വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ ജന്മവാര്‍ഷികദിനം
മുസ്‌ലിം സമുദായത്തിലെ സാമൂഹികപരിഷ്‌ക്കര്‍ത്താവും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു വക്കം അബ്ദുള്‍ഖാദര്‍ മൗലവി. 1873 ഡിസംബര്‍ 28ന് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ അറബി, പേര്‍ഷ്യന്‍, ഉര്‍ദ്ദു, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നിങ്ങനെ ഒട്ടേറെ ഭാഷകള്‍ വശമാക്കിയിരുന്നു.
1905 ജനുവരി 19ന് അദ്ദേഹം അഞ്ചുതെങ്ങില്‍നിന്നും സ്വദേശാഭിമാനി പത്രം ആരംഭിച്ചു. പി. ഗോവിന്ദപ്പിള്ളയായിരുന്നു ആദ്യ പത്രാധിപര്‍. 1906-ല്‍ പത്രത്തിന്റെ പ്രവര്‍ത്തനം വക്കത്തേക്കു മാറ്റി. രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ ആദ്യ പത്രാധിപരായി. 1907-ല്‍ രാമകൃഷ്ണപിള്ളയുടെ സൗകര്യാര്‍ത്ഥം പത്രം തിരുവനന്തപുരത്തേക്ക് മാറ്റി. സര്‍ക്കാരിനെതിരെ ശക്തവും ധീരവുമായ പത്രാധിപര്‍ കുറിപ്പുകളുമായി പുറത്തിറങ്ങിയ പത്രം ദിവാനെ വിറളി പിടിപ്പിച്ചു. 1910 സെപ്റ്റംബര്‍ 26-ന് രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും പ്രസ് സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയും ചെയ്തു. നാരായണഗുരുവുമായി അടുപ്പത്തിലായിരുന്ന അദ്ദേഹം മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങളിലേക്ക് തിരിഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക നവോത്ഥാനം ലക്ഷ്യമിട്ട് മുസ്‌ലിം, അല്‍ ഇസ്‌ലാം, ദീപിക എന്നീ മാസികകള്‍ പ്രസിദ്ധീകരിച്ചു. തിരുവിതാംകൂര്‍ മുസ്‌ലിം മഹാസഭ, ചിറയിന്‍കീഴ് താലൂക്ക് മുസ്‌ലിം സമാജം എന്നിവ സ്ഥാപിച്ചു. അറബിക് ബോര്‍ഡ് ചെയര്‍മാനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1932 ഒക്ടോബര്‍ 31-ന് വക്കം അബ്ദുള്‍ഖാദര്‍ മൗലവി അന്തരിച്ചു.
Comments are closed.