DCBOOKS
Malayalam News Literature Website

നന്മ ചെയ്യുന്നവര്‍ എപ്പോഴും ഉണര്‍ന്നിരിക്കും!

ഷീല ടോമിയുടെ വല്ലി എന്ന നോവലിനെക്കുറിച്ച് ശ്രീ കേരളവര്‍മ്മ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. കൃഷ്ണ കുമാരി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വായനാനുഭവം

ഒരു വായനയിൽ തടഞ്ഞു നിൽക്കുകയായിരുന്നു കുറെ ദിവസം.
റീഡബിലിറ്റി എന്ന വാക്കിനു വ്യത്യസ്ത അർത്ഥങ്ങൾ ഉണ്ടെന്നു തോന്നുന്നു.അത്രമേൽ ആകർഷിക്കുന്ന പുസ്തകങ്ങൾ പലതുണ്ട്. ഒരനുഭൂതിയിൽ എന്നപോലെ നമ്മെയും കൊണ്ട് പറന്നുപോകുന്നവ.വായിക്കാൻ എടുത്താൽ പിന്നെ കഴിയാതെ താഴെ വെക്കാൻ സമ്മതിക്കാത്തവ.വല്ലിയെപോലെ ചിലതോ…വായനയ്ക്കിടയിൽ നമ്മുടെ ഓർമ്മകളെ കട്ടെടുക്കും.വന്യമായി സങ്കടക്കടലിൽ തള്ളി നമ്മെയുപേക്ഷിക്കും. തിരിച്ചുവരാൻ കുറെ നേരം എടുത്തേക്കാം.എന്നാൽ തിരിച്ചുവരുന്നത് വെറുതെയാവില്ല…ഊതിക്കാച്ചിയ പൊന്നു പോലെ ചിലതു കയ്യിൽ കാണും. അത്തരം വായനയിൽ അനുഭവിക്കുന്നതെല്ലാം ആഴമുള്ളതായിരിക്കും.ചതിയന്റെ ശിരോരത്നമായി നമ്മെ പിന്തുടരും,വന്യമായ രതിയുത്സവങ്ങളായി ഉന്മത്തരാക്കും,പീഡിതന്റെ നെഞ്ചിലെ തിരുമുറിവായി നോവിക്കും.

ഷീലാ ടോമിയുടെ വല്ലി നമ്മെ ചുറ്റിപ്പിണയുക കാട്ടിലെ വള്ളികളുടെ പോലെയാകാം. വയനാടൻ കാറ്റിന്റെ ,കാടിന്റെ തല്ലും തലോടലും ഏറ്റുകൊണ്ട് നമുക്ക് നിൽക്കാം. പക്ഷെ വയനാട്ടുഭാഷയറിയുന്നവന് വല്ലി കൂലിയാണ്. അന്നന്നത്തെ അദ്ധ്വാനത്തിന്റെ കൂലി പതിരായി ചൊരിഞ്ഞിടുന്ന ജന്മിമാരുടെ കണ്ണില്ലാനീതിയാണ്. പരിസ്ഥിതിയെ നേരായും പുസ്തകാർജിതജ്ഞാനമായും കാണുന്ന രണ്ട് വഴിയും ഇവിടെ കാണാം. ലാഭക്കണ്ണുകൾ പുറമെ. വിപ്ലവത്തിന് കൈവന്ന പുതുശൈലികൾ പകർന്നു തന്ന, കടലിൽനിന്നു കാട്ടിലേക്ക് നടന്ന മനുഷ്യന്റെ വഴിയോരക്കാഴ്ചകൾ ഉണ്ട്.
Textഅതിലെല്ലാം ഉപരിയായി വല്ലി ദുഃഖഭരിതമായ ഈ ജീവിതത്തെ അടയാളപ്പെടുത്തുന്നു. ഓരോരുത്തരുംഒറ്റയ്ക്കാകുന്നു.ഒറ്റയ്ക്ക് തന്നെ നേരിടേണ്ട കടും കുരുക്കുകൾ. എന്തിനെന്നറിയാതെ പറന്നകന്നുപോകുന്ന തൂവൽജീവിതങ്ങൾ. ജീവിതം കട്ടിയുള്ളതാണെന്നു നമുക്ക് തോന്നുന്നതാണ്. മുകളിൽ ഇരിക്കുന്ന ഉടയോന്റെ മുന്നിൽ വെറും തൂവൽ മാത്രം.

