പുസ്തകങ്ങളുടെ നറുമണം പരക്കുന്ന അന്തരീക്ഷം, ചുറ്റോടുചുറ്റിനും പുസ്തകങ്ങള്‍ മാത്രം…!
‘വായനാസൗഹൃദം’ പരിപാടിയെക്കറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ച് എഴുത്തുകാരി സാബി തെക്കേപ്പുറം. വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നൂര്‍ കോംപ്ലക്സിലെ കറന്റ് ബുക്സ് ശാഖയില്‍ നടന്ന പരിപാടിയിലെ അനുഭവങ്ങളെക്കുറിച്ചായിരുന്നു സാബി തെക്കേപ്പുറത്തിന്റെ പോസ്റ്റ്.
‘വായനാനുഭൂതിയില്‍ നിന്നുരുവം കൊണ്ട സൗഹൃദത്തിന്റെ മധുരം നുണഞ്ഞുകൊണ്ടുള്ള അതിരസകരമായ പുസ്തക ചര്‍ച്ച…കഥകളും നോവലുകളും കവിതകളുമായി ഞങ്ങളുടെ സായാഹ്നത്തിലെ സുന്ദരസുരഭില നിമിഷങ്ങളിങ്ങനെ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
ആദ്യമായാണ് ഇത്തരമൊരു പരിപാടിയില്‍, എഴുത്തുകാരി എന്ന നിലയിലുള്ള പങ്കാളിത്തം’- എഴുത്തുകാരി കുറിച്ചു.
സാബി തെക്കേപ്പുറത്തിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം
29/06/2022 ബുധന്‍
ഇന്നത്തെ സായാഹ്നത്തിന് പുതുമകളേറെ…
ഒരെഴുത്തുകാരിയെന്ന നിലയില്‍ ഏറെ സന്തോഷവും അഭിമാനവും തോന്നിയ നിമിഷം…
പുസ്തകങ്ങളുടെ നറുമണം പരക്കുന്ന അന്തരീക്ഷം…ചുറ്റോടുചുറ്റിനും പുസ്തകങ്ങള്‍ മാത്രം…അവയ്ക്കിടയില്‍ വായനയെ ശ്വാസമാക്കിക്കൊണ്ട് ജീവിക്കുന്ന, പുസ്തകങ്ങളെ നെഞ്ചിലെ തുടിപ്പായി കാണുന്ന കുറെ നല്ല മനുഷ്യര്‍ക്കൊപ്പം എഴുത്തിന്റെ ലോകത്ത് പിച്ചവെച്ചു നടക്കുന്ന ഞാനുള്‍പ്പെടെ, എഴുതിത്തെളിഞ്ഞ കുറച്ച് എഴുത്തുകാര്‍…
വായന വാരാഘോഷത്തോടനുബന്ധിച്ച് DC കിഴക്കേമുറി ഫൗണ്ടേഷന്‍ കോഴിക്കോട് നൂര്‍ കോംപ്ലക്സിലെ കറന്റ് ബുക്‌സില്‍ സംഘടിപ്പിച്ച ‘വായനാസൗഹൃദം’ വേറിട്ടൊരു അനുഭവം തന്നെയായി. മാങ്കാവ് ബൈപാസ്സിലെ ബ്ലോക്ക് കാരണം വൈകിട്ട് 4 മണിക്ക് തുടങ്ങുന്ന പരിപാടിയിലെത്താന്‍ പത്തുമിനിറ്റ് വൈകിയതിന്റെ ആധിയില്‍ ഓടിക്കിതച്ച് അവിടെയെത്തിയപ്പോള്‍ ഒരു കല്യാണവീട്ടിലെത്തിയപോലെ തോന്നി.
ചിരിച്ചുകൊണ്ട് എതിരേറ്റതോ… നമ്മുടെ സ്വന്തം ബേപ്പൂര്‍ സുല്‍ത്താന്റെ രാജകുമാരി ഷാഹിനത്ത. അതോടെ അങ്കലാപ്പൊക്കെ മാറി ഞാനാകെയൊന്ന് ഉഷാറായി.സതിയേച്ചീടെ ക്യാമറയുടെ തുരുതുരാ മിന്നലുകളിങ്ങനെ അവിടത്തെ ഓരോരുത്തരെയും ഒപ്പിയെടുക്കുന്നുണ്ട്.
ഷാഹിനത്തേടെ കയ്യും പിടിച്ച് അകത്തേക്ക് ചേന്നപ്പോള്‍, ദാ…യിരിക്ക്ണ്, ഏറെ നാളായി ഞാന്‍ നേരില്‍ കാണാനും പരിചയപ്പെടാനും കൊതിച്ചിരുന്ന ആ ആള്‍ – അതെ, വായനയുടെ സുല്‍ത്താന്‍ – സാക്ഷാല്‍ ശ്രീമാന്‍ ഹനീഫ്ക്ക തന്നെ…കണ്ടു, പരിചയപ്പെട്ടു, ഒപ്പമിരുന്ന് ഫോട്ടോയെടുത്തു, പിന്നെ, അദ്ദേഹം വാങ്ങിയ, എന്റെ നോവല്‍ ‘കൈച്ചുമ്മ’ കയ്യൊപ്പുചാര്‍ത്തി നല്‍കുവാനുള്ള ഭാഗ്യവുമുണ്ടായി.
