DCBOOKS
Malayalam News Literature Website

‘ഋഗ്വേദം ഭാഷാഭാഷ്യം’; സാമാന്യ ജനങ്ങള്‍ക്കുപോലും വേദത്തെപ്പറ്റി ഒരു സാമാന്യജ്ഞാനമെങ്കിലും ഉണ്ടാക്കുവാന്‍ കഴിയുന്ന ബൃഹദ്ഗ്രന്ഥം: വൈശ്രവണത്ത് രാമന്‍ നമ്പൂതിരി

വൈശ്രവണത്ത് രാമന്‍ നമ്പൂതിരി

സ്‌നേഹസ്വരൂപിണിയാണല്ലോ മാതാവ്. എന്നാല്‍ ആ സ്‌നേഹമൂര്‍ത്തിയേക്കാള്‍പോലും എത്രയോ അധികം സ്‌നേഹസ്വരൂപിണിയാകുന്നു വേദമാതാവ്. അവിടുന്ന് തന്റെ പ്രിയസന്താനങ്ങളെ മുഴുവന്‍ നിത്യാനന്ദസാഗരത്തിലാറാടിക്കുവാന്‍ അത്യുത്സുകയാണ്. പണ്ഡിതപാമരഭേദം കൂടാതെ സര്‍വ്വരിലും അവിടുന്ന് ഒരുപോലെ കാരുണ്യാമൃതം വര്‍ഷിക്കുന്നു. ആ അനുപമകാരുണ്യത്താല്‍തന്നെ അവിടുന്ന് കര്‍മ്മകാണ്ഡം, ഉപാസനാകാണ്ഡം, ജ്ഞാനകാണ്ഡം എന്നിപ്രകാരം കാണ്ഡത്രയസ്വരൂപിണിയായി വര്‍ത്തിക്കുന്നു.

സൃഷ്ടിയില്‍തന്നെ ഇന്ദ്രിയങ്ങള്‍ ബഹിര്‍മുഖങ്ങളാണ്. ഹൃദയത്തിന് കുറഞ്ഞൊരു ശുദ്ധി വരാതെ അവയെ ബലാല്‍ക്കാരേണ നിരോധിക്കുവാന്‍ ശ്രമിക്കുന്നത് അധികം അനര്‍ത്ഥകരമാണ്; കരുണാനിധിയായ ഭഗവാന്‍ അരുളിചെയ്യുന്നതു നോക്കുക:

”കര്‌മേന്ദ്രിയാണി സംയമ്യ യ ആസ്‌തേ മനസാ സ്മരന്‍
ഇന്ദ്രിയാര്ഥാന്‍ വിമൂഢാത്മാ മിഥ്യാചാരഃ സ ഉച്യതേ”

കര്‍മ്മേന്ദ്രിയങ്ങളെ ബലാല്‍ക്കാരേണ അടക്കി മനസ്സുകൊണ്ട് വിഷയങ്ങളെ ചിന്തിക്കുന്ന മൂഢന്‍ അവരവരെ മാത്രമല്ല, മറ്റുള്ളവരെപ്പോലും അധഃപതിപ്പിക്കുന്ന മിഥ്യാചാരനാകുന്നു. മനസ്സ്, വാക്ക്, കായം ഈ ത്രിവിധകരണങ്ങളുടെയും സര്‍വ്വവ്യാപാരങ്ങളും കര്‍മ്മങ്ങളാണ്. അതില്‍ സ്ഥൂലമായ ശരീരത്തിന്റെ കര്‍മ്മങ്ങള്‍ ബലാല്‍ വേണ്ടെന്നു വച്ചാല്‍ സൂക്ഷ്മമായ മനസ്സിന്റെ കര്‍മ്മങ്ങള്‍ അധികരിക്കും. സദാ അത് വിഷയങ്ങളിലേക്ക് ഓടിക്കൊണ്ടുതന്നേ ഇരിക്കും. പുറമേക്കുള്ള കര്‍മ്മം വേണ്ടെന്നു വെച്ചാല്‍ മനസ്സിന്റെ ഓട്ടം അധികരിക്കും. അതാണ് സര്‍വ്വാനര്‍ത്ഥകരം. നിരന്തരം കര്‍മ്മം ചെയ്താല്‍ അനാവശ്യകാര്യങ്ങളിലേക്കു മനസ്സിന് ഓടുവാന്‍ സമയം കിട്ടുകയില്ല. അതുകൊണ്ട് ആരംഭദശയില്‍ ഹൃദയ ശുദ്ധിവരാത്ത കാലത്തോളം കര്‍മ്മം ഉപേക്ഷിക്കുന്നത് അനര്‍ത്ഥകരംതന്നെ. അതുകൊണ്ടാണ് കൃപാതിശയത്താല്‍ വേദമാതാവ് അനാരൂഢന്മാരെ ഉദ്ദേശിച്ച് കര്‍മ്മകാണ്ഡസ്വരൂപിണിയായി വര്‍ത്തിക്കുന്നത്.

