തമ്പി ആന്റണിയുടെ ‘വാസ്‌കോഡഗാമ’
തമ്പി ആന്‍റണിയുടെ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് വാസ്കോഡഗാമ. വാസ്‌കോഡഗാമ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ഇന്ത്യയിലാദ്യം അധിനിവേശത്തിനായി കാലു കുത്തിയ വാസ്‌കോഡഗാമയുടെ ആദ്യത്തെ കാല്‍പാടുകള്‍ കേരളത്തിലാണു പതിഞ്ഞത്. അതോടെ ഇന്ത്യയുടെ മാത്രമല്ല നമ്മുടെ കേരളത്തിന്റെയും സംസ്‌കാരവും ജീവിതവും വിധിയുമൊക്കെ അപ്പാടെ മാറ്റിയെഴുതപ്പെട്ടു. അത്തരത്തില്‍ ജീവിതം തന്നെ മാറ്റിക്കളഞ്ഞ മറ്റൊരു വാസ്‌കോഡഗാമയുടെ ജീവിതമാണ് തമ്പി ആന്റണി ആ കഥയിലൂടെ വിശദീകരിക്കുന്നത്.
‘എന്റെ കഥയില്‍ ഗാമ എന്നത് ഒരു നായയുടെ പേരാണ്. പണ്ടത്തെ ധീരന്മാരായ ചക്രവര്‍ത്തിമാരുടെ പേരുകള്‍ നമ്മള്‍ നായ്ക്കള്‍ക്ക് ഇടാറുണ്ട്, ടിപ്പു, കൈസര്‍ എന്നൊക്കെ, അതുപോലെ നമ്മുടെ നാടിന്റെ സംസ്‌കാരം തന്നെ മാറ്റിമറിച്ച വാസ്‌കോഡഗാമയുടെ പേര് ഒരു നായ്ക്കിട്ടാല്‍ എന്താണ് എന്ന ചിന്തയില്‍ നിന്നാണ് ആ പേരു നല്‍കുന്നത്. കഥയിലെ പ്രധാന കഥാപാത്രമാണ് ഗാമ. അവന്റെ ആദ്യത്തെ ഉടമസ്ഥന്‍ ഗാമ കാരണമാണ് കുടിയനാകുന്നത്. അയാളുടെ ഭാര്യ അതേച്ചൊല്ലി കലഹമുണ്ടാക്കുന്നു, സ്ഥിരമായി ഉടമയോടൊപ്പം നടക്കുന്ന ഗാമ കള്ളുഷാപ്പിന്റെ മുന്നിലെത്തുമ്പോള്‍ അറിയാതെ നില്‍ക്കും, അങ്ങനെ അവനോടൊപ്പം അവിടെ നിന്ന ഉടമസ്ഥന്‍ അധികം വൈകാതെ ഷാപ്പില്‍ കയറി കള്ളു കുടിക്കാനും ആരംഭിച്ചു. ഭാര്യ പ്രശ്‌നമുണ്ടാക്കിയതോടെ നാട്ടിലെ പള്ളിയിലെ പുരോഹിതന്‍ ഗാമയെ ഏറ്റെടുക്കുന്നു. അതോടെ ആദ്യത്തെ ഉടമ മദ്യപാനം നിര്‍ത്തുന്നു, എന്നാല്‍ പുരോഹിതന്‍ മദ്യപാനം തുടങ്ങുകയാണ്. അവിടെ കഥ അവസാനിക്കുന്നു. ഇതിനു മുന്‍പും കഥകളെഴുതിയിട്ടുണ്ടെങ്കിലും ഈ കഥയാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും. അതിന്റെ പേരും ഇടപെടലുകളുമായിരിക്കണം അതിനു കാരണമെന്നു തോന്നുന്നു’- തമ്പി ആന്‍റണി
പല ആനുകാലികങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട കഥകളുടെ സമാഹാരമായ വാസ്‌കോഡഗാമ പുറത്തിറക്കിയത് ഡി സി ബുക്‌സ് ആണ്.
Comments are closed.