DCBOOKS
Malayalam News Literature Website

‘വല്ലി’; കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനം; വന്യസംസ്‌കൃതിയുടെ വിശുദ്ധരാഗവും

ഷീലാ ടോമിയുടെ വല്ലി ഒരു രാഷ്ട്രീയ നോവലെങ്കില്‍, തീര്‍ച്ചയാണ്, ഇതിവൃത്തത്തെ നയിക്കുന്നത് വിപ്ലവകാരിയായ പത്മനാഭനാണ്.

ഇതൊരു പാരിസ്ഥിതിക ആഖ്യായികയെങ്കില്‍ നായിക ഇസബെല്ല.
ഒരു സങ്കീര്‍ത്തനകഥയെങ്കില്‍ സൂസനാണ് നായിക.
ഈയൊരു സൃഷ്ടി ഇരുട്ടോളം കരുത്തുറ്റ കാടെങ്കില്‍ നായകന്‍ ബസവന്‍.
കാളിയായി, വനദുര്‍ഗയായി, ശ്രീകുറുമ്പയായി,
കാഞ്ചനസീതയായി, ഉണ്ണിയച്ചിയായി,

ഇടമുറിയാത്ത സ്ത്രീസഞ്ചാരത്തിന്റെ വന്യമിത്തുകള്‍ മുഴുവന്‍ ഒടുവില്‍ ടെസ എന്ന ആധുനികപ്രകൃതിയിലേക്കു സന്നിവേശിപ്പിച്ചു കൊണ്ടാണ് നോവലിന്റെ മാനസികമേഖല തൃപ്തിയടയുന്നത്.

വായിച്ചു തീരുന്നതിനിടെ നാലുതലമുറക്കാര്‍ നമ്മുടെ മുന്നില്‍ വരുന്നുണ്ട്. (റോസ് പൗലോസ്-സാറ-സൂസന്‍- ടെസ/ആഞ്ഞിലിക്കുന്നേല്‍ കൊച്ചൗസേഫ്-ഐവാച്ചന്‍-ലൂക്ക-ജോപ്പന്‍). അവരൊക്കെ, പല കാലങ്ങളിലൂടെ കടന്നുപോയിട്ടും ആ കഥാപാത്രങ്ങളെല്ലാം, സമപ്രായത്തിന്റെ പുതുരാഗത്തോടെ വായനയില്‍ അവശേഷിക്കുന്നു. അതൊരു വിസ്മയമാണ്. സ്വന്തം ഭാവനയുടെ ലോകമുപേക്ഷിച്ച് സ്വയമൊരു കഥാപാത്രമായി മാറുന്ന രചയിത്രി തന്റെ ഹൃദയത്തിന്റെ മാന്ത്രികതയാല്‍ ജീവന്‍ നല്‍കിയവരാണ് ഓരോ കഥാപാത്രവുമെന്നതായിരിക്കാം ആ വിസ്മയത്തിന്റെ പൊരുള്‍.

ഭൂമി, വള്ളി, കൂലി എന്നീ അര്‍ഥതലങ്ങളെ ചുറ്റിനില്‍ക്കുന്നതാണ് ‘വല്ലി’യെന്ന നാമധേയം. നോവലിന്റെ അടയാളങ്ങളാവട്ടെ, സൂസന്റെ ഡയറിക്കുറിപ്പുകളും ടെസയെ തേടിയെത്തിയ കത്തുകളുമാണ്. കാട്, കുടിയേറ്റം, വിമോചന രാഷ്ട്രീയം എന്നിവയുടെ സംഘര്‍ഷാനന്തര പ്രമേയങ്ങള്‍ക്ക് നോവല്‍ ഒരവതാരികയുമാണ്.

