വാന്‍ഗോഗിന്റെ കാമുകി
വിന്‍സെന്റ് വാന്‍ഗോഗ് (1853 -1890) എന്ന ചിത്രകാരനെക്കുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത് പ്രീഡിഗ്രിക്കാലത്താണ്. എന്റെ അയല്‍വാസിയും ചിത്രകാരനുമായ ബാബുക്കുട്ടന്‍ തിരുവല്ലയിലെ കലാവസ്തുക്കളും ആര്‍ട്ട് പുസ്തകങ്ങളും വില്‍ക്കുന്ന കടയില്‍നിന്നും സ്വന്തമാക്കിയ ‘ഗ്രേറ്റ് ആര്‍ട്ടിസ്റ്റ്’ എന്ന കലാമാസികയിലൂടെയാണ് ആ മഞ്ഞഭ്രാന്ത് ആദ്യം അനുഭവിക്കുന്നത്. മാര്‍ഷല്‍ കാവന്‍ഡിഷ് വീക്ക്‌ലി കളക്ഷന്‍ പുറത്തിറക്കിയ ആര്‍ട്ട് സീരീസ്
മാസികയില്‍ വാന്‍ഗോഗിന്റെ ജീവിതം, ചിത്രങ്ങള്‍, പ്രചോദനം എന്നിവയെല്ലാം വിശദമായി പ്രതിപാദിച്ചിരുന്നു. വാന്‍ഗോഗിന്റെ ഗോതമ്പ് വയലുകളും സൈപ്രസ്മരങ്ങളും സൂര്യകാന്തിപ്പാടങ്ങളും താരരാത്രികളും ഒലിവ് മരങ്ങളും പൂപ്പാടങ്ങളും മഞ്ഞ കസേരകളും ഉരുളക്കിഴങ്ങ് തിന്നുന്നവരുമൊക്കെ ആ ആര്‍ട്ട് മാഗസിനില്‍നിന്ന് എന്റെ ഹൃദയത്തിലേക്ക് ചേക്കേറി. മാവേലിക്കര ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്നും ചിത്രകലയില്‍ പഠനം പൂര്‍ത്തിയാക്കിയ ബാബുക്കുട്ടന്‍ പോള്‍ ഗോഗിന്‍, പിക്കാസോ, ക്ലോദ് മോനെ തുടങ്ങിയ അനേകം ചിത്രകാരന്മാരെ എനിക്ക് പരിചയപ്പെടുത്തിയെങ്കിലും വാന്‍ഗോഗ് ഉന്മാദത്തിന്റെ അസാധാരണമായ ഒരു ജീവിതം മുന്നില്‍ വരഞ്ഞിട്ടു.
പിന്നീടൊരിക്കല്‍ ചിത്രകാരനായ എന്റെ സുഹൃത്ത് അമൂല്യ രത്‌നം പോലെ പുറംചട്ട പൊതിഞ്ഞ് ‘തിയോയ്ക്കുള്ള കത്തുകള്‍’ എന്ന പുസ്തകം എനിക്ക് സമ്മാനിച്ചു. അതിനുശേഷമാണ് വിഖ്യാതമായ ഇര്‍വിങ് സ്റ്റോണിന്റെ ‘ജീവിതാസക്തി’ എന്ന പുസ്തകം വായിക്കാന്‍ ലഭിക്കുന്നത്. ഇങ്ങനെ പുസ്തകങ്ങളിലൂടെയും ആ വിശ്വപ്രതിഭ ഒരു മഞ്ഞ സൂര്യകാന്തിപ്പൂവുപോലെ എല്ലാ വിസ്മയങ്ങളോടെയും ഉള്ളില്‍ വളര്‍ന്നു. ആയിടയ്ക്കാണ് ഒരു ഫിലിം ഫെസ്റ്റിവലില്‍ അകിര കുറോസോവയുടെ ‘ഡ്രീംസ്’ എന്ന സിനിമയില്‍ വാന്‍ഗോഗിന്റെ കലാലോകം വീണ്ടും കണ്ണിലെത്തിയത്.
വാന്‍ഗോഗിനെപ്പറ്റി എഴുതപ്പെടുന്നതെന്തും വായിക്കുക എന്നത് ഹരമായി മാറിയതോടെ മലയാളത്തില്‍ എഴുതപ്പെട്ട വാന്‍ഗോഗ് കഥകളും കവിതകളും ഒക്കെ വായിച്ചു. മറ്റു ചിത്രകാരന്മാരില്‍നിന്നും വ്യത്യസ്തമായിരുന്നു വാന്‍ഗോഗിന്റെ ജീവിതമെന്ന് വായിച്ചറിഞ്ഞപ്പോള്‍ മുതല്‍ എന്നെങ്കിലും ഒരു നോവല്‍ എഴുതണം എന്ന ആഗ്രഹം ശക്തമാകാന്‍ തുടങ്ങി.