അഖണ്ഡസച്ചിദാനന്ദത്തെത്തന്നെ കര്‍മ്മകാണ്ഡത്തില്‍ അഗ്നി, യമന്‍, വായു, ഇന്ദ്രന്‍ എന്നിപ്രകാരം പല നാമരൂപങ്ങളോടുകൂടി വര്‍ണ്ണിക്കുന്നു. നോക്കുക:

”ഏകം സദ്വിപ്രാബഹുധാവദന്തി
അഗ്നിംയമംമാതരിശ്വാനമാഹുഃ”

ഒരേ ഒരു സച്ചിദാനന്ദത്തെതന്നെ അനാരൂഢന്മാരെ അനുഗ്രഹിക്കുവാനായി മഹാത്മാക്കള്‍ അഗ്നി, യമന്‍, വായു, എന്നും മറ്റും പല ഭാവത്തില്‍ വര്‍ണ്ണിക്കുന്നു.

”നിര്‍വ്വിശേഷം പരം ബ്രഹ്മസാക്ഷാല്‍ കര്തുമനീശ്വരാഃ
യേമന്ദാസ്‌തേതനുകമ്പ്യന്തേ സവിശേഷനിരൂപണൈഃ”

നിര്‍വ്വിശേഷബ്രഹ്മത്തെ സാക്ഷാല്‍ക്കരിക്കുവാന്‍ കഴിയാത്ത അനാരൂഢന്മാരുടെനേരെ കരുണചെയ്തിട്ടാണ് സവിശേഷനിരൂപണങ്ങള്‍ എല്ലാം ചെയ്യപ്പെട്ടിട്ടുള്ളത്.

”അന്തവത്തുഫലം തേഷാം തത്ഭവത്യല്പമേധസാം
ദേവാന്‍ ദേവയജോയാന്തി, മത്ഭക്തായാന്തിമാമപി”

പരിച്ഛിന്നമൂര്‍ത്തികളായി മാത്രം കരുതി ദേവന്മാരെ ഉപാസിക്കുന്നവരുടെ ഫലവും പരിച്ഛിന്നമായിത്തീരും. സര്‍വ്വേശ്വരന്റെതന്നെ സ്വരൂപാന്തരമായി ഉപാസന ചെയ്താല്‍ ഫലവും അപരിച്ഛിന്നമാവാമെന്നു താല്പര്യം. സര്‍വ്വദേവതകളും സര്‍വ്വേശ്വരന്റെതന്നെ സ്വരൂപാന്തരമാണെന്ന് ബോധമുദിക്കുവാനാണ് സര്‍വ്വകര്‍മ്മങ്ങളിലും ”ഓം തത്‌സത്” എന്നിപ്രകാരം തന്തിരുവടിയുടെ തിരുനാമങ്ങള്‍ ഉദ്ധരിക്കപ്പെടുന്നത്.

”ഓം തത്‌സദിതി നിര്‌ദേശോ ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ
ബ്രാഹ്മണാസ്‌തേനവേദാശ്ച യജ്ഞാശ്ച വിഹിതാഃ പുരാ”

ഓം എന്നും തത് എന്നും സത് എന്നും ഉള്ളത് തന്തിരുവടിയുടെ തിരുനാമങ്ങളാകുന്നു. ആ പാവനമായ തിരുനാമങ്ങളോടുകൂടിയാണ് സര്‍വ്വയജ്ഞങ്ങളും വിധിക്കപ്പെട്ടിരിക്കുന്നത്. തിരുനാമോച്ചാരണപൂര്‍വ്വം ചെയ്യപ്പെടുന്ന കര്‍മ്മങ്ങള്‍ ഭഗവദര്‍പ്പിതങ്ങളായിത്തീരുന്നതിനാല്‍ ബന്ധകങ്ങളല്ലാതായിത്തീരുന്നു.