മലങ്കാടുകളിലേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രസന്ധികളെ അടയാളപ്പെടുത്തുന്ന ചില രചനകള്‍ മലയാളസാഹിത്യത്തിനു മുമ്പേ ലഭിച്ചിട്ടുള്ളതാണ്. അവയില്‍ അതിജീവനപരമായ ഉള്ളടക്കത്തില്‍,
വിഷകന്യക (എസ്.കെ.പൊറ്റക്കാട്), ഒറോത (കാക്കനാടന്‍), നെല്ല് (പി.വത്സല ), മാവേലി മന്റം (കെ.ജെ.ബേബി ), കൊച്ചരേത്തി (നാരായന്‍), കാട് (ഇ.എം. കോവൂര്‍) തുടങ്ങിയ കൃതികളെ ഓര്‍മപ്പെടുത്തുന്നതാണ് ഷീലാ ടോമിയുടെ ‘വല്ലി’യും.

കാടിനെ കേദാരമായി മാറ്റിയെടുത്ത് ഉപഭോഗസങ്കേതമാക്കാനുള്ള സാഹസങ്ങളാണ് ‘വിഷകന്യക’ വിസ്തരിക്കുന്നത്. കൃഷിസ്ഥലം പോര്‍ക്കളവും അധ്വാനം യുദ്ധവുമാണ് എസ്.കെ.പൊറ്റക്കാടിന്. ‘ഒറോത’ യില്‍ കാടിന്റെ ദിവ്യമൂര്‍ത്തിയെ വെളിപ്പെടുത്തുന്ന അധ്വാനത്തിന്റെ വേദാന്തങ്ങളാണ് നിറയുന്നത്. ‘അടിമകളുടെ ചോര കുടിച്ചു വളര്‍ന്ന വയല്‍’ അധികാരത്തിനെതിരായ സമാന്തരഭൂമിയായി ‘മാവേലി മന്റ ‘ത്തില്‍ പൊരുതുന്നു. ‘കൊച്ചരേത്തി’യില്‍ കാട് കീഴാളന്‍ പ്രയത്‌നിച്ചുണ്ടാക്കിയ മേലാളര്‍ക്കു വേണ്ടിയുള്ള വിഭവ മേഖലയാണ് .’മരങ്ങളുടെ വേരുകള്‍ തമ്മില്‍ കെട്ടുപ്പിണഞ്ഞു ഭൂമിക്കടീല്‍ കിടക്കുന്ന’ ദൃശ്യം ഇ.എം. കോവൂരും(കാട്) വരച്ചിടുന്നു.

‘വല്ലി’യിലെത്തുമ്പോഴേക്കും കാടിന്റെ ജനിതകം ഛിന്നഭിന്നമാക്കപ്പെട്ടു കഴിഞ്ഞു. ജീവിതാഭയം തേടി മലങ്കാടുകളോടു മല്ലടിക്കുന്ന മനുഷ്യനല്ല, മലയുംകാടും കവര്‍ച്ച ചെയ്യുന്ന ഭീമാകൃതചൂഷകനാണ് ചരിത്രം തിരിക്കുന്നത്. കുടിയേറ്റത്തിന്റെ കാഹളമല്ല, കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനങ്ങളാണ് മാറ്റൊലിക്കുന്നത്. ഈയൊരു ചരിത്രഗതിയില്‍ ദിശാനിര്‍ണയം നടത്തേണ്ടുന്ന പാരിസ്ഥിതിക രാഷ്ട്രീയത്തെ വേദമായി കണ്ടുള്ള വിശ്വാസം സമരാത്മകമാക്കുകയാണ് നോവലിസ്റ്റ്. തിരുവചനങ്ങളുടെ പുസ്തകത്തില്‍ വിമോചനത്തിന്റെ വെളിച്ചം കണ്ടെത്തുന്ന ഫാദര്‍ ഫെലിക്‌സ് മുല്ലക്കാട്ടിലെന്ന കഥാപാത്രം പിറക്കുന്നതങ്ങനെയാണ്.