വര്‍ഷങ്ങള്‍ കഴിഞ്ഞ് സോഷ്യല്‍ മീഡിയ യുഗം സംജാതമായതോടെ ഫേസ്ബുക്കിലെ വാന്‍ഗോഗ് ഗ്രൂപ്പുകളില്‍ ഞാന്‍ അംഗമായി. വാന്‍ഗോഗ് ഫാന്‍സിന്റെയും ചിത്രകാരന്മാരുടെയും എഴുത്തുകാരുടെയും കലാവിദ്യാര്‍ഥികളുടെയും വാന്‍ഗോഗ് പഠിതാക്കളുടെയും ഗവേഷകരുടെയും വലിയ വലിയ ഗ്രൂപ്പുകള്‍ ഫേസ്ബുക്കിലുണ്ട്.
അങ്ങനെയിരിക്കുമ്പോഴാണ് വാന്‍ഗോഗിന്റെ പ്രണയങ്ങളെപ്പറ്റി വായിക്കുന്നത്. കാമുകിക്ക് വാന്‍ഗോഗ് ചെവി മുറിച്ചുകൊടുത്തു എന്നുള്ള ഉന്മാദത്തിന്റെ പ്രണയഭ്രാന്ത് എന്നെ വിസ്മയിപ്പിച്ചു. കാമുകിക്കു വേണ്ടി ചെവി മുറിച്ചതല്ലെന്നും അത് സുഹൃത്തും ചിത്രകാരനുമായ
പോള്‍ ഗോഗിനുമായുള്ള ഒരു വഴക്കിനിടയില്‍ സംഭവിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. എന്നിരുന്നാലും പ്രണയത്തിനുവേണ്ടി ഈ ചിത്രകാരന്‍ ബലി കൊടുത്ത ജീവിതം എത്ര എഴുതിയാലും തീരാത്തതാണ്.
ജീവിതകാലം മുഴുവന്‍ ഏകാന്തത വേട്ടയാടിയ വാന്‍ഗോഗ് ഇംഗ്ലണ്ടിലെ തൊഴില്‍കാലത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ സ്ത്രീയുടെ മകളെ പ്രണയിക്കാന്‍ ശ്രമിച്ച് ആദ്യ പരാജയം രുചിച്ചറിഞ്ഞു. പിന്നീട് കസിനായ കീവോസിനോട് വാന്‍ഗോഗ് പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും വാന്‍ഗോഗിന്റെ ഹൃദയം തകര്‍ക്കും മട്ടില്‍ ‘ഇല്ല… ഒരിക്കലുമത് സാധ്യമല്ല’ എന്നാണ് കീവോസ് പ്രണയാഭ്യര്‍ഥന നിരസിച്ചുകൊണ്ട് പറഞ്ഞത്. അങ്ങനെ പ്രണയപരാജയങ്ങളുടെ കയ്പുനീര്‍ ചിത്രകാരന്‍ കുടിച്ചു.
1881-ല്‍ വാന്‍ഗോഗ്, ഹേഗിലേക്ക് രണ്ടാമതും കലാവിദ്യാഭ്യാസത്തിനായി എത്തുന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ അനശ്വരമായ ഒരു പ്രണയം രൂപപ്പെടുന്നത്. ഹേഗിലെ തെരുവുകളില്‍ സിയന്‍ (ക്ലാസിന മരിയ ഹൂര്‍ണിക്ക്) എന്ന ഒരു മോഡലിനെ വാന്‍ഗോഗ് കണ്ടുമുട്ടി. ആ സമയത്ത് വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചിരുന്ന സിയന്‍ തെരുവില്‍നിന്ന് ഗര്‍ഭം ധരിക്കുകയായിരുന്നു. ഒപ്പം ഒരു പെണ്‍കുട്ടിയുടെ അമ്മയുമായിരുന്നു. ഏകാകിയായ ജീവിതം തകര്‍ന്ന മോഡലിന് അഭയം നല്‍കുക, അവളെ പ്രണയിക്കുക എന്നതായി വാന്‍ഗോഗിന്റെ ലക്ഷ്യം.
പിന്നീടുള്ള ഒന്നരവര്‍ഷക്കാലം ഇരുവരും ഒന്നിച്ച് ജീവിച്ചു. സിയനെ വിവാഹം കഴിച്ച് ഒരു കുടുംബജീവിതം നയിക്കാന്‍ വാന്‍ഗോഗ് ആഗ്രഹിച്ചിരുന്നു. അവളുടെ മകള്‍ മരിയയെ സ്വന്തം മകളെപ്പോലെയാണ് വാന്‍ഗോഗ് വളര്‍ത്തിയത്. സഹോദരന്‍ തിയോയും കസിനും വാന്‍ഗോഗിന്റെ ഹേഗിലെ പാട്രണും ഗുരുവും ചിത്രകാരനുമായ ആന്റണ്‍ മോവും ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. അന്യപുരുഷനില്‍നിന്ന് ഗര്‍ഭം ധരിച്ച് സിയന്‍ പ്രസവിച്ച ആണ്‍കുഞ്ഞിന് വാന്‍ഗോഗ് എന്ന സ്വന്തം പേരു നല്‍കി ‘വില്യം വിന്‍സെന്റ വാന്‍ഗോഗ്’. ഈ അനശ്വര പ്രണയത്തിന്റെ, ആ അപൂര്‍വ്വ പ്രണയത്തിന്റെ കഥ പറയാനാണ് ‘വാന്‍ഗോഗിന്റെ കാമുകി’ എന്ന നോവലിലൂടെയുള്ള ശ്രമം. ഭാവനയുടെഅയഞ്ഞ സ്വാതന്ത്ര്യം മഷി നിറച്ചെഴുതിയ ഈ നോവല്‍ വാന്‍ഗോഗിനെ ഒരു ചിത്രകാരന്‍ എന്നതിലുപരി ഒരു ഭയങ്കരന്‍ കാമുകന്‍ എന്ന നിലയില്‍ നോക്കിക്കാണാനാണ് ശ്രമിക്കുന്നത്. ചരിത്രസംഭവങ്ങളെ പിന്‍പറ്റാതെ ഭാവനയുടെ സ്വാതന്ത്ര്യമാണ് നോവല്‍ രചനയില്‍ സ്വീകരിച്ചിരിക്കുന്നത്.
