‘വല്ലി’ യിൽ വിടരുന്ന വിദ്യാഭ്യാസം
ഷീല ടോമിയുടെ വല്ലി എന്ന നോവലിന് അബ്ബാസ് അലി (ഡയറ്റ് പ്രിൻസിപ്പൽ, വയനാട്) എഴുതിയ വായനാനുഭവം
കുടിയേറ്റവും വയനാടൻ ജീവിതവും പ്രമേയമായ കുറച്ചു രചനകളേ മലയാളത്തിലുണ്ടായിട്ടുള്ളൂ. അക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒരു രചനയാണ് ഷീലാടോമിയുടെ വല്ലി.
2019 ൽ പുറത്തിറങ്ങിയ നോവൽ ഇതിനകം നിരവധി പേർ വായിക്കുകയും പുതിയ പതിപ്പ് പുറത്തിറങ്ങുകയും ചെയ്തു. വല്ലിയുടെ പ്രമേയം ,ആഖ്യാന രീതി ,രാഷ്ട്രീയം എന്നിവയൊക്കെ പല രീതിയിൽ വായിക്കപ്പെട്ടിട്ടുണ്ടാകും.
വല്ലി പലതരത്തിൽ വിദ്യാഭ്യാസ പ്രവർത്തകരുടെ പാഠമാകുന്നു എന്ന തോന്നൽ മാത്രമാണ് ഇവിടെ എഴുതുന്നത്
കുടിയേറ്റ കർഷകനും പ്രകൃതി സംരക്ഷണവും മുഖാമുഖം പോരടിച്ച് നിൽക്കുന്ന ഇക്കാലത്ത് വല്ലിയൊരുക്കുന്ന വയനാടൻ ഭൂമികയ്ക്ക് സവിശേഷ പ്രാധാന്യമുണ്ട്. തീ പിടിച്ച കാടിനും ശബ്ദമില്ലാത്ത മനുഷ്യർക്കും ലിപിയില്ലാത്ത ഭാഷയ്ക്കുമായി സമർപ്പിച്ച ഈ ബൃഹത് നോവൽ കഴിഞ്ഞ രണ്ടു തലമുറകൾ കൊണ്ട് ,നമ്മുടെ ജീവിതം ഏതു രീതിയിൽ മാറിപ്പോയി എന്നു പ്രതിപാദിക്കുന്നൊരു പാഠപുസ്തകമാണ്.
വല്ലിയെന്നാൽ കൂലി മാത്രമല്ല, ഭൂമികൂടിയാണ് എന്നു നോവൽ ഓർമിപ്പിക്കുന്നുണ്ട്.വയനാട്ടിലെ ആദിവാസിയുടെ ഭൂമിക്കും കൂലിക്കും വിദ്യാഭ്യാസത്തിനുമായി ആത്മാർഥമായി പ്രവർത്തിച്ചവർക്ക് എന്തു സംഭവിച്ചു എന്നു വരും തലമുറ അറിയണം. ലോക ചരിത്രം മുഴുവൻ പഠിക്കാനുണ്ടാവുകയും നാടിന്റെ ചരിത്രമറിയാതെ പോവുകയും ചെയ്യുന്നവരാണ് വിദ്യാർത്ഥികൾ.
വായനയിൽ കാടിന്റെ അതിമനോഹരമായ ഇടങ്ങളിൽ നാമെത്തിച്ചേരുന്നുണ്ട്. ഇരുണ്ട വന്യതയിൽ ഭയപ്പെടുന്നുണ്ട്. വയനാടൻ കാട്ടിലെ മരങ്ങൾ ജീവികൾ എന്നിവയെല്ലാം നിരന്നു നിൽക്കുന്ന സുദീർഘ വാക്യം അവസാനിക്കുന്നത് “നൂറു നൂറായിരം സൂക്ഷ്മ ജീവികളുടെ കാട്, … കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാടു നിറയെ മഞ്ഞു പെയ്തിരുന്നു ” എന്ന ദൃശ്യം നമുക്കു കാണിച്ചു തന്നു കൊണ്ടാണ്. കാടെല്ലാം വെളുപ്പിച്ച് ,നാം യൂക്കാലിയും തേക്കും വെച്ചു പിടിപ്പിച്ചു.അടിക്കാടിനെ വിഴുങ്ങുന്ന ചെകുത്താൻ കൊന്നയും മറ്റ് അധിനിവേശ ചെടികളും നിറഞ്ഞ മരക്കൂട്ടത്തെയാണ് നാമിപ്പോൾ കാടായി കാണുന്നത്. ആ കാട്ടിൽ നിന്നാണ് വന്യമൃഗങ്ങൾ ഇറങ്ങി വരുന്നത്.