കടലിന്റെ പുത്രന്‍ ആബ വളര്‍ത്തിയ അനാഥനായ തൊമ്മിച്ചന്‍ മലേമ്ര ഗാരുവായി (മലമുകളിലെ പ്രഭു) ഉയര്‍ത്തപ്പെടുന്നതും അതുകൊണ്ടു തന്നെ. തൊമ്മിച്ചന്റെ യാത്ര സാറയുമൊത്തുള്ള ഒളിച്ചോട്ടമോ കുടിയേറ്റ പലായനമോ അല്ല,ആ നിയോഗം മറ്റൊന്നാണ്: ‘ഇതിനു വേണ്ടിയാവാം മല കയറി ഈ കാട്ടുമുക്കില്‍ വന്നു വീണത്. വലിയ ലക്ഷ്യബോധമൊന്നുമില്ലാതെ, മനസ്സിനൊത്ത പെണ്ണിനെ സ്വന്തമാക്കിയതാണ് സ്വര്‍ഗമെന്നു നിനച്ചു നടന്നവന് കാലം കാത്തുവച്ച കര്‍മപഥം. വയനാട്ടില്‍ വന്നിറങ്ങി വഴിതെറ്റി കാട്ടില്‍ അലഞ്ഞ അതേ നാളില്‍ തനിക്കും കാടിനുമിടയില്‍ ഒരു നിശ്ശബ്ദഉടമ്പടി നടന്നിരിക്കണം.”

തൊമ്മിച്ചനെന്ന അധ്യാപകനു മുന്നില്‍ കാട് ഒരു പാഠപുസ്തകമായി മാറി…

പ്രകൃതിയുടെ ആത്മാവിനു കവചം തീര്‍ക്കാനുള്ള മനുഷ്യ സന്നാഹങ്ങളുടെ തുടര്‍ക്കഥയാണ് കൃതിയില്‍ ഉടനീളം മുറിഞ്ഞും ചിതറിയും കിടക്കുന്നത്. പരാജയപ്പെട്ട വിപ്ലവത്തിന്റെ ചോര ഏതു നിറത്തിലാണെന്നു കാടിന്റെ രഹസ്യാവയവങ്ങള്‍ വെളിപ്പെടുത്തുന്നു. ഭ്രാന്ത് അനുഗ്രഹമായി കിട്ടിയ കാളിയുടേയും സൗന്ദര്യം അനുശ്ശാപമായി മാറിയ സുലൈമാന്റെ മകള്‍ ആയിഷയുടേയും ചോരയൂറ്റിയ ചെകുത്താന്മാരുടെ കൊടി ഉന്മത്തമാകുന്നത് അതേനിറം കൊണ്ടാണ്. കുടിയേറ്റത്തേക്കാള്‍ കുടിയിറക്കം ചരിത്രപീഡനമായി മാറിയ കാലഘട്ടമാണ് ഇതിവൃത്തത്തില്‍ അനാവൃതമാകുന്നത്.

”കര്‍ഷകന്റെ കണ്ണുനീര്‍ കുത്തിയൊഴുകി. ഭീകരമായ കുടിയിറക്കല്‍…ജന്മിയില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി സെക്ഷന്‍ പതിനേഴില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരു തുണ്ടു ഭൂമി കൈവശമുള്ളവരും വനംവകുപ്പിന്റെ കണ്ണില്‍ കയ്യേറ്റക്കാരായി. ‘

വിളവെടുപ്പിനു കാത്തുനിന്ന ഭൂമിയുടെ നിലവിളി വയലുകളെ പോര്‍ക്കളങ്ങളാക്കിയെങ്കിലും പാടത്ത് മുറിഞ്ഞു വീണ മുദ്രാവാക്യങ്ങളും പതിരായിപ്പോയ പടയണികളും സ്വപ്നരീതികളെ ഭയാനകമാക്കിക്കൊണ്ടിരുന്നു.വയനാടിന്റെ വിപ്ലവസഹജമായ ഗൃഹാതുരതയുടെ നിരര്‍ഥകമായ ജലരേഖ നോവലില്‍ ഇഴഞ്ഞൊഴുകുന്നതു കാണാം. പ്രതിരോധപരവും സ്വപ്നതീവ്രവുമായ ഒരു ലോകമാണ് കാടെന്ന് ‘മാവേലി മന്റം’ കണ്ടെത്തിയ പാഠഭേദങ്ങളെ പിന്തുടരുകയാണ് ‘വല്ലി’യും.