തൊമ്മിച്ചൻ സാറ,പീറ്റർ ലൂസി,ഇസബെല്ലാ പദ്മനാഭൻ,ബസവൻ രുക്കു ,പ്രകാശൻ,ലൂക്ക റാഹേൽ, ഐവാച്ചന് അന്നക്കുട്ടി, ടെസ, കുമാരൻ,കാളി …എത്ര പേർ..
ഈ നോവലിലൂടെ കടന്നുപോകുമ്പോൾ കാടറിയുകയായിരുന്നു. ഒരു നേരത്തെ അന്നത്തിനായി മണ്ണിനോടും വ്യാധികളോടും പടവെട്ടിയവർ.കാട് പൂക്കും പോലെ പൂത്തവർ..കാട്ടുചോല പോലെ ചിരിച്ചവർ..

ഷീലാ ടോമി ചമച്ച ഈ ജീവിതകഥനം ജീവന്റെ ചുമരിൽ വരച്ച മണ് പ്രതിമകൾ കണക്ക്‌ എന്റെയുള്ളിൽ നിറയുന്നു.കാലം പോകെ ഞാനിതു മറികടക്കുമായിരിക്കും.അഴകനും ഉണ്ണിയച്ചിയും രുക്കുവും ബസവനും തീർത്ത പ്രണയകാമനകളുടെ ഈ മണ് വസതികൾ പക്ഷെ മായുകില്ല. പിൽക്കാലത്തു ജെയിംസ് പണിത മണ് വീടുകൾ പോലെ…ആരെങ്കിലും വരും.അവിടെ ജീവിക്കും.നോവലിൽ നിന്നും മാറി ജീവിതത്തിൽ എന്ന വണ്ണം തൊമ്മിച്ചനോടും പദ്മനാഭനോടും ഇഷ്ടം തോന്നുന്നു..സാറയെ അനുനയിപ്പിക്കാൻ തോന്നുന്നു. പീറ്ററെയോർത്തു കരയുന്നു. വയൽച്ചെളിമണമുള്ള ബസവനെയും കാട്ടുചമ്പകം മണക്കുന്ന രുക്കുവിനെയും കൊതിയോടെ ഒളിഞ്ഞുനോക്കുന്നു. അഴകനെ മാനിക്കുന്നു.ഐവാച്ചനെ പ്രാകുന്നു.

ബയൽനാട് വെറും നാടല്ല..ജനിമൃതികളുടെ മഹാഗാഥകൾ ചൊരിയുന്ന നാടാണ്.
വല്ലിയിൽ നാമതൊക്കെ കുറച്ചെങ്കിലും അറിയും. എന്റെ വായനാനുഭവമാണ് ഞാൻ കുറിക്കുന്നത്. ബുദ്ധി കൊണ്ടാണ് വായന തുടങ്ങിയത്.കാടിനുള്ളിലൂടെ തൊമ്മിച്ചൻ സാറയുമായി നടന്നുപോകുമ്പോൾ തൊട്ട് മനസ്സ് കൊണ്ടായി. അബുദാബിയിലെ കോർനിഷിൽ സൂസന്റെ ഒപ്പമിരുന്നു.ഖലീഫ സ്ട്രീറ്റിലൂടെ നടന്നു. അസ്തമിക്കുന്ന സന്ധ്യയെക്കുറിച്ചു ചിന്തിച്ചുകൊണ്ട് അവസാന പേജു മറിച്ചു, പുസ്തകം അടച്ചു. നന്മ ചെയ്യുന്നവർ എപ്പോഴും ഉണർന്നിരിക്കും. ഈ നോവലിലെ കീ വേഡ് ആയി ഞാൻ കാണുന്നത് ഇതാണ്. അതിനാൽ ആണ് ആ വാക്യം കൊണ്ട് ഈ കുറിപ്പ് തുടങ്ങിയത്. നന്മയുടെ വസന്തലതികകൾ എല്ലാവരിലും പൂവിടട്ടെ.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

 

Comments are closed.