DCBOOKS
Malayalam News Literature Website

‘വന്യതയുടെ ഇന്ദ്രജാലം’ കാനനസ്നേഹികൾക്കായി ഒരു പുസ്തകം

എന്‍ എ നസീറിന്റെ ‘വന്യതയുടെ ഇന്ദ്രജാലം’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന് ലതിക കെ കതിരൂര്‍ എഴുതിയ വായനാനുഭവം

പൊന്തക്കാടിന് പുറകിൽ എന്തോ മാന്തിപ്പൊളിക്കുന്ന ശബ്ദം , പതിയെ ചെടികളെ ഉലച്ചുകൊണ്ട് ഒരു കരടി കാട്ടുവഴിയിലേക്കിറങ്ങി പുഴയോരത്തേക്ക് നടന്നു . മനുഷ്യ ഗന്ധമറിഞ്ഞ നീർനായകൾ സൂക്ഷ്മ നിരീക്ഷണത്തിലാണ് . ഇളം പുല്ലു മേഞ്ഞുനീങ്ങുന്ന ഒറ്റയാൻ കാട്ടി ഒന്ന് പരിഭ്രമിച്ചോ ?പരിസരത്തോടു ചേർന്ന് മറഞ്ഞിരിക്കാൻ കഴിവുള്ള രാച്ചുക്ക് നിലത്തേക്ക് ഒന്നൂടെ പതിഞ്ഞുകിടന്നു . പൊടുന്നനെ കാടിനെയൊന്നാകെ ഞെട്ടിച്ച ചിറകടിയോടെ പറന്നിറങ്ങുന്ന മലമുഴക്കി .. നസീർ മാഷിന്റെ കാടെഴുത്ത് ഒരിക്കലൂടെ ഇന്ദ്രജാലം സൃഷ്ടിക്കുന്നു . കാടൊളിപ്പിക്കുന്ന രഹസ്യങ്ങളെ ഒളിഞ്ഞും തെളിഞ്ഞും നിന്ന് കാണുന്ന കണ്ണുകൾ പകർത്തിയെടുക്കുന്ന കാഴ്ചകൾ വരികളിൽ അനർഗനിർഗളം പ്രവഹിക്കുന്നു , കാട്ടാറിന്റെ ചുറുചുറുക്കോടെ .

മസിനഗുഡിയിലെ കാട്ടിനുള്ളിൽ തന്റെ കൊച്ചുവീട്ടിലിരുന്ന് ആനകളെ സ്നേഹിച്ച ഇ ആർ സി ദാവീദാർ ,ചീതൽ വാക്കിൽ മകൻ മാർക്ക് ദാവീദാർ അദ്ദേഹത്തിന്റെ പിന്ഗാമിയായി കാടിന്റെ അരുമകൾക്ക് കൂട്ടിരിക്കുന്നു .സിഗൂർ നദി കയറിവരുന്ന കാട്ടുകൊമ്പന്മാരെ ബ്രസീലിയൻ കളിക്കാരുടെ പേരിട്ട് ചേർത്തുനിർത്തുന്നു . മനുഷ്യ ക്രൂരതയിൽ പൊലിഞ്ഞുപോയ ‘ റൊണാൾഡോ ‘ യോടൊപ്പം മാർക്ക് ദാവീദാറും കാണാമറയത്ത് മാഞ്ഞുപോയി .ചീതൽ വാക്കിലെ സ്മരണയിൽ ദീപ്തമാവുന്ന നസീർ മാഷ് അവിടെ മുളച്ചുപൊങ്ങുന്ന റിസോർട്ടുകൾ വരുത്തിവെക്കുന്ന വിനകളിൽ ആകുലനാകുന്നുമുണ്ട് .