‘ഒളിയിടം തേടുന്നവര്‍ക്ക് വയനാടിനോളം നല്ല ഇടമില്ലെ”ന്ന പീറ്ററിന്റെ വാക്കുകള്‍ തുടക്കത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ പീറ്റര്‍ തന്നെ അതേ നാടിനെ ഉപേക്ഷിച്ച് അന്യദിക്കുകളുടെ രഹസ്യത്തിലേക്ക് അപ്രത്യക്ഷമാകുകയാണ്.

പലരുടെയും തിരോധാനം പലായനമാവാം, കൊല്ലപ്പെട്ടതാവാം, ഉന്മൂലനം ചെയ്യപ്പെട്ടതാവാം…ആ ദേശത്തിന്റെ തടവറയില്‍ നിന്ന് കാണാതായവര്‍ ഒരാള്‍ മാത്രമല്ല. നക്‌സലൈറ്റ് വര്‍ഗീസിനെ പോലീസ് വെടിവച്ചു കൊന്ന സമയത്താണ് വയനാടിന്‍ മണ്ണില്‍ തൊമ്മിച്ചനും സാറയും കാലു കുത്തിയത്.അന്നവരെ സ്വാഗതം ചെയ്ത കേളു മൂപ്പന്റെ മകന്‍ മല്ലനില്‍ തുടങ്ങുന്നു ആ പരമ്പര.

കുടിയിറക്കത്തിന്റെ മരവിച്ച വേദനയിലവസാനിക്കുന്ന’വിഷകന്യക’യിലെന്ന പോലെ വിഷാംശമേറ്റ മണ്ണിനെ വെടിയുന്നവരെത്രയോ പേര്‍…കുടിയനാശാന്‍ വാകമറ്റം വര്‍ക്കിയുടെ തിരോധാനത്തിനു ശേഷം ഭാര്യ തെയ്യാമ്മയും പെണ്‍മക്കള്‍ ആനിയും മേരിയും നാടിറങ്ങുന്നത് സങ്കടല്‍നിവര്‍ത്തിക്കൊണ്ടാണ്. പ്രേഷിതവൃത്തിയിലഭയം തേടി ഇസബെല്ലയും ഒന്നിലേറെ തവണ ‘വാസനക്കാടു’ വെടിഞ്ഞു. പീറ്റര്‍ പിന്നെ പ്രത്യക്ഷനായതേയില്ല.

പീറ്ററിന്റെ മകന്‍ ജയിംസ് മാത്രമാണ് അതിജീവനത്തിന്റെ അച്ചുതണ്ടില്‍ തലയുയര്‍ത്തി നിന്നത്. സ്‌നേഹം, പ്രകൃതി, വിപ്ലവം എന്നിവയുടെ പരാജിതഘട്ടത്തിന്റെ സമ്മിശ്രഗണിതത്തെ അതിനു യോജിച്ച ഭാഷാമൃദുലത കൊണ്ടു വിളയിച്ചെടുത്തതാണ് ഈ നോവല്‍.

