DCBOOKS
Malayalam News Literature Website

വയനാടന്‍ പാരിസ്ഥിതിക ചരിത്രം പ്രാചീന കാലഘട്ടം മുതല്‍ ചൂരല്‍മലവരെ

വയനാട്ടിൽ നടന്ന പരിസ്ഥിതി ദുരന്തത്തിന്റെ ചരിത്രപരമായ കാരണങ്ങളെ അന്വേഷിക്കുന്ന പുസതകമാണ് ഷുമൈസ് യു എഴുതിയ വയനാടന്‍ പാരിസ്ഥിതിക ചരിത്രം പ്രാചീന കാലഘട്ടം മുതല്‍ ചൂരല്‍മലവരെ’ എന്ന പുസ്തകം.  ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

വയനാട്ടിലെ മാത്രമല്ല, സംസ്ഥാനത്തിലെ ഉരുൾപൊട്ടലുകൾക്ക് സമീപകാല മനുഷ്യ ഇടപെടലുകൾക്കൊപ്പം ചരിത്രപരമായ കാരണങ്ങൾ കൂടിയുണ്ട്. പരിസ്ഥിതി വിഭവങ്ങൾ, സാമൂഹിക ഘടനകൾ, പ്രാദേശിക സമൂഹങ്ങൾ, കാർഷികരീതികൾ തുടങ്ങിയവയുടെ വികാസത്തിൽ കൊളോണിയൽ കാലഘട്ടത്തിന്റെ ആഴത്തിലുള്ള സ്വാധീനമുണ്ട്. കൊളോണിയൽ ഭരണവും അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകളുമാണ് വയനാടിന്റെ പിൽക്കാല ഭൂപ്രകൃതിയെ രൂപപ്പെടുത്തിയത്. ചൂരൽമല, മുണ്ടകൈ ദുരന്തത്തിലേക്കു എത്തി നിൽക്കുന്ന പരിസ്ഥിതി നാശത്തിന്റെ ചരിത്രപരമായ കാരണങ്ങളെ കണ്ടെത്തുകയാണ് ചരിത്രകാരനായ ഷുമൈസ് യു.

വയനാടിന്റെ പാരിസ്ഥിതിക ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണ് ഈ പഠനം. വയനാട്ടിലെ ഭൂപ്രകൃതിയിൽ വലിയ മാറ്റങ്ങൾ Textസംഭവിച്ചത് കൊളോണിയൽ കാലഘട്ടത്തിലാണോ, അതിനു മുമ്പാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. 1792-ലെ ശ്രീരംഗപട്ടണം സന്ധിക്ക് ശേഷം നടന്ന പഴശ്ശി – കുറിച്യ: കുറുമർ സമരങ്ങൾ വയനാടിന്റെ പ്രകൃതിവിഭവങ്ങളുടെ മേലുള്ള ആധിപത്യത്തിന് വേണ്ടിയായിരുന്നു. ഈ പോരാട്ടങ്ങളിൽ വയനാട്ടിലെ മലകളും കാടുകളും കാലാവസ്ഥയുമെല്ലാം വഹിച്ച പങ്ക് രണ്ടാമത്തെയും മൂന്നാമത്തെയും അധ്യായങ്ങളിൽ പഠനവിധേയമാക്കിയിട്ടുണ്ട്. ഈ സമരങ്ങളിൽ ഭൂപ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ഗോത്രവിഭാഗങ്ങളുടെ പങ്ക് ചരിത്രത്തിൽ വേണ്ടവിധം  രേഖപ്പെടുത്തിയിട്ടുമില്ല.

19-ാം നൂറ്റാണ്ടിൽ വനങ്ങൾ വ്യാപകമായി വെട്ടിത്തെളിച്ച് തോട്ടവിളകൾ കൃഷി ചെയ്യാൻ തുടങ്ങിയതിനു പിന്നിൽ കേവലം മുതലാളിത്ത താല്പര്യങ്ങൾ മാത്രമായിരുന്നോ? അതിനപ്പുറത്ത് മറ്റ് അജണ്ടകളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ലേ? കാപ്പി, തേയില തുടങ്ങിയ തോട്ടവിളകളും മറ്റു അധിനിവേശ സസ്യങ്ങളും വയനാടൻ ഭൂമികയിൽ എത്തപ്പെട്ടതിന്റെ ചരിത്രമാണ് നാലാമത്തെ അധ്യായത്തിൽ  അന്വേഷിക്കുന്നത്. വയനാട്ടിലെ മലമ്പനി പോലുള്ള പകർച്ചവ്യാധികൾ യൂറോപ്യന്മാർക്ക് കൊളോണിയൽ കാലഘട്ടത്തിൽ ആകമാനം മരണഭയം സൃഷ്ടിച്ചിരുന്നു. പഴശ്ശി സമരകാലഘട്ടത്തിൽ തുടങ്ങി സ്വതന്ത്ര്യം ലഭിക്കുന്നതുവരെ ഈ അസുഖത്തെ എങ്ങനെ നേരിട്ടുവെന്ന് അഞ്ചാമത്തെ അധ്യായത്തിൽ അന്വേഷിച്ചിട്ടുണ്ട്.

വയനാട്ടിലെ ജനങ്ങൾ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് വന്യജീവികളുടെ ആക്രമണമാണ്. കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങൾ ജനങ്ങൾക്കും കന്നുകാലികൾക്കും ഭീഷണി സൃഷ്ടിക്കുമ്പോൾ ആനയും പന്നിയും മയിലും മാനുമെല്ലാം മനുഷ്യനേക്കാൾ  കൃഷിക്കാണ്  ഭീഷണി സൃഷ്ടിക്കുന്നത്. ഈ വിഷയത്തെ കൊളോണിയൽ ഭരണകൂടം എത്തരത്തിലാണ് അഭിസംബോധന ചെയ്തതെന്ന്  ആറാമത്തെ അധ്യായത്തിൽ പരിശോധിക്കുന്നു.

കൊളോണിയൽ കാലഘട്ടം മുതൽ തന്നെ വയനാട്ടിലെ പരിസ്ഥിതിയിൽ ഉണ്ടായ മാറ്റങ്ങൾ കാലാവസ്ഥയിൽ പ്രതിഫലിച്ചിരുന്നോ ഇല്ലയോ എന്ന് മഴ എന്ന അധ്യായത്തിൽ അന്വേഷിക്കുന്നു. അവസാനമായി മേപ്പാടി പ്രദേശത്തിന്റെ യൂറോപ്യൻ മൂലധനനിക്ഷേപങ്ങൾ സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്നങ്ങൾ ചരിത്രപരമായി അന്വേഷിക്കുകയാണ്. ഈ ഗവേഷണം തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. വനനിയമങ്ങൾ, വയനാട്ടിലെ ഗോത്രവിഭാഗങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങൾ കൂടുതലായി അന്വേഷിക്കേണ്ടതുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.