പെരിയാർ കടുവ സങ്കേതത്തിലെമനോഹരമായൊരു ഫോറെസ്റ് ക്യാമ്പ് ആണ് മുല്ലക്കുടി .പച്ചക്കുന്നുകളാൽ അതിരിട്ട തടാകം .മലകൾക്കിടയിൽ ചിറകു വിരുത്തി ഒഴുകിപ്പറക്കുന്ന വേഴാമ്പലുകൾ .സദാ കിളിമൊഴികളാൽ മുഖരിതമായ , മരം കൊണ്ട് പണിത കെട്ടിടത്തിന്റെ കിടങ്ങിൽ നിന്നും മുട്ട കട്ടെടുത്തു തിന്നുന്ന ഉടുമ്പ് .മാഷിന്റെ വരികളിലൂടെ നൂണു കടക്കുമ്പോൾ ഒരിക്കൽ കൂടി മുല്ലക്കുടിയിൽ എത്തിയപോലെ . Textരാക്കിളിപ്പാട്ടിനിടയിലും തടാകം നീന്തിക്കടക്കുന്ന ആനയുടെ ശ്വാസനിശ്വാസങ്ങൾ ചെവിയിൽ മുഴങ്ങുന്നു .നെല്ലിയാമ്പതി കാടുകൾ വേഴാമ്പൽ സംരക്ഷിത വനമാക്കണമെന്നൊരു നിർദ്ദേശം വച്ചിരുന്നു , ഈയിടെ പോയപ്പോൾ . ഏറ്റവും കൂടുതൽ മലമുഴക്കികൾ വസിക്കുന്ന നെല്ലിയാമ്പതിയിലെ മലമുഴക്കങ്ങളെ മാഷ് ആഹ്‌ളാദത്തോടെ ആസ്വദിക്കുന്നു . സിംഹവാലന്മാരും വേഴാമ്പലുകളും നിറം പകരുന്ന ,സദാ കോട പുതഞ്ഞ നെല്ലിയാമ്പതി , പ്രജനനകാലത്ത് കൂടിനു കീഴെ ഉപേക്ഷിക്കപ്പെടുന്ന വിത്തുകൾ വനസമ്പത്തിന്റെ വർദ്ധനവിന് കാരണമാകുന്നു എന്ന് പറഞ്ഞുവെക്കുന്നു . ( എന്നാൽ ഇന്ന് എസ്റ്റേറ്റുകളിൽ ഉപയോഗിക്കുന്ന herbicides മുളച്ചുപൊങ്ങുന്ന വൃക്ഷതൈകളെ നശിപ്പിക്കുന്നതായി കാണുന്നു ).നെല്ലിയാമ്പതിയിൽ നിന്നും പറമ്പികുളത്തേക്കുള്ള വഴിയിലേക്ക് അദ്ദേഹം നമ്മെയും ഒപ്പം ചേർക്കുന്നു .വെങ്കോളി മലയിലെ പഴയ ക്യാമ്പ് ഷെഡിലിരുന്ന് അകലെ മലയിൽ കാട്ടാടുകൾ കുതിച്ചു പായുകയും ഇറങ്ങുകയും ചെയ്യുന്നത് നോക്കിയിരിക്കുന്നു .

പശ്ചിമഘട്ട മേഖലയിൽ മാത്രം കാണുന്നപക്ഷികളെ വർണ്ണിക്കുന്നുണ്ട് ,അടുത്ത ഭാഗത്ത് .സൂര്യ വെളിച്ചം പതിയുമ്പോൾ ചിതറിവീഴുന്ന നീലിമയും വെണ്മയുമായി നീലഗിരി മരപ്രാവുകൾ ,നിലത്തു ഇരതേടുന്ന നിലത്തുതന്നെ കൂടുകൂട്ടുന്ന മലവരമ്പന്മാർ ,പൊന്തക്കുള്ളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന നീലഗിരി ചിലപ്പന്മാർ , ഓറഞ്ചും കറുപ്പും നിറങ്ങൾ ചേർത്ത് ഒരു കഴിവുറ്റ കലാകാരന്റെ കരവിരുതാൽ തീർത്ത കരിംചെമ്പൻ പാറ്റപിടിയൻ , ഇങ്ങനെ നീളുന്നു അവരുടെ വിവരണം .കൂടെ അദ്ദേഹത്തിന്റെ പടങ്ങളും . ചൂളക്കാക്കയുടെ ഉണർത്തുഗാനം അദ്ദേഹത്തെ മാത്രമല്ല നമ്മെയും ഉണർത്തുന്നു .

