DCBOOKS
Malayalam News Literature Website

‘വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം’ ; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായും

ഒരു ന്യൂറോളജിസ്റ്റിന്റെ ഹൃദയസ്പര്‍ശിയായ വൈദ്യാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം.ആദിപര്‍വ്വം, ആത്മപര്‍വ്വം, പുരാവൃത്തപര്‍വ്വം, ഗുരുപര്‍വ്വം, അനുഭവപര്‍വ്വം, സര്‍ഗ്ഗപര്‍വ്വം, ജ്ഞാനപര്‍വ്വം, വിരാമപര്‍വ്വം എന്നിങ്ങനെ ഒന്‍പത് ഭാഗങ്ങളിലായാണ് ഈ ഓര്‍മ്മ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇനിയുമുണ്ട് ഈ ഗ്രന്ഥത്തെക്കുറിച്ച് പറയത്തക്ക മറ്റൊരു വിശേഷം, മുമ്പ് സമാഹരിച്ച കുറേയേറെ കൃതികള്‍ ഒരുമിച്ച് സമാഹരിച്ചതാണ് ആയിരത്തിലധികം പേജുകളുള്ള ഈ പുസ്തകം. ഇപ്പോള്‍ പുസ്തകം ഇ-ബുക്കായും വായിക്കാം. ഭാഷാപണ്ഡിതനായിരുന്ന ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ ഏക  മകനും ന്യൂറോളിസ്റ്റുമായ ഡോ കെ രാജശേഖരന്‍ നായരാണ് ഈ പുസ്തകത്തിന്റെ സൃഷ്ടികര്‍ത്താവ്.

മാനവികതയുടെ പ്രായോഗികമൂര്‍ത്തികരണമായ വൈദ്യശാസ്ത്രത്തെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളുടെ വിചാരങ്ങള്‍ ഈ ഗ്രന്ഥത്തില്‍ നമുക്ക് കണ്ടെത്താനാകും. കെ പി അപ്പന്‍ എഴുതിയ അവതാരികയും ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം പ്രസിദ്ധീകരിച്ചത്.

പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകാരന് പറയാനുള്ളത്;

Dr K Rajasekharan Nair-Vaidyathinte Smruthisoundaryamഎന്റെ കുറെ കൃതികള്‍ ഒരുമിച്ച് സമാഹരിച്ചതാണ് ഈ പുസ്തകം. 2005-ല്‍ പ്രസിദ്ധീകരിച്ച ‘രോഗങ്ങളും സര്‍ഗ്ഗാത്മകതയും’ തൊട്ട്, ‘വൈദ്യവും സമൂഹവും’ (2007), ‘മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും’ (2008), ‘സംസ്മൃതിയും’ (2012), ‘കുറെ അറിവുകള്‍, അനുഭൂതികള്‍, അനുഭവങ്ങളും’ (2014) വരെയുള്ളവയാണ് ഇതില്‍. എന്റെ രണ്ടു വേറെ രണ്ടു പുസ്തകങ്ങളിലുള്ള (‘ഓര്‍ക്കാനുണ്ട് കുറെ ഓര്‍മ്മകള്‍’, ‘ഞാന്‍തന്നെ സാക്ഷി’) ലേഖനങ്ങള്‍ ഈ സമാഹാരത്തിലില്ല.

ഈ ലേഖനങ്ങള്‍ ഇങ്ങനെ ശേഖരിച്ച് പ്രസിദ്ധീകരിക്കുമ്പോള്‍ അവ ഒന്നു പുനഃക്രമീകരിക്കേണ്ട ആവശ്യം വന്നു. അതുകൊണ്ട് മുമ്പുകൊടുത്തിരുന്ന വിന്യാസത്തിലല്ല ലേഖനങ്ങള്‍ ഇതിലുള്ളത്. ഭാരതത്തിന്റെ വൈദ്യപൈതൃകവും വൈദ്യത്തിന്റെ ഭാവിയും അടക്കം നിശ്ചയമായും വേണമായിരുന്നു എന്നു തോന്നിയ നാലു ലേഖനങ്ങള്‍ ഇതില്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്. തീരെ കുട്ടിയായിരുന്ന കാലം മുതല്‍ തുടങ്ങിയ എഴുത്ത് വൈദ്യവിദ്യാര്‍ത്ഥിയായി കയറിയതു മുതല്‍ (1960) തീരെ വിട്ടു. എഴുതാതിരിക്കാന്‍ വയ്യായിരുന്ന ഒരു നോവല്‍ (ഒരു പുഴയുടെ കഥ 1979) മൂന്നാഴ്ച ഒരു ഇടവേള കിട്ടിയ അവസരത്തില്‍ എഴുതിയതൊഴിച്ച്, 1996-ല്‍ അധ്യാപകജോലിയില്‍നിന്നു പിരിഞ്ഞതിനുശേഷമേ വീണ്ടും എഴുതിയുള്ളൂ. ഭാഗ്യവശാല്‍ എനിക്കു കിട്ടിയത് കുറെ വിശിഷ്ട വായനക്കാരെ ആയിരുന്നു. ആ ലേഖനങ്ങള്‍ പുസ്തകരൂപത്തില്‍ വന്നപ്പോള്‍ ഒരു തരത്തിലുള്ള പ്രചാരണവുമില്ലാതെ മലയാളികള്‍ ഹൃദ്യമായി സ്വീകരിക്കുകയും ചെയ്തു. 2005-ലും 2007-ലും പ്രസിദ്ധീകരിച്ച മികച്ച കൃതികളുടെ കൂട്ടത്തില്‍ എന്റെ കൃതികളുമുണ്ടായിരുന്നു. 2014-ല്‍ ‘സംസ്മൃതിക്ക്’ കേരള സാഹിത്യ അക്കാദമി വൈജ്ഞാനികസാഹിത്യത്തിനുള്ള പുരസ്‌കാരവും തന്നു.

