വയലാർ സാഹിത്യ പുരസ്കാരം എസ്. ഹരീഷിനു സമ്മാനിച്ചു
46-ാമത് വയലാര്‍ സാഹിത്യ പുരസ്കാരം എസ്.ഹരീഷിനു സമ്മാനിച്ചു. വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27-ാം തീയതി വൈകുന്നേരം 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍ പെരുമ്പടവം ശ്രീധരനില്‍ നിന്നും എസ്.ഹരീഷ് പുരസ്‌കാരം സ്വീകരിച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പ്പവും അടങ്ങിയതാണ് പുരസ്‌കാരം. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മീശ’ എന്ന നോവലാണ് ഹരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
പ്രഭാവര്‍മ്മ, കെ. ജയകുമാര്‍, ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായിരുന്ന വി.ജെ. ജയിംസ്, ഡോ.വി.രാമന്‍കുട്ടി, പ്രഫ.ജി.ബാലചന്ദ്രന്‍, ഗൗരിദാസന്‍ നായര്‍, ട്രസ്റ്റ് സെക്രട്ടറി ബി.സതീശന്‍ എന്നിവര്‍ സംസാരിച്ചു.
മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരവും (2020)ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മീശ നോവലിന് ലഭിച്ചിട്ടുണ്ട്.
അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടർന്ന് വാരികയിൽനിന്ന് പിൻവലിക്കപ്പെട്ട നോവൽ പിന്നീട് ഡി സി ബുക്‌സാണ് 2018ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സജീവ ചർച്ചകൾക്ക് വഴിതെളിച്ച മീശ നോവൽ മലയാള നോവൽ സാഹിത്യചരിത്രത്തിൽ നാഴികക്കല്ലായി മാറുകയായിരുന്നു.
2021ലെ വയലാര്‍ രാമവർമ സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ ബെന്യാമിനായിരുന്നു ലഭിച്ചത്. ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന നോവലായിരുന്നു പുരസ്‌കാരം നേടിക്കൊടുത്തത്.
Comments are closed.