കിഴക്കാം തൂക്കായ പാറക്കെട്ടുകൾ അനായാസം ഓടിക്കയറുകയും ഇറങ്ങുകയും ചെയ്യുന്ന നീലഗിരി താർ എന്ന കാട്ടാടുകളുടെ സഞ്ചാരമാണ് തന്നെ മലകയറ്റം പഠിപ്പിച്ചതെന്നു അദ്ദേഹം ഓർക്കുന്നു . അവയെ ഗുരുസ്ഥാനീയരായിക്കാണുന്നു. ഒരു കാടിന്റെ ജൈവ സമ്പന്നതയുടെ പ്രതീകമാണ് കടുവ. കടുവയുള്ള കാട് ജൈവ സമ്പന്നതയുടെ ഉന്നതിയിൽ നിൽക്കുന്നു മനുഷ്യ സ്പർശം കുറഞ്ഞ , ജീവിവർഗങ്ങളുടെ സംതുലനം പാലിക്കപ്പെടുന്ന ഭക്ഷ്യശൃംഗല . ഒരുയാത്രയിൽ കണ്ട, കടുവയുടെ നിലത്തുപതിഞ്ഞ കാലടിയിൽ നിന്ന് പാറിപ്പറക്കുന്ന പൂമ്പാറ്റകൾ വന നിറവിന്റെ പൂർണ്ണതയായി അവതരിപ്പിച്ചത് ഏറെ മനോഹരമായാണ് .

കാട്ടിലെ കൂട്ട് – ഇല്ലിക്കൂട്ടങ്ങളും ആനകളും , പൂക്കളും തത്തകളും , പഴങ്ങളും വേഴാമ്പലുകളും , …… പരസ്പര ബന്ധം അങ്ങനെ നീണ്ടുപോകുന്നു . അവ നൽകുന്ന വർണ്ണകാഴ്ചകളും . മനുഷ്യ ഇടപെടലുകൾ ഗിരിനിരകളെ എന്തുമാത്രം നശിപ്പിച്ചിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ഉരുളായും പ്രളയമായും നാം കാണുന്നത് .എന്നിട്ടും പ്രതികരിക്കാതെ സമൂഹം സ്വയം ശവക്കുഴി തോണ്ടുകയാണെന്നു പറയാതെ പറഞ്ഞുവെക്കുന്നുണ്ട് .
ഋതുക്കൾ ശേഖരിച്ച് നിറച്ചു വച്ചിരിക്കുന്ന തേൻകുടങ്ങൾ നീട്ടി നിൽക്കുന്ന പൂക്കൾ , പൂമ്പാറ്റകളെയും കിളികളെയും കാത്തുനിൽക്കുന്നു .മരച്ചില്ലയിലെങ്ങോ പതിഞ്ഞിരിക്കുന്ന മലയണ്ണാൻ കടന്നുകയറുന്ന മനുഷ്യരെ കൂട്ടുകാർക്ക് കാട്ടിക്കൊടുക്കുന്നു .കരിമ്പച്ച പശ്ചാത്തലത്തിൽ കറുപ്പിന്റെ ഏഴഴകുമായി കരുത്തനായ കാട്ടുപോത്ത് ആ കാഴ്ച നോക്കി നിൽക്കുന്നു .നിശ്ചലനായി നിന്ന് തന്റെ സാന്നിധ്യം ഒളിപ്പിക്കാൻ ശ്രമിക്കുന്നു കഥാകാരൻ .കാട്ടിൽ കാഴ്ചയ്ക്ക് അല്ല ഗന്ധത്തിനാണ് പ്രാധാന്യം എന്ന സത്യം കൂടെ നമ്മെ പഠിപ്പിക്കുന്നു .ആനച്ചൂര് ഉയരുന്ന വഴികൾ ഇല്ലിക്കാടുകളിലേക്കും ചോലകളിലേക്കും നീളുന്നു .