വ്യത്യസ്ത ദേശസാങ്കേതികതകളെ ബന്ധിപ്പിക്കാനുള്ള ചില പരീക്ഷണങ്ങളും നോവല്‍ശില്പത്തെ സവിശേഷമാക്കുന്നുണ്ട്. ഓരോ കഥാപാത്രവും പ്രവേശിക്കുമ്പോള്‍ അവരുടെ അടയാളങ്ങളില്‍ ഭൂതകാലം മാത്രമല്ല, ഭാവിയും വെളിപ്പെടുത്തുന്ന രേഖാ വിദ്യ ശ്രദ്ധേയമാണ്. തിരുവചനങ്ങളുടെ ആത്മപരിസരത്തേക്ക് സൃഷ്ടിയെ കൂടുതലടുപ്പിക്കാനുള്ള ശ്രമം ഇതിഹാസഭാവത്തെ സുദീപ്തമാക്കുമെങ്കിലും, തന്റേതായ കാവ്യരീതിയും ദാര്‍ശനികഭാവവും സ്ഫുരിക്കുന്ന ഒട്ടനേകം വചനങ്ങളുടെ തനിമ ബൈബിള്‍ പ്രസരത്തില്‍ മുങ്ങിപ്പോവുന്നു. അതുപോലെ, സംഭവഗതിയുടെ സ്വാഭാവികതയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന കേട്ടുപഴകിയ പാട്ടുകള്‍, നോവലില്‍ രേഖപ്പെട്ട പണിയപ്പാട്ടുകളുടെ നാടോടികതയെയും അലോസരപ്പെടുത്താം.
എങ്കിലും ആദിവേരുകളുടെ സംഗീതം തുടിക്കുന്ന ഏതു വരികളും വന്യസംസ്‌കൃതിയില്‍ വിടര്‍ന്ന വിശുദ്ധരാഗങ്ങളുടെ അപാരത കാട്ടിത്തരുന്നു. സാഹസികാന്വേഷണങ്ങളിലൂടെ നാടോടികതയുടെ പ്രാചീന മധുരം ഈ വിധത്തില്‍ സമാഹരിച്ച നോവലിസ്റ്റിനെ അഭിനന്ദിക്കാതെ വയ്യ.

കമ്പളപാടത്ത് പണിക്കിടയില്‍ പതിഞ്ഞു കേട്ടിരുന്ന നാട്ടിപ്പാട്ടുകള്‍ കെ.ജെ.ബേബിയുടെ ‘മാവേലി മന്റ’ത്തിലും കാക്കപ്പുലയുടെ സമയത്തെ പാട്ടുകള്‍ പി.വത്സലയുടെ ‘നെല്ലി’ലും കണ്ടതിനേക്കാള്‍ സമൃദ്ധമാണ് ഈ കൃതിയില്‍ സന്നിവേശിപ്പിച്ച ഗോത്രവിസ്തൃതിയുടെ സാരാംശം, സര്‍ഗാത്മകതയുടെ പരീക്ഷണശാലയില്‍ തപസ്സിരുന്നതിന്റെ ഗുണങ്ങള്‍.

പ്രണയപ്പകര്‍ച്ചകളെ ആവിഷ്‌കരിക്കുന്നതില്‍ എഴുത്തുകാരിയുടെ കരവിരുത് എടുത്തു പറയേണ്ടതാണ്. സൗന്ദര്യഭാവത്തിന്റെ സൂചിത്തുമ്പു കൊണ്ട് തുന്നിയൊരുക്കുന്ന ആഖ്യാനപാടവം പലേടത്തും ദൃശ്യമാണ്. അനുരാഗകലയുടെ ഞൊറിവുകള്‍ക്ക് ഭംഗംവരാതെ, ഭാഷയ്ക്ക് വള്ളിപുള്ളി വര്‍ണം ചാര്‍ത്തുന്ന മിതത്വം തഴക്കംവന്ന ഒരെഴുത്തിന്റേതാണ്:

നോക്കൂ, കാടിന്റെ കാവല്‍ക്കാരനായ ബസവനും വില്ലാളിവീരയായ രുക്കുവും കാട്ടുചോലയില്‍, ഹൃദയം കോര്‍ക്കുന്ന രംഗമുണ്ട്. അതുകണ്ട് ആ നിമിഷങ്ങളില്‍ ഇണയാനകള്‍ക്ക് മനുഷ്യരോട് ഇഷ്ടം തോന്നിയത്രെ.