എന്റെ പുസ്തകങ്ങള്‍ക്കൊന്നും അവതാരികകളില്ലാതെയാണ് പുറത്തു വന്നത്–ഒരെണ്ണത്തിനൊഴിച്ച്. മലയാളത്തിലെ പുതിയ നിരൂപകരില്‍ മികച്ച പണ്ഡിതനായിരുന്ന ശ്രീ കെ. പി. അപ്പനാണ് ‘വൈദ്യവും സമൂഹവും’ എന്ന പുസ്തകത്തിന് അവതാരിക എഴുതിയത്. അദ്ദേഹത്തോടുള്ള ആദരവു കാരണം അത് ഈ സമാഹാരത്തിലും ചേര്‍ത്തിട്ടുണ്ട്. പല കാലങ്ങളിലായി എഴുതിയ ഈ ലേഖനങ്ങളില്‍ ചില ആവര്‍ത്തനങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും എനിക്കിഷ്ടപ്പെട്ട ഒളിവര്‍ സാക്‌സിന്റെയും ജീവന്‍മശായിയുടെയും യുവതുഷന്‍കോയുടെയും കഥകള്‍. കഥ പറച്ചിനിടയില്‍ അവ അനിര്‍വാര്യമായി വന്നതാണ്. അവ മാറ്റാന്‍ ശ്രമിച്ചില്ല (ഇടയ്ക്ക് ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ. ഈ കഥകളില്‍ കൊടുത്തിരിക്കുന്ന രോഗികളുടെ സ്വകാര്യത സൂക്ഷിക്കാന്‍ അവരുടെ പേരും മറ്റും മാറ്റിയാണ് കൊടുത്തിട്ടുള്ളത്).

ഞാനെന്റെ വായനക്കാരായി മനസ്സില്‍ സങ്കല്പിക്കുന്നത് നല്ല മലയാളം വായിക്കുന്ന, ശാസ്ത്രമറിയാന്‍ താത്പര്യമുള്ള, ചിന്തിക്കാന്‍ കഴിവുള്ള, വൈദ്യത്തിന്റെ പുതിയ ചക്രവാളങ്ങളെ അറിയാന്‍ ഇഷ്ടമുള്ളവരെയാണ്. ഞാനാദ്യം കരുതിയത് അത്തരം കൂട്ടര്‍ കുറവാകുമെന്നാണ്. അങ്ങനെയാണ് എന്റെ പരിചയക്കാര്‍ പറഞ്ഞുതന്നിരുന്നതും. ആ ചെറിയ കൂട്ടത്തെ മനസ്സില്‍ കണ്ട് അവര്‍ക്കുവേണ്ടി എഴുതിയവ വായിക്കാന്‍ ചെറുതല്ലാത്ത ഒരു നല്ല കൂട്ടം ഉണ്ടായി എന്നത് വീണ്ടും എഴുതാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. എല്ലാ പൊതു പരിപാടികളില്‍നിന്നും നിര്‍ബന്ധത്തോടെ മാറിനില്‍ക്കുന്ന ഒരു ഇന്‍ട്രോവെര്‍ട്ട് ആയതുകൊണ്ട് എന്റെ വായനക്കാരെ എനിക്കു നേരിട്ട് അറിഞ്ഞുകൂടാ. അവരുമായി സംവദിച്ചിട്ടുമില്ല. അതൊരു പോരായ്മയായി തോന്നിയിട്ടുണ്ടെങ്കിലും എന്റെ പ്രകൃതം ഈ വാര്‍ദ്ധ്യകത്തില്‍ മാറ്റാനൊന്നും തോന്നുന്നുമില്ല.

എന്റെ പഴയ പുസ്തകങ്ങളില്‍ എന്റെ മേല്‍വിലാസമോ, ഇ.മെയില്‍ ഐ.ഡിയോ ഒന്നും കൊടുത്തിരുന്നില്ല. ഇന്നും പ്രാക്ടീസു ചെയ്യുന്ന ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്കു ചില പരിമിതികളുണ്ട്. പക്ഷേ, വൈദ്യമല്ലാതെ വേറൊരു സാമൂഹിക പരിപാടിയുമില്ലാത്തതു കാരണം എനിക്കിഷ്ടപ്പെട്ടതൊക്കെ വായിക്കാനും എഴുതാനും സമയം ആവശ്യത്തിനുണ്ട്. രോഗികളോടല്ലാതെ, നേരിട്ടു പരിചയമില്ലാത്തവരുമായി സമയം പങ്കിടുന്നതില്‍ ഒരു താത്പര്യവുമില്ലാത്തത് പൊറുക്കണമെന്ന് അപേക്ഷയുമുണ്ട്.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കുക

Comments are closed.