ഇടയ്ക്ക് മണൽക്കാടുകളിലെ പ്രവാസത്തെ കൂടെ ഓർമിക്കുന്നുണ്ട് .മണൽ കൂമ്പാരങ്ങളിൽ പകലിന്റെ ചൂടും രാവിൻറെ തണുപ്പും അറിഞ്ഞ് , കഴിഞ്ഞുപോയ ദിനങ്ങളെയും കാഴ്ചകളെയും. കാഴ്ചകൾ തീരുന്നില്ല , തുടർന്നുകൊണ്ടേയിരിക്കുന്നു. യോഗയും കരാട്ടെയും കാടും ജീവജാലങ്ങളും അതങ്ങനെ ഒഴുകി നീങ്ങുകയാണ് . വരികൾക്കൊപ്പം വായനക്കാരും മസിനഗുഡിയിലും നെല്ലിയാമ്പതിയിലും പെരിയാറിലും പറമ്പികുളത്തും നടന്നുകൊണ്ടേയിരിക്കുന്നു . ചീതൾ വാക്കിൽ നിന്ന് തുടങ്ങിയ യാത്ര അവസാനിക്കുമ്പോൾ നമ്മൾ വന്തറവ് മുടിയിൽ നിന്നും കൊടൈക്കനാൽ ചുറ്റിപ്പോകുന്ന എസ്‌കേപ്പ് റോഡിലെത്തി നിൽക്കുന്നു .കോട തന്റെ തണുത്ത കൈകളാൽ നമ്മെ പുണരുന്നു ,ഇലകളിലെ മഞ്ഞുതുള്ളിയിൽ സൂര്യൻ വൈഡൂര്യം പതിക്കുന്നത് നോക്കിനിൽക്കും . അടുത്തെങ്ങോ നിന്നുയരുന്ന ആനച്ചൂരിൽ അറിയാതെ പിന്നോക്കം നീങ്ങുന്നു , കാട്ടാറിനോരത്തെ നനഞ്ഞ മണ്ണിൽ കടുവയുടെ കാൽപ്പാടുകൾ തിരയുന്നു .മലയണ്ണാന്റെ ചിനപ്പും മലമാനിന്റെ മദ്ദളം കൊട്ടുമായി നമ്മുടെ ഉളളിൽ കാട് സ്പന്ദിച്ചുകൊണ്ടേയിരിക്കും. നടന്നുതീർത്ത വഴികൾ, ഇനി നടക്കാൻ പോകുന്ന വഴികൾ. ആ തപോവനത്തിൽ സംന്യാസിയാവാൻ തോന്നിപ്പിക്കുന്ന
മനോഹരമായൊരു കാടോർമ്മയാണ്‌ ‘ വന്യതയുടെ ഇന്ദ്രജാലം ‘ ആനച്ചൂര് ഉയരുന്ന ,കറുപ്പും മഞ്ഞയും വരകൾ മിന്നിമായുന്ന , നക്ഷത്ര പൊട്ടണിഞ്ഞ , ഋതുക്കളിൽ നിറങ്ങൾ മാറിമറിയുന്ന പശ്ചിമഘട്ട മല നിരകളുടെ അവർണ്ണനീയ സൗന്ദര്യമാണ് അതിന്. ഡി സി ബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകം കാനനസ്നേഹികൾക്ക് സമർപ്പിക്കുന്നു .

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.