DCBOOKS
Malayalam News Literature Website

‘വല്ലി’ വയനാടിന്റെ ഭൂത – വർത്തമാന കാലങ്ങളിലൂടെയുള്ള ഒരു വായനാസഞ്ചാരം!

ഷീല ടോമിയുടെ വല്ലി എന്ന നോവലിന് ഷീജ എം എല്‍ എഴുതിയ വായനാനുഭവം 

ബയൽനാട് എന്ന വയനാടിനെ ഉരുൾ വിഴുങ്ങിയ ഈ ദിനരാത്രങ്ങളിൽ -മഴയുടെ പുറ്റിനുള്ളിൽ ഏകാന്തതടവു വിധിക്കപ്പെട്ട എനിക്കു കൂട്ടായത് ഷീല ടോമിയുടെ വല്ലിയായിരുന്നു.

തീ പിടിച്ച കാടിനായി, ശബ്ദമില്ലാത്ത മനുഷ്യർക്കായി, ലിപിയില്ലാത്ത ഭാഷയ്ക്കായി.  383 പേജുകളിൽ എഴുതപ്പെട്ട വല്ലി, വയനാടിന്റെ ഭൂത – വർത്തമാനകാലങ്ങളിലൂടെയുള്ള ഒരു വായനാസഞ്ചാരമാണ്.

ഒരൊറ്റ അവധിദിനം കിട്ടിയാൽ, വളഞ്ഞു പുളഞ്ഞു ചുരം കയറി ലക്കിടിയിലെ കവാടം കടക്കുന്ന എന്റെ ഹൃദയരേഖകൾ…
വീടുവിട്ടാൽ മറ്റൊരു വീടായി മാറുന്ന വയനാട്ടിലെ ഊടുവഴികൾ പോലും കൈരേഖകൾ പോലെ പരിചിതമായ എനിക്ക് വല്ലി നൽകിയത് ഒരു യാത്രാനുഭവവും ചില വായനാപാഠങ്ങളുമാണ് .കാടൊരു വിദ്യാലയവും പുല്ലും പുഴുവും പുഴയും പൂമ്പാറ്റയും മരവും മലയും മറ്റനേകകോടി ജീവജാലങ്ങളും പാഠപുസ്തകങ്ങളുമായൊരു നാട്… വയനാട്…

1970 ഫെബ്രുവരി മാസത്തിൽ കുഞ്ഞി വെള്ളപ്പൂക്കളുള്ള ആകാശനീലസാരിയും കടുംനീല പഫ്ക്കൈ ബ്ലൗസുമണിഞ്ഞ മെലിഞ്ഞ സുന്ദരിയായ – കാഞ്ഞിരപ്പള്ളിയിലെ പ്രതാപിയായ പിച്ചകശേരി പൗലോസിന്റെ മകൾ – സാറ അവളുടെ ആറടിപ്പൊക്കക്കാരനും അധ്യാപകനായ കൂട്ടുകാരനൊപ്പം CWMS ൽ ചുരം കയറുന്നതു മുതൽ 2018 ലെ മഹാപ്രളയം വരെയുള്ള വയനാടിന്റെ ചരിതലൂടെ മിത്തുകളും ഭാവനയും സമം ചേർത്തുവെച്ച നോവലാണ് വല്ലി. “ഒളിയിടം തേടുന്നവർക്ക് വയനാടിനോളം നല്ലയിടം വേറെയില്ലെ ” ന്നു Textപ്രഖ്യാപിക്കുന്ന പീറ്ററും കാടിന്റെ മക്കളുടെയും വയലിന്റെ ഉറവുകളുടെയും മനമറിഞ്ഞ പത്മനാഭൻമാഷും ചുരം കയറിവന്ന തൊമ്മിച്ചനേയും അവന്റെ ഇണയായ സാറയേയും കല്ലുവയലിലെ മഞ്ചാടിക്കുന്നിൽ കുടിയിരുത്തുന്നു…

പത്മനാഭൻ മാഷിന്റെ പ്രകൃതിയുടെ പാഠങ്ങളുടെ, കടോരം സ്കൂളെന്ന ‘കനവ് ‘ ന്റെ പതാകവാഹകരാകുന്ന പീറ്ററിന്റേയും ലൂസിയുടേയും മകൻ ജെയിസും തോമസ് മാഷിന്റെയും സാറ ടീച്ചറുടെയും മകൾ സൂസനും…. ഉള്ളിലൊരും കാടും പേറി മണലാരണ്യത്തിലേയ്ക്കു പറിച്ചു നടപ്പെട്ട സൂസന്റെ ഡയറിക്കുറിപ്പുകളിലൂടെ ഭൂതകാലങ്ങളിലേയ്ക്ക് ഊളിയിടുന്ന, വർത്തമാനങ്ങളിൽ റോബോട്ടുകളോടു സംവദിക്കുന്ന മകൾ ടെസ ….അമ്മ – മക്കൾ പ്രകൃതി – മനുഷ്യൻ അവയുടെ കൂട്ടിവായിക്കലുകളാണ് വല്ലി. “മക്കളാണ് അമ്മമാരുടെ ആനന്ദം..മക്കളാണ് അവരുടെ ദുഃഖവും..”

കുടിയേറ്റത്തിന്റെ മറവിൽ നടക്കുന്ന കയ്യേറ്റങ്ങൾ അടിമകളാക്കിയ മനുഷ്യരുടെ ആത്മവീര്യത്തെ ഉണർത്താനുള്ള ശ്രമങ്ങളും വയലേലകളിലും കബനീതടങ്ങളിലും വിതച്ച വിപ്ലവവിത്തുകളും പലപ്പോഴും വിജയം കാണുന്നില്ലെങ്കിലും പ്രതീക്ഷകളിൽ ജീവിക്കുന്ന മനുഷ്യരുടെ തുടർച്ചകൾ…

കുടിയേറ്റത്തിന്റെ ആദ്യദശകങ്ങളിൽ ചുരം കയറിയ ആഞ്ഞിലിക്കുന്നേൽ ഐവാച്ചൻ താൻ വെട്ടിപ്പിടിച്ചു സ്വന്തമാക്കിയ മഹാസമ്പന്നതയ്ക്കും അഹന്തയ്ക്കും മേൽ അടയിരിക്കുമ്പോൾ – അന്നംകുട്ടിയെന്ന പാവം വീട്ടമ്മ നെഞ്ചേറ്റിയ ഭാരങ്ങളും പ്രാരബ്ധങ്ങളും കണ്ണീരും ആറോ എഴോ പതിറ്റാണ്ടു മുൻപുള്ള ഒരു ശരാശരി കുടിയേറ്റ വീട്ടമ്മയുടെ തനിസ്വരൂപമാണ്…
അന്നംകുട്ടിയുടെ മൂന്നു മക്കൾ,  തെമ്മാടിത്തതിന്റെ ആൾരൂപമായ ലൂക്കാ.. അറയ്ക്കുള്ളിലെ ഏകാന്തവാസം സ്വയം വരിച്ച ഇസബെല്ല… അമ്മയുടെ ഒരിക്കലും വളരാത്ത കുഞ്ഞിനെപ്പോലെ വയനാടിന്റെ മക്കളുടെ വിഹ്വലതകൾക്ക് കൂട്ടിരിക്കുകയും പെട്ടെന്നൊരിക്കൽ വനാന്തരങ്ങളിൽ അപ്രത്യക്ഷനാവുകയും ചെയ്യുന്ന പീറ്റർ….

” അമ്മമാരിൽ മക്കളെ ഒട്ടിച്ചു വയ്ക്കുന്നത് അവരുടെ കുട്ടിക്കാലമാണ്. എന്നന്നേക്കുമായി മനസ്സിൽ മുദ്രണം ചെയ്യപ്പെടുന്ന കാലം. മറ്റൊരു കാലവും അതിനൊപ്പം വരില്ല. പ്രണയകാലം പോലും.”

” മക്കൾ ഒരിക്കലും വായിച്ചു തീർക്കാത്ത പുസ്തകങ്ങളാണ് അച്ഛനമ്മമാർ ” എന്ന നിരീക്ഷണം ” വായിക്കാതെ ഉപേക്ഷിക്കുന്ന പുസ്തകങ്ങൾ ” ആണെന്ന് ഇന്നത്തെ സമൂഹ്യവ്യവസ്ഥയിൽ കൂട്ടിച്ചേർക്കേണ്ടി വന്നേക്കാം.

കബനിയുടെ തീരങ്ങളിൽ വയലുകളിൽ കാന്താരങ്ങളിൽ സർവ്വസ്വതന്ത്രരായി വിഹരിച്ച ബസവനും രുക്കുവും കാളിയും ജോഗിയും ജവനനും കേളുമൂപ്പനും അവരുടെ എഴുത്തപ്പെടാത്ത ഭാഷകളും… അവരുടെ സ്വാതന്ത്ര്യത്തിനുമേലെ ചങ്ങലയിട്ട കുടിയേറ്റങ്ങൾ…
ആ വഴികളിൽ മാറ്റത്തിന്റെ കാറ്റുവിതച്ച ഫെലിക്സച്ചൻ… നാടിന്റെ നടുമുറ്റമായ അപ്പേട്ടന്റെ ചായക്കട…. നന്മയുടെ നാട്ടറിവുകളുടെ വിത്തുകൾ മുളപ്പിക്കുന്ന കാടോരം സ്കൂൾ… തന്റെ കരകളിലെ മനുഷ്യരുടെ കണ്ണീരും വിയർപ്പും സ്വപ്നങ്ങളും ആവാഹിച്ചൊഴുകുന്ന കബനി… അവളും പനമരംപുഴയും സംഗമിക്കുന്ന കൂടൽക്കടവ്… വാഴുന്നോരുടെ പട്ടുമെത്തവിട്ട് – ഉയരം കുറഞ്ഞ തേൻനിറമുള്ള ദ്രാവിഡനെ തേടിപ്പോയ ദേവദാസി….ഉണ്ണിയച്ചി… അരചന്റെ വാൾത്തല മിന്നിയപ്പോൾ ചിതറിത്തെറിച്ച അവളുടെ ചോരപ്പുഴകൾക്കു നടുവിൽ ഉരുവം കൊണ്ട മരതകദ്വീപുകൾ..കുറുവ..!! അന്നംകുട്ടിയുടെ മാതൃത്വം അണപൊട്ടി ഒഴുകിയ ചീങ്കണ്ണിപ്പാറ…. ദേവാംഗനകളുറങ്ങുന്ന ശിലാഗൃഹങ്ങൾ…. വല്ലി സമ്മാനിച്ച വായനാനുഭവങ്ങൾ മിത്തിനും യഥാർഥ്യങ്ങൾക്കും മേലെ പടർന്നൊഴുകുന്നു…

മണ്ണിന്റെയും പെണ്ണിന്റെയും സർവ്വാധികാരി പുരുഷൻ മാത്രമാണെന്ന ഗർവ്വോടെ – പ്രകൃതിയെ മുചൂടും മുടിക്കാൻ ആർത്തിപെരുത്ത ശരീരവും മനസ്സുമായി ജീവിക്കുന്ന ഐവാച്ചനും മകൻ ലൂക്കയും കൊച്ചുമകൻ ജോപ്പനും… അവരുടെ ആജ്ഞകൾക്കു മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്ന രാഷ്ട്രീയക്കാരും നിയമപാലകരും അധികാരവർഗ്ഗങ്ങളും … റിസോർട്ട് മാഫിയയ്ക്കും കാടുകളുടെ വേരറുക്കുന്നവർക്കും മലകളുടെ ശിരസ്സു ഛേദിക്കുന്നവർക്കും പ്രകൃതി തന്നെ നൽകുന്ന മറുപടി … പ്രളയം ..

ഉണ്ണിയച്ചിയുടെ ഫേസ് ബുക്ക് പോസ്റ്റ് പറയും പോലെ

” മാനം ഇളക്കിമറിച്ച് ഒരു പെയ്ത്ത്തായിരുന്നു പിന്നെ. പേമാരി ദിവസങ്ങളോളം കോരിച്ചൊരിഞ്ഞു. തമ്പ്രാൻകുന്നിനെ വടിച്ചെടുത്തിട്ടും കലിയടങ്ങിയില്ല. റിസോർട്ടുകളും ടൗൺഷിപ്പും ഏറെക്കുറെ മണ്ണിനടിയിലായി. അവശിഷ്ടങ്ങളുടെ കുമ്പാരങ്ങൾക്കുമേൽ ജടയറ്റകാവിലെ മുടിച്ചുരുൾപോലെ മൊബൈൽടവറിന്റെ കവരങ്ങൾ മാത്രം ഉയർന്നുകാണാം. ശരിയാണ്. മനുഷ്യന്റെ വേലത്തരങ്ങൾക്ക് വല്ലി കിട്ടിത്തുടങ്ങിയിരിക്കുന്നു. ”

കണ്ണാടികളാൽ നിർമിച്ച മക്കോണ്ട ഒരു കൊടുങ്കാറ്റിൽ നിലംപൊത്തുന്ന പോലെ കാന്താരങ്ങൾ കാവൽ നിന്നിരുന്ന വയനാടൻ ഗ്രാമങ്ങൾ മഹാപ്രളയത്തിൽ തകർന്നടിയുന്നു …

കഥാപാത്രങ്ങളെയും വയനാടിന്റെ പ്രകൃതിയെയും ജപമാല മണികൾ പോലെ, കാലമെന്ന ചരടിൽ കോർത്തുവെച്ച, അവയ്ക്ക് ബൈബിൾ സൂക്തങ്ങളുടെ കുരിശുരൂപം ചാർത്തിക്കൊടുത്ത ശ്രീമതി ഷീല ടോമിയുടെ വല്ലി കാലാതിവർത്തിയാകട്ടെ…
പി. വത്സല ടീച്ചർക്കു ശേഷം വയനാടിന്റെ പ്രകൃതിയെ തന്നെ ആദിമധ്യന്തം വാരിയണിഞ്ഞ ഷീല ടോമിയും അവരുടെ വല്ലിയും…

വല്ലിയെന്നാൽ കൂലിയാണ്
വല്ലിയെന്നാൽ വള്ളിയാണ് ..
വല്ലിയെന്നാൽ ഭൂമിയുമാണ് ..!!!

ഉണരുമ്പോൾ മാഞ്ഞുപോകുന്ന സ്വപ്നം പോലെ മനുഷ്യനെ തുടച്ചു മാറ്റിയ ഉള്ളു പൊട്ടിയ, ഉടലുപൊട്ടിയ വയനാടിനെ നമുക്ക് ചേർത്തു പിടിക്കാം… വല്ലിയോടൊപ്പം…

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.