ബയൽനാടിനെ ചുറ്റിവരിഞ്ഞ കഥ(ദ)നവല്ലികൾ
ഷീല ടോമിയുടെ വല്ലി എന്ന നോവലിനെക്കുറിച്ച് ചന്ദ്രബോസ് പങ്കുവെച്ച വായനാനുഭവം
“ചരിത്രം നിശ്ശബ്ദമാകുന്ന ഇടങ്ങളിലൂടെ പറക്കുവാൻ എനിക്കു ചിറകു തന്നത് കല്ലു വയലാണ്. ചരിത്രത്തിനും ഫിക്ഷനുമിടയിൽ വിസ്മൃതിയുടെ നേർത്ത അകലം മാത്രമേയുള്ളൂവെന്നും ചിലപ്പോൾ ആ അകലം അഗാധമാണെന്നും എന്നെ പഠിപ്പിച്ചത് കല്ലു വയലിലെ കഥ പറച്ചിലുകാരാണ് ” ഷീലാ ടോമിയുടെ വല്ലിയെന്ന ബൃഹത്തായ നോവലിന്റെ ആഖ്യാനത്തിന്റെ ആധാരമായിത്തീരുന്നത് സൂസൻ എഴുതിയ ഡയറിക്കുറിപ്പുകളാണ്.കല്ലു വയൽ എന്ന കാടോര ഗ്രാമത്തിന്റെ ഹരിതാത്ഭുതങ്ങളിൽ ബാല്യം കഴിച്ച, ചെറിയ പ്രായത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട, കഥകളിലും പുസ്തകങ്ങളിലും ഒളി പാർത്തവൾ, ആർക്കിടെക്റ്റായി പ്രവാസ ജീവിതം നയിക്കുബോൾ, തകർന്നു പോയ ദാമ്പത്യവും, മരണത്തിലേക്കു പാസ്സ് കിട്ടിയ മാരക രോഗവും സമ്മാനിച്ച ഏകാന്തതയിൽ ഉള്ളിലെ എരിയുന്ന കാടുകളെ കാവ്യ ഭാഷയിൽ ചിത്രീകരിച്ച കുറിപ്പുകൾ,, അമ്മയുടെ മരണശേഷം, യൂറോപ്പിൽ വിദ്യാർത്ഥിനിയായ മകൾ, കല്ലു വയലിൽ, തന്റെ മുത്തച്ഛന്റെ വീട്ടിലിരുന്ന് വായിക്കുന്നു ഷീലാ ടോമിയുടെ വല്ലി പടർന്നു പന്തലിക്കുന്നത് ടെസയിലുടെ .
വയനാടിന്റെ മിത്തും ചരിത്രവും കുടിയേറ്റവും അടിയാള ജീവിതവും, മാത്രമല്ല ഇരകളുംവേട്ടക്കാരും പോരാളികളും അവശേഷിപ്പിച്ച, മണ്ണിൽ ഉറഞ്ഞ ചരിത്രത്തിൽ നിന്നെല്ലാം കഥയുടെയും കദനത്തിന്റെയും വല്ലികൾ പൊട്ടി മുളയ്ക്കുന്നു, പടർന്നു പന്തലിക്കുന്നു അവ നമ്മെ വീർപ്പുമുട്ടിക്കുക തന്നെ ചെയ്യുന്നു. 1970കൾ മുതലിന്നോളം വയനാടൻ മണ്ണിൽ തിമിർത്തു പെയ്ത ഹിംസയുടെയും അധിനിവേശത്തിന്റെയും പോരാട്ടത്തിന്റെയും അതിജീവന സമരങ്ങളുടെയും ബൃഹദാഖ്യാനമായിത്തീരുന്നുണ്ട് ഈ നോവൽ.
വല്ലിക യെന്നതിന് ഭൂമിയെന്നർത്ഥം വല്ലിയിൽ ഇതും കല്പിതമായിട്ടുണ്ട്.വത്സലയുടെ നെല്ലിൽ വല്ലിയെന്ന വാക്ക് നാം കണ്ടതാണ്. അധ്വാനത്തിന് കൂലിയായി കൊടുക്കുന്ന നെല്ല്.അടിയാളരുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ പി.വത്സല നെല്ലിലൂടെ പുറത്തെത്തിച്ചു. ചൂഷണവും പ്രകൃതിയുടെ ക്രൗര്യവും നിസ്സംഗമായി ഏറ്റുവാങ്ങുന്ന അടിയാളരുടെ ജീവിതം പറയുന്ന നെല്ല്, മലയാള നോവലിലെ ഒരു ക്ലാസ്സിക് തന്നെയാണ്.അച്ഛനില്ലാത്ത മക്കളെ പ്രസവിക്കേണ്ടി വരുന്ന അടിയാത്തിപ്പെണ്ണിന്റെ ജീവിതവുമായി അന്യാധീനപ്പെടുന്ന വയനാടൻ മണ്ണിനെ സമീകരിച്ചു കൊണ്ടാണ് പി.വത്സല തന്റെ നോവൽ അവസാനിപ്പിച്ചത്. വത്സല അവസാനിപ്പിച്ചിടത്തു നിന്ന് ഷീലാ ടോമി തുടങ്ങുന്നു, ഇതുവരെ ആഖ്യാനം ചെയ്യപ്പെടാത്തത് കൂട്ടിച്ചേർക്കുന്നു. പരിസ്ഥിതി സംരക്ഷണ യജ്ഞത്തെയും വിമോചന ദൈവശാസ്ത്രത്തെയും ,അധ:സ്ഥിത വിമോചനത്തെയും കീഴാള സമരങ്ങളെയും കൂട്ടിയോജിപ്പിക്കുന്നു. മണ്ണിന്റെ നേരവകാശികളുടെ രാഷ്ട്രീയത്തെ പുതിയ രീതിയിൽ നിർവചിക്കുന്നു.