കുടിയേറ്റത്തിന്റെ കഷ്ടപ്പാടുകളും ആദിവാസി സമൂഹത്തിന്റെ ദൈന്യതകളും കൈകോർത്തു പോവുകയും പോരടിക്കുകയും ചെയ്തതാണ് ചരിത്രം . ഉൾക്കാടുകളിൽ മനുഷ്യർ ജീവിച്ചതെങ്ങനെയെന്നും എന്തിനെന്നും വിസ്മയപ്പെടാനും എങ്ങനെ ആദിവാസികൾ ഭൂമിയിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും നിഷ്കാസിതരായി എന്ന് ആലോചിക്കാനും ഭാവി വിദ്യാർഥികൾക്കെങ്കിലും സാധിക്കണം.
ജന്മിത്തക്രൂരതകൾക്കെതിരെ വയനാട്ടിൽ നടന്ന ചെറുത്തു നിൽപുകളും സമരങ്ങളും ,നക്സലൈറ്റ് എന്നു സംശയിച്ചവരെപ്പോലും അക്കാലത്ത് പോലീസ് എങ്ങനെയാണ് നേരിട്ടതെന്നും വല്ലി പറഞ്ഞു തരും .
ഗോത്ര ജനതയുടെ അവസ്ഥ മെച്ചപ്പെടുത്തിയെടുക്കാൻ പരിശ്രമിച്ച നിരവധി സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകരുടെ പ്രതിനിധികളാണ് തൊമ്മിച്ചനും പീറ്ററും പപ്പനുമെല്ലാം . ജീവിത ഗന്ധിയായ വിദ്യാഭ്യാസത്തിനായി ‘കനവ് ‘ നടത്തിയ ബദൽ വിദ്യാഭ്യാസ പരിശ്രമങ്ങളെ നോവലിലെ ‘കാടോരം സ്കൂൾ ‘ഓർമിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസം നേടുന്ന പുതുതലമുറ കാടിൽ നിന്നും ജീവിതത്തിൽ നിന്നും അകന്നു നിൽക്കുന്നതും നാം കാണുന്നു.
പ്രകൃതി -വനം സംരക്ഷണത്തിനായി കടുത്ത നിയമങ്ങളുണ്ടാകുമ്പോഴും റിയൽ എസ്റ്റേറ്റ് -ടൂറിസം വമ്പൻമാർ പ്രകൃതിയെ നിർബാധം ഇടിച്ചു നിരത്തുന്നു. അതിനിടയിലാണ് നാം സ്കൂളിൽ പരിസ്ഥിതി കവിതകൾ പഠിച്ചു കൊണ്ടിരിക്കുന്നത്.
നാം എങ്ങനെ ഇങ്ങനെയായി എന്നു തിരിച്ചറിയാത്തിടത്തോളം കാലം സ്കൂൾകേന്ദ്രിത വിദ്യാഭ്യാസം നിഷ്ഫലമായിരിക്കും.
നോവലിന്റെ ആദ്യ ഭാഗങ്ങളിൽ ഓരോ ഗോത്രഭാഷാപദങ്ങൾക്കും മലയാള അർഥവും വിശദീകരണവും നൽകുന്നുണ്ട്. തനതു ഭാഷയുടെ ശക്തിയും സാംസ്കാരികസത്തയും നമുക്കു തിരിച്ചറിയാനും കഴിയുന്നുണ്ട്.
കഥയ്ക്കും കഥാപാത്രങ്ങൾക്കുമൊപ്പം പതുക്കെ വായനക്കാരും ഇത്തിരിയായി ഗോത്രഭാഷയോടു ചേർന്നു നിൽക്കുന്നു. പദങ്ങൾ ആശയങ്ങൾ എന്നിവ മനസ്സിലാക്കുന്നു. വിദേശത്തു ജോലി ചെയ്യുന്നതിനാൽ ഭാഷാപഠനവുമായി ബന്ധപ്പെട്ട അനുഭവങ്ങളുള്ളതു കൊണ്ടാവാം നോവലിസ്‌റ്റ് പതിയെ വിവർത്തനത്തിൽ നിന്നു മാറി നിൽക്കുകയും നമുക്കും ഗോത്രഭാഷ പഠിക്കാനാവും എന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നതായി തോന്നുന്നു.
“മക്കൾ ,ഒരിക്കലും വായിക്കാൻ ആഗ്രഹിക്കാത്ത, വായിച്ചു തീർക്കാത്ത പുസ്തകങ്ങളാണ് രക്ഷിതാക്കൾ “എന്ന നിരീക്ഷണം മക്കളെക്കുറിച്ച് പരാതിപ്പെടുന്നവർക്കെല്ലാമുള്ള ദീർഘ നിശ്വാസമാണ്.
ഭാഷ,സംസ്കാരം, ചരിത്രം, ആവാസ വ്യവസ്ഥ, മനുഷ്യവംശത്തിന്റെ നിലനിൽപുമായി ബന്ധപ്പെട്ട അറിവുകൾ , എന്നിങ്ങനെ യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ പല അടരുകളുള്ള ഒരു ജൈവപാഠപുസ്തകമാണ് ‘ വല്ലി’ .
Comments are closed.