വൈദ്യന്‍ ചികിത്സിക്കുന്നു ദൈവം സൗഖ്യമാക്കുന്നു
നീതിന്യായ സംവാദങ്ങള്‍ക്ക് ഇടം നല്‍കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരികരംഗത്തെ പ്രശ്‌നങ്ങളും അവതരിപ്പിക്കുന്ന സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ടി തോമസിന്റെ ലേഖന സമാഹാരമാണ് വൈദ്യന്‍ ചികിത്സിക്കുന്നു ദൈവം സൗഖ്യമാക്കുന്നു എന്ന കൃതി. സഭകളുടെ പൊതുസമ്പത്ത് ഭരിക്കാന്‍ നിയമം വേണം, ഞാന്‍ കണ്ട ആദ്യത്തെ (അവസാനത്തെയും) കുടിയൊഴിക്കല്‍. മനുഷ്യസൃഷ്ടിയായ വന്‍ദുന്തത്തിന്റെ രണ്ടു ഭാവങ്ങള്‍ തുടങ്ങി, വിവാദപരമായ ലേഖനങ്ങളുടെ സമാഹാരമാണ് ഇത്.
പുസ്തകത്തെക്കുറിച്ച് ജസ്റ്റിസ് കെ ടി തോമസിന് പറയാനുള്ളത്;
ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ലേഖനങ്ങളില്‍ ഭൂരിപക്ഷവും ‘ന്യൂ വിഷന്‍’ എന്ന മാസികയില്‍ പലപ്പോഴായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്. ഒരു വിഷയത്തെമാത്രം ആസ്പദമാക്കിയിട്ടുള്ള ലേഖനങ്ങള്‍ അല്ല അവ. പലപ്പോഴായി ഞാന്‍ പല വിഷയങ്ങളെപ്പറ്റി ലേഖനങ്ങള്‍ എഴുതിയത് കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ. മാത്യു കോശി തന്റെ മാസികയായ ന്യൂവിഷനില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലെല്ലാറ്റിലും പൊതുവായി എന്തെങ്കിലും ദര്‍ശിക്കുവാന്‍ വായനക്കാര്‍ക്കു സാധിക്കുന്നെങ്കില്‍ ഞാന്‍ വളരെ സന്തോഷിക്കും. ചരിത്രത്തിലെ ഏറ്റവും വലിയതത്ത്വചിന്തകനായി അറിയപ്പെടുന്ന സോക്രട്ടീസ് ഇപ്രകാരം പറഞ്ഞിട്ടുണ്ട്;
‘വ്യക്തികളും സാമഗ്രികളും അന്യോന്യം വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും അവയില്‍ പൊതുവായിക്കാണുന്ന നൈസര്‍ഗിക സവിശേഷതകള്‍ മൂലം അവയെ ഒന്നായി കാണാന്‍ സാധിക്കുന്നതാണ് വിജയമായി കണക്കാക്കുന്നത്.’
രാഷ്ട്രീയരംഗത്ത് ഒരു കാലത്തുണ്ടായിരുന്ന സുതാര്യത നഷ്ടപ്പെട്ടുപോയതുകൊണ്ട് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് രാജ്യത്തെ പൗരന്മാരാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നു ചോദിച്ചാല്‍ അതിനു പെട്ടെന്ന് ഉത്തരം പറയാന്‍ സാധിക്കുന്നവര്‍ മിക്കവാറുംസമര്‍ത്ഥന്മാര്‍ ആയിരിക്കും. ഭരണത്തിലെ രണ്ടു വിഭാഗങ്ങള്‍ (ഭരണകക്ഷിയും പ്രതിപക്ഷവും) രാഷ്ട്രീയ പാര്‍ട്ടികൡല നേതാക്കന്മ ാര്‍ ആയതു കൊണ്ടാണ് അതു സംഭവിക്കുന്നത്. അവരെ സമൂഹം കാണുന്നത് നേതാക്കന്മാരായിട്ടാണ്. രാഷ്ട്രീയമില്ലാത്ത മണ്ഡലങ്ങളിലെ ഉന്നതന്മാര്‍ ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താത്തവരായതുകൊണ്ട് സമൂഹത്തിനും മൂല്യച്യുതി വന്നുകൊണ്ടിരിക്കുന്നു. ഈ സമാഹാരത്തിലെ ഒരു ലേഖനമാണ് ‘ദൈവത്തിന്റെ നാടിന്റെപ്രത്യേകതകള്‍’ എന്നുള്ളത്. അതില്‍ ചൂണ്ടിക്കാണിക്കുന്ന തകരാറുകള്‍മൂലം നഷ്ടം സംഭവിക്കുന്നത് ഉന്നതശ്രേണിയിലുള്ളവര്‍ക്കോ, സാമ്പത്തികമായി മേല്‍ത്തട്ടിലുള്ളവര്‍ക്കോ അല്ല. അവ രണ്ടിലും പെടാത്ത സാധാരണജനങ്ങള്‍ക്കാണ്. അവര്‍ ജനസംഖ്യയില്‍ 98% വരുന്നവരാണ്. അവര്‍അനുഭവിക്കുന്ന യാതനകള്‍ക്കു നേതൃത്വനിരയിലുള്ളവര്‍ യാതൊരു പ്രാധാന്യവും കല്പിക്കാത