വായനാനുഭൂതിയില്‍ നിന്നുരുവം കൊണ്ട സൗഹൃദത്തിന്റെ മധുരം നുണഞ്ഞുകൊണ്ടുള്ള അതിരസകരമായ പുസ്തക ചര്‍ച്ച…കഥകളും നോവലുകളും കവിതകളുമായി ഞങ്ങളുടെ സായാഹ്നത്തിലെ സുന്ദരസുരഭില നിമിഷങ്ങളിങ്ങനെ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
ആദ്യമായാണ് ഇത്തരമൊരു പരിപാടിയില്‍, എഴുത്തുകാരി എന്ന നിലയിലുള്ള പങ്കാളിത്തം.
‘പടച്ചോനേ മിന്നിച്ചേക്കണേ…’ ന്നും മനസ്സില്‍ ഉരുവിട്ടുകൊണ്ടാണ് തുടങ്ങിയത്. എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചതിനൊടുവില്‍, എന്റെ ‘കൈച്ചുമ്മ’ യിലെ ചെറിയൊരു ഭാഗം അവര്‍ക്കായി വായിച്ചും കൊടുത്തു ട്ടോ…(വായനയുമായി ബന്ധപ്പെട്ട പരിപാട്യാവുമ്പോ വായിച്ച് കൊടുക്ക്ണതും നല്ല കാര്യല്ലേ…) പങ്കുവെക്കപ്പെടലിനൊടുവില്‍, സ്‌നേഹംകൊണ്ട് പൊതിഞ്ഞ വലിയൊരു കേക്കുമായി ഷാഹിനത്ത പിന്നേം ഞെട്ടിച്ചു.
വായനയുടെ മധുരം ആവോളം ആസ്വദിക്കുന്ന ഹനീഫ്ക്കയുടെ കൈയാല്‍ മുറിക്കപ്പെട്ട കേക്കിന് വിശേഷപ്പെട്ടൊരു രുചിയുണ്ടെന്ന് തോന്നി.അതെ, സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ, ഒത്തുചേരലിന്റെ, പങ്കുവെക്കപ്പെടലിന്റെ സവിശേഷമായ രുചിതന്നെ….
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ക്കിടന്ന് ശ്വാസം കിട്ടാതെ പിടയുന്ന ഇക്കാലത്ത് വായനയിലൂടെ, എല്ലാ വേലിക്കെട്ടുകളെയും തകര്‍ത്തെറിയാന്‍ കെല്പുള്ള ഒരുകൂട്ടം നല്ല മനുഷ്യര്‍…
അവര്‍ക്കൊപ്പമിങ്ങനെ മിണ്ടിയും പറഞ്ഞും അല്പനേരമിരുന്നാല്‍ കിട്ടുന്ന പോസിറ്റീവ് എനര്‍ജിയുണ്ടല്ലോ… അത് വിവരണാതീതമാണ്. അതെ, ഇതെന്റെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിലൊന്ന്…ഓര്‍മയില്‍ സൂക്ഷിക്കാനും ഇടയ്ക്കിടെയെടുത്ത് താലോലിക്കാനും തോന്നുന്ന കുറെ നിമിഷങ്ങള്‍…
വായനകൊണ്ട് എക്കാലത്തും വസന്തം തീര്‍ക്കുന്ന ഇവരെപ്പോലെയുള്ളവരുള്ളപ്പോള്‍ വായന മരിക്കുവതെങ്ങനെ! എഴുത്തുകാര്‍ക്ക് പിന്നെയും പിന്നെയും എഴുതുവാനുള്ള ഊര്‍ജ്ജം തന്നെയാണിവര്‍…
എഴുത്തും വായനയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്…നല്ലൊരു വായനക്കാരന് മാത്രമേ നല്ലൊരു എഴുത്തുകാരനാവാന്‍ സാധിക്കൂ….ഇത്തരമൊരു കൂട്ടായ്മയിലേക്ക് എന്നെ ക്ഷണിച്ച്, ജീവിതത്തില്‍ മികച്ചൊരനുഭവം നല്‍കിയ DC കിഴക്കേമുറി ഫൗണ്ടേഷനും പ്രിയപ്പെട്ട ഷാഹിനത്തക്കും ടീമിനും ഒരു ബിഗ് സല്യൂട്ട്…നമ്മളിനിയുമിനിയും ഒത്തുചേരും…
കാത്തിരിക്കുന്നു.
Comments are closed.