DCBOOKS
Malayalam News Literature Website

ബഷീറിന്റെ ഓർമ്മകളിൽ മമ്മൂട്ടി , വീഡിയോ കാണാം

മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചു നടൻ മമ്മൂട്ടി.  വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമവാര്‍ഷികമാണ് ഇന്ന്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായാണ് ഇത്തവണ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നത്. ‘നമ്മള്‍ ബേപ്പൂര്‍’ എന്ന ബഷീര്‍ അനുസ്മരണ പരിപാടിയില്‍ നടന്‍ മമ്മൂട്ടിയും പങ്കെടുത്തു. പരിപാടിക്കിടെ ബഷീറിന്റെ ‘മതിലുകളില്‍ ‘ എന്ന കൃതിയില്‍ നിന്ന്  ഒരു ഭാഗം അദ്ദേഹം  വായിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ “മതിലുകള്‍” സിനിമയാക്കിയപ്പോള്‍ നായകനായി എത്തിയത് മമ്മൂട്ടിയായിരുന്നു.

‘മരണശേഷവും എഴുതികൊണ്ടിരിക്കുന്ന എഴുത്തുകാരന്‍ എന്ന് ബഷീറിനെ വിശേഷിപ്പിക്കാറുണ്ട്. മണ്‍മറഞ്ഞുപോയി 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന്‍ ബഷീര്‍ തന്നെയാണ്..വൈക്കം മുഹമ്മദ് ബഷീര്‍. വൈക്കം എന്റെ കൂടെ ജന്മനാടാണ്. ഞാനും വൈക്കം മുഹമ്മദ് ബഷീറും അല്ലാതെ പ്രഗത്ഭരായ ഒരുപാട് വൈക്കത്തുകാരുണ്ട്. എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്കുട്ടി ആയിരുന്നിരിക്കാം (മമ്മൂട്ടി ചിരിക്കുന്നു). ഞാന്‍ എപ്പോഴും എന്നും ഒരു വായനക്കാരനായിരുന്നു. ബാല്യകാലസഖിയിലെ മജീദായും മജീദിന്റെ ബാപ്പയായും ഞാന്‍ അഭിനയിച്ചു. അതിനുമുന്‍പ് മതിലുകളില്‍ ബഷീര്‍ ആയി തന്നെ അഭിനയിക്കാനും ഭാഗ്യം ലഭിച്ചു- ‘ മമ്മൂട്ടി പറഞ്ഞു.
വീഡിയോ കാണാം

കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സച്ചിദാനന്ദന്‍, എം.എന്‍. കാരശ്ശേരിതുടങ്ങിയവര്‍ പ്രഭാഷണം നടത്തി. മമ്മൂട്ടിയ്ക്ക് പുറമേ മഞ്ജുവാര്യരും ബഷീറിന്റെ കൃതികള്‍ വായിച്ചു. ജില്ലാ കളക്ടര്‍ സാംബശിവ റാവു, ഷാഹിന ബഷീര്‍ അനീസ് ബഷീര്‍, കെ.ആര്‍.പ്രമോദ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Comments are closed.