”യജ്ഞാര്ഥാത് കര്മണോƒന്യത്ര
ലോകോƒയംകര്മബന്ധനഃ
തദര്ഥം കര്മകൌന്തേയ
മുക്തസംഗഃ സമാചര”

ഭഗവദര്‍പ്പിതകര്‍മ്മം ബന്ധകരമല്ല. സാഹംകാരം സക്തിപൂര്‍വ്വം ചെയ്യ പ്പെടുന്ന കര്‍മ്മമേ ബന്ധകമാവുകയുള്ളു. അതുകൊണ്ട് സക്തിരഹിത
നായി എന്നില്‍ അര്‍പ്പിച്ചുകൊണ്ട് കര്‍മ്മം ചെയ്യുക. ഇതാണ് കര്‍മ്മയോഗം. ഇതുകൊണ്ട് ചിത്തത്തിന് കുറച്ചൊരു ശുദ്ധി സിദ്ധിക്കുന്നു. ഇവരെ ഉദ്ദേശിച്ചാണ് ഉപാസനാകാണ്ഡം.

അനന്തകല്യാണഗുണഗണാര്‍ണ്ണവനായ തന്തിരുവടിയെ ഏതെ ങ്കിലും ഒരു ഭാവത്തില്‍ ഉപാസിക്കുക. തന്തിരുവടി ഭക്താനുഗ്രഹാര്‍ത്ഥം അനേകമവതാരരൂപങ്ങള്‍ സ്വീകരിച്ച് ലീലയാടിയിട്ടുണ്ട്. അതില്‍ ഏതെങ്കിലും ഒന്നിനെ ഇഷ്ടമൂര്‍ത്തിയായി സ്വീകരിച്ച് നിരന്തരം ഉപാസന ചെയ്യുക. ശ്രവണ കീര്‍ത്തനസ്മരണങ്ങളാണ് അതില്‍ പ്രധാനമാര്‍ഗ്ഗങ്ങള്‍. അവിടുത്തെ ദിവ്യലീലകളും തിരുനാമങ്ങളും ശ്രവിച്ചും കീര്‍ത്തിച്ചും മനസ്സിന്റെ നിരന്തരമായ വൃത്തിപ്രവാഹം തന്തിരുവടിയിലേക്ക് ആക്കിത്തീര്‍ക്കുക. ആരംഭദശയില്‍ മനസ്സിന്റെ നിരന്തരവൃത്തിപ്രവാഹം നിരോധിക്കുന്നത് കുറച്ചുവിഷമമായി തോന്നുമെങ്കിലും ശ്രവണകീര്‍ത്തനങ്ങള്‍ പിന്നെയും പിന്നെയും ചെയ്യുന്നവര്‍ക്ക് അതില്‍ ക്ലേശഗന്ധംപോലും ഇല്ലാതായിത്തീരും. സര്‍വ്വേശ്വരനുപോലും ശ്രവണകീര്‍ത്തനങ്ങള്‍ നിരന്തരം ചെയ്യുന്നവരുടെ ഹൃദയത്തില്‍നിന്ന് പുറത്തുപോരുവാന്‍ കഴിയാതാവും.

”വിസൃജതിഹൃദയം നയസ്യ സാക്ഷാത്
ഹരിരവശാഭിഹിതോപ്യഘൌഘനാശഃ
പ്രണയരശനയാ ധൃതാംഘ്രിപത്മഃ
സഭവതി ഭാഗവത പ്രധാന ഉക്തഃ”

അവശനായിട്ടെങ്കിലും ഒരിക്കല്‍ കീര്‍ത്തിക്കപ്പെട്ടാല്‍ സര്‍വ്വ പാപരാശിയും നശിപ്പിച്ചു കളയുന്ന സര്‍വ്വശക്തന്‍ പ്രേമപാശത്താല്‍ ഹൃദയത്തില്‍ ബദ്ധനായി യാതൊരാളുടെ ഹൃദയത്തില്‍നിന്ന് പുറത്തുപോകുവാന്‍ അശക്തനായിത്തീരുന്നുവോ അദ്ദേഹമാണ് യഥാര്‍ത്ഥഭക്തന്‍. ആ ഭക്തികൊണ്ട് ഹൃദയം അതിപവിത്രമായിത്തീരുമ്പോള്‍ ആത്മതത്ത്വം അവിടെ സ്വയം പ്രകാശിക്കുന്നു. അപ്പോള്‍ സര്‍വ്വവും ഭഗവന്മയമായിത്തീരുന്നു. ഇത് ജ്ഞാനകാണ്ഡമായി. അധികാരികളുടെ താരതമ്യമനുസരിച്ച് ഇപ്രകാരം കാണ്ഡത്രയവും അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് വാത്സല്യ മൂര്‍ത്തിയായ വേദമാതാവ് കാണ്ഡത്രയാത്മകയായി വര്‍ത്തിക്കുന്നത്.

