DCBOOKS
Malayalam News Literature Website

2019-ലെ വയലാര്‍ അവാര്‍ഡ് വി.ജെ.ജയിംസിന്റെ നിരീശ്വരന്

തിരുവനന്തപുരം: 2019-ലെ വയലാര്‍ അവാര്‍ഡ് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ വി.ജെ.ജയിംസിന്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച വി.ജെ.ജയിംസിന്റെ നിരീശ്വരന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ.എ.കെ. നമ്പ്യാര്‍, ഡോ.അനില്‍കുമാര്‍ വള്ളത്തോള്‍, ഡോ.കെ.വി മോഹന്‍കുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. ഏകകണ്ഠമായാണ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ അവാര്‍ഡ് നിര്‍ണ്ണയസമിതിയില്‍നിന്നും എം.കെ.സാനു രാജിവെച്ചത് ആരോഗ്യപ്രശ്‌നങ്ങളാലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.സി ബുക്‌സ് രജതജൂബിലി നോവല്‍ അവാര്‍ഡ് നേടിയ പുറപ്പാടിന്റെ പുസ്തകം എന്ന നോവലുമായി എഴുത്തിലേക്ക് കടന്നുവന്ന വി.ജെ.ജയിംസിന്റെ ഏറെ നിരൂപകപ്രശംസ നേടിയ നോവലാണ് നിരീശ്വരന്‍. മലയാള നോവലിന്റെ വളര്‍ച്ചയെ നിസ്സംശയമായും അടയാളപ്പെടുത്തുന്ന നിരീശ്വരന്‍ 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് പുരസ്‌കാരം സമ്മാനിക്കും.

വയലാര്‍ രാമവര്‍മ്മ സ്മാരകട്രസ്റ്റ് 1977 മുതല്‍ നല്‍കിവരുന്നതാണ് ഈ പുരസ്‌കാരം. 2018-ല്‍ കെ.വി മോഹന്‍കുമാറിന്റെ ഉഷ്ണരാശിയാണ് വയലാര്‍ അവാര്‍ഡിന് അര്‍ഹമായത്.

Comments are closed.