ക്ലാസിന മരിയ ഹൂര്‍നിക്ക് (1850-1904) എന്ന സിയന്റെ കാഴ്ച്ചപ്പാടിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ‘സോറോ’ എന്ന വാന്‍ഗോഗിന്റെ വിഖ്യാത ചിത്രത്തിന്റെ
മോഡല്‍ സിയനാണ്. നെതര്‍ലന്‍ഡ്‌സിലെ ഹേഗില്‍ സിയനൊപ്പം താമസിക്കുന്ന കാലത്താണ് വാന്‍ഗോഗ് രണ്ടാമതും ചിത്രകലയിലേക്ക് ശക്തമായി തിരിച്ചെത്തുന്നത്. മദ്യപാനാസക്തിയും ജീവിതനൈരാശ്യവും വേശ്യാവൃത്തിയുടെ തകര്‍ച്ചയും തകര്‍ത്ത സിയനെ വാന്‍ഗോഗ്
ഹൃദയത്തോട് ചേര്‍ത്തു. 1881 മുതല്‍ 1883 വരെ സിയനെയും കുട്ടികളെയും കേന്ദ്രമാക്കി വാന്‍ഗോഗ് ചിത്രങ്ങള്‍ വരച്ചു. 1883 -ല്‍ ഹേഗ് സ്‌കൂള്‍ എന്ന ചിത്രകലാ സമ്പ്രദായത്തിലെ ചിത്രകാരനും വാന്‍ഗോഗിന്റെ കസിനുമായ ആന്റണ്‍ മോവിന്റെയും അനുജന്‍ തിയോയുടെയും നിര്‍ബന്ധം മൂലം സിയനെ ഉപേക്ഷിച്ച് ഡ്രെന്‍തേ എന്ന സ്ഥലത്തേക്ക് വാന്‍ഗോഗ് വീടുവിട്ടുപോയി.
ശിഷ്ടകാലം അമ്മയില്‍നിന്നു കിട്ടിയ കൈത്തൊഴിലായ തയ്യല്‍പ്പണിചെയ്ത് സിയന്‍ കുടുംബം
പുലര്‍ത്താന്‍ ശ്രമിച്ചെങ്കിലും വാന്‍ഗോഗ് ഉപേക്ഷിച്ചുപോയതോടെ അവള്‍ ഒറ്റപ്പെട്ടു. തയ്യല്‍പ്പണി
ചെയ്തും തറ തുടച്ചും മുന്നോട്ടുകൊണ്ടുപോയിരുന്ന ജീവിതം അമ്പത്തിനാലാം വയസ്സില്‍ 1904 നവംബര്‍ 12-ന് ഷെല്‍ഡെ നദിയില്‍ ചാടി സിയന്‍ അവസാനിപ്പിച്ചു. 1890-ല്‍ വാന്‍ഗോഗ് നെഞ്ചിലേക്ക് വെടിയുതിര്‍ത്ത് ജീവന്‍ വെടിഞ്ഞതിന്റെ കൃത്യം പതിന്നാലാം വര്‍ഷം. വാന്‍ഗോഗ് ഉപേക്ഷിച്ചു പോകുമ്പോള്‍ സിയന്‍ ഡയറിയിലെഴുതി:
‘ആ ചീത്ത ശീലങ്ങള്‍ എന്നെ വീണ്ടും വഴിതെറ്റിക്കുന്നു. അതെന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പി
ക്കുന്നു.”വാന്‍ഗോഗിന്റെ കാമുകി’ എന്ന ഈ നോവലില്‍ സിയന്റെ കണ്ണിലൂടെ വാന്‍ഗോഗിനെ നോക്കിക്കാണാനാണ് ശ്രമിച്ചിരിക്കുന്നത്. പ്രണയം ഒരു വ്യക്തിയെ എങ്ങനെയെല്ലാം വിവര്‍ത്തനം ചെയ്യുന്നു എന്ന ആലോചനകളാണ് നോവല്‍ രചനയില്‍ രൂപപ്പെട്ടത്.
Comments are closed.