ഋഗ്വേദം സ്തുതിപ്രധാനമാണ്. കര്‍മ്മകാണ്ഡത്തിലെ ദേവതകളെപ്പറ്റിയും ഉപാസനാകാണ്ഡത്തിലെ ഇഷ്ടമൂര്‍ത്തിയെപ്പറ്റിയും ശ്രദ്ധാഭക്തി പുരഃസരം സ്തുതിക്കുന്നു. അതുകൊണ്ട് അധികം മന്ത്രങ്ങളും കര്‍മ്മകാണ്ഡത്തിലേക്കും ഉപാസനാകാണ്ഡത്തിലേക്കും ഉപകരിക്കുന്നവയാണ്. എങ്കിലും ലക്ഷ്യം ജ്ഞാനകാണ്ഡമാണെന്ന് സ്മരിപ്പിക്കുന്ന മന്ത്രങ്ങളും ഇടയ്ക്കിടെ വരുന്നുണ്ട്. ”ഏകം സദ്വിപ്രാബഹുധാ വദന്തി അഗ്നിംയമം മാതരിശ്വാന മാഹുഃ” ഒരേ സച്ചിദാനന്ദമേ പരമാര്‍ത്ഥത്തിലുള്ളു. അങ്ങനെതന്നെ അനാ
രൂഢന്മാരെ അനുഗ്രഹിക്കുവാനായി പല നാമരൂപങ്ങളിലൂടെ മഹാത്മാക്കള്‍ വര്‍ണ്ണിച്ചിരിക്കുകയാണ്. ഐതരേയോപനിഷത്ത് ഋഗ്വേദസംബന്ധിയാണ്. അത് തുടങ്ങുന്നതും പരമാര്‍ത്ഥമായി സച്ചിദാനന്ദസ്വരൂപനായ പരമാത്മാവുമാത്രമേ ഉള്ളു എന്ന് ബോധിപ്പിച്ചുകൊണ്ടാണ്, നോക്കുക:

”ഓം ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്, നാന്യത് കിഞ്ചന മിഷത്, സ ഈക്ഷതലോകാന്‍ നു സൃജാ ഇതി”=സൃഷ്ടിക്കുമുമ്പ് ഏകനായ പരമാത്മാവുമാത്രമേ ഉണ്ടായിരുന്നുള്ളു. ഭിന്നഭിന്നനാമരൂപങ്ങളോടുകൂടിയ മറ്റൊന്നുമുണ്ടായിരുന്നില്ല. തന്തിരുവടി ജീവരാശിയെ സച്ചിദാനന്ദത്തിലെ ത്തിക്കുവാനായി സൃഷ്ടി ചെയ്യാമെന്ന് സങ്കല്പിച്ചു.

ത്രികാണ്ഡങ്ങളും പരസ്പരവിരുദ്ധമല്ല, പരസ്പരപൂരകമാണ്. ആരംഭ ത്തില്‍തന്നെ അദൈ്വതത്തില്‍ അതായത് ‘വാസുദേവഃ സര്‌വം’ എന്ന ഭാവത്തില്‍ എത്തുവാന്‍ പറ്റുകയില്ല. പടിപടിയായി ഉയര്‍ന്നുവരണം. ദൈ്വത ത്തില്‍നിന്നാരംഭിച്ച് വിശിഷ്ടാദൈ്വതത്തിലെത്തി ക്രമേണ അദൈ്വതത്തില്‍ എത്തിച്ചേരണം. അല്ലാതെ ദേഹാത്മാഭിമാനികള്‍ക്ക് ആരംഭത്തില്‍തന്നെ അദൈ്വതത്തില്‍ എത്തുവാന്‍ സാദ്ധ്യമല്ല.

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്, ബുക്കിങ്ങിന് വിളിക്കൂ: 9946 109101, 9947 055000 , വാട്‌സാപ്പ്  9946 109449 ഓണ്‍ലൈനില്‍: https://dcbookstore.com/books/rigvedam
കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ്/കറന്റ് ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്ക് ചെയ്യാം ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണിഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും
ബുക്ക് ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: https://www.dcbooks.com/

നിങ്ങളുടെ കോപ്പി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.