”രണ്ടു കരച്ചിലുകള്‍ ചോലയിലേക്കിറങ്ങി. അരയോളം വെള്ള കാണി. പച്ചെ ആകാശ വരെ ഇഷ്ട ഉണ്ടു…
രുക്കു പാറപ്പുറത്തു മലര്‍ന്നു കിടന്നു. നനഞ്ഞ ചേല ഊരിയെടുത്ത് ബസവന്‍ ഉണങ്ങാനിട്ടു.
അരുവിക്കരയിലെ ചെമ്പകം പൂത്തു. കുളക്കോഴികള്‍ നീന്തല്‍ നിര്‍ത്തി. ചില്ലകളില്‍ മറഞ്ഞിരുന്ന് കിളികള്‍ എന്തോ ചിലച്ചു കൊണ്ടിരുന്നു.
‘പക്കിച്ചികളു വൈന്നേര എന്തെനെയാ പറയിബെയ്?’ബസവന്‍ ചോദിച്ചു.
‘നീങ്ക ഇങ്ക് ബാ.. ഇങ്ക് ബാന്ന് ‘ രുക്കു ചിരിച്ചു.
ഓരോ സ്വരവും ഏത് പക്ഷിയുടേതെന്ന് അവര്‍ തമ്മില്‍ മത്സരമായി.
ഓരോ വാസനയും ഏതു പൂവിന്റേയെന്നും.
‘ നിനാക്കു ചെമ്പകമണ പൊണ്ണേ’ ബസവന്‍ ചെമ്പകപ്പൂവിനെ ഉമ്മ വച്ചു.
‘നിനാക്കു ബയിലുചളിന മണ ബസവാ’ വയല്‍ച്ചേറില്‍ രുക്കു പൂണ്ടു മറിഞ്ഞു.

ചോലയില്‍ നീരു കുടിക്കാന്‍ വന്ന കൊമ്പനും അവന്റെ കൂട്ടുകാരിയും മുളങ്കൂട്ടത്തിനു പിന്നില്‍ ഏറെ നേരം കാത്തു നിന്നു. ഭൂമി നിറഞ്ഞ് പ്രണയം പെയ്യുന്നതും ചോല അരുവിയാകുന്നതും അരുവി പുഴയാകുന്നതും നോക്കിനില്‍ക്കെ ഇണയാനകള്‍ക്ക് മനുഷ്യനോട് പെരുത്തിഷ്ടം തോന്നി.
മീന നിലാവില്‍ വള്ളിയൂര്‍കാവിലെ ഉത്സവമേളം മുറുകുമ്പോള്‍, രുക്കുവും ബസവനും പുഴക്കരയിലായിരുന്നു: ‘തമ്പ്രാന്‍കുന്നും ആശ്രമക്കൊല്ലിയും കടന്ന്, ആകാശം തൊട്ടു പറന്ന്, ഏതൊരു തമ്പ്രാനും തോല്പിക്കാനാവാത്ത ആവേഗത്തോടെ ആടിത്തളര്‍ന്ന് അവര്‍ ആറ്റുദര്‍ഭകള്‍ക്കിടയില്‍ കെട്ടിപ്പിടിച്ചു കിടന്നു. നിലാവ് പുഴയായി. പുഴ നിലാവായി.’

വി.കെ.എന്നിന്റെ ‘പട്ടണം പൊടി ‘എന്ന കഥയില്‍ ‘നിലാവില്‍ തുള്ളുന്ന പുഴ ‘ കണ്ടിട്ടുണ്ട് .ഇത് അതിലും കേമം.അനുരാഗത്തിന്റെ ധ്രുവങ്ങളെ കൂട്ടിമുട്ടിക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യം!

ഷീലാ ടോമിയുടെ വല്ലി എന്ന പുതിയ നോവലിന് എ. പത്മനാഭന്‍ കാവുമ്പായി എഴുതിയ വായനാനുഭവം.

കേട്ടറിവിൽ നിന്നും പിറവിയെടുത്ത സാറാ ജോസെഫിന്റെ ബുധിനി, മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍ കെ.ജെ. ബേബിയുടെ ഗുഡ് ബൈ മലബാർ, കുടിയിറക്കത്തിന്റെ മേഘസ്‌ഫോടനം; വന്യസംസ്‌കൃതിയുടെ വിശുദ്ധരാഗവും ഷീലയുടെ ‘വല്ലി’ എന്നീ 1029 രൂപയുടെ മൂന്ന് കൃതികൾ ഒന്നിച്ചു ഡൗൺലോഡ് ചെയ്യാം ഇപ്പോൾ വെറും 99 രൂപയ്ക്ക് .

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.