഭരണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനും സെക്രട്ടറി പണിക്കരുമായി ഒരു കണ്‍ട്രോള്‍ ബോര്‍ഡ് നിലവില്‍ വന്നു. പിന്നീട് പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ പണിക്കരെ പുറത്താക്കി. സംഘത്തിന്റെ ഭാഗമായി ആരംഭിച്ചിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിന് ആക്കം കൊടുക്കുവാന്‍ പി.എന്‍ പണിക്കര്‍ കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി(കാന്‍ഫെഡ്) രൂപീകരിച്ചു.
1970 നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പാറശ്ശാല മുതല്‍ കാസര്‍ഗോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ് വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2004 ജൂണ്‍ 19-ന് രാജ്യം അഞ്ചു രൂപയുടെ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. 1995 ജൂണ്‍ 19-ന് രോഗബാധിതനായി തിരുവനന്തപുരത്തുവെച്ചായിരുന്നു പണിക്കരുടെ മരണം.
1996 മുതല്‍ കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചു വരികയാണ്. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരള വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നുണ്ട്.
Comments are closed.