ബഹു ശാഖികളായി പടരുന്ന ആഖ്യാനത്തിന്റെ വല്ലികൾ അലസ വായനയെ പ്രോത്സാഹിപ്പിക്കുന്നില്ല. വയനാട്ടിലേക്ക് ഒളിച്ചോടി വന്ന കമിതാക്കൾ കാട്ടിൽ വഴി തെറ്റിയലഞ്ഞതുപോലെ വായനക്കാരനും ചിലപ്പോൾ ദിശതെറ്റിയേക്കാം നക്സലൈറ്റ് രാഷ്ട്രീയത്തിന്റെ ഇടിമുഴങ്ങിയ 1970 കളിൽ നിന്നാരംഭിക്കുന്ന നോവൽ, വയനാടിന്റെ പുരാവൃത്തങ്ങളിലേക്ക് കാവ്യാത്മകമായി സഞ്ചരിക്കുന്നുണ്ട്, ചരിത്രത്തെ തെളിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്.വിപ്ളവത്തിന്റെ കനൽ ഉള്ളിൽ വഹിക്കുന്ന കഥാപാത്രങ്ങൾ, പ്രണയവും ഒളിച്ചോട്ടവും പകയും ചേരുംപടി ചേർത്ത കഥാ വല്ലികൾ, ബൈബിളിനെസമൃദ്ധമായി ഉപയോഗിച്ചുകൊണ്ടുള്ള ഉപമകൾ ,സുവിശേഷ വചനങ്ങൾ, സദൃശോക്തികൾ അതോടൊപ്പം മാർകേസ് ,ആശാൻ, ബഷീർ, സിസ്റ്റർ മേരി ബനീഞ്ജ തുടങ്ങിയ ജനപ്രിയ എഴുത്തുകാരുടെ പ്രതിഫലനങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ, കീഴാളഗാനങ്ങൾ, തുടങ്ങിയ വിവിധ സംസ്കാര രൂപങ്ങളെ ആഖ്യാനത്തിൽ അവലംബിച്ചിരിക്കുന്നു. നോവൽ ആഖ്യാന കലയിൽ ഒരു കാർണിവൽ തന്നെ ഒരുക്കിയിരിക്കുന്നു എഴുത്തുകാരി. സ്ത്രീയുടെ മഹാവ്യസനങ്ങളെ ആഴത്തിൽ പ്രതിഫലിപ്പിക്കുന്നു എന്നതും ഈ നോവലിന്റെ പ്രത്യേകതയാണ്. വെട്ടിപ്പിടിക്കലിന്റെയും നഷ്ടപ്പെടലിന്റെയും കുടിയേറ്റ അവസ്ഥകൾ, ആർത്തിയും ഹിംസയും നിറഞ്ഞ മനുഷ്യർ, അതിനെ മറികടക്കാൻ ശ്രമിക്കുന്ന കാരുണ്യമുള്ള മനുഷ്യർ ,കീഴാള ജീവിതത്തെ സമുദ്ധരിക്കാൻ ജീവിതം സമർപ്പിച്ചവർ, അസാധാരണ വ്യക്തിത്വമുള്ള സഹനത്തിന്റെയും കരുണയുടെയും പ്രതീകമായവർ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളോടൊപ്പം ജൈവലോകവും, നോവലിൽ നിറയുന്നു. കാവ്യാത്മക ഭാഷയുടെ അതിപ്രസരവും, മൂന്നാംകിട സിനിമകളിലേതിനു തുല്യമായവില്ലന്മാരും കൊള്ളയും കൊള്ളിവയ്പും കൊലയും തിരോധാനങ്ങളുമൊക്കെ നോവലിൽ കാണാമെങ്കിലും ,കഥ പറയുന്നതിലെ വൈകാരികതയും പ്രമേയത്തിൽ ആഴ്ന്നു നിന്നു കൊണ്ടുള്ള ആഖ്യാനരീതിയും, ഈ മഹാകഥ, അനുകമ്പയുടെ മഹാ കഥയാക്കി മാറ്റുന്നു. ചരിത്രം പ്രകൃതിയോടും നിരാലംബരോടും ചെയ്തു കൂട്ടിയ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ, വൃക്ഷലതാദികളെയും ജീവി ഗണങ്ങളെയും ആശ്ലേഷിക്കുന്ന പാരിസ്ഥിതിക നൈതികതയുടെ രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഒരു ചുവടുവയ്പായിത്തീരുന്നുണ്ട് ഈ നോവൽ. ഭാവാത്മക ഭാഷയിൽ വാർന്നു വീണ മണ്ണിന്റെയും മനുഷ്യന്റെയും, അവനിലെ തിന്മയുടെയും നന്മയുടെയും ഇതിഹാസമാണ് ഷീലാ ടോമിയുടെ വല്ലി. സമകാല മലയാളനോവലിൽ സംഭവിച്ച ആഖ്യാന വിപ്ലവമാണ് വല്ലി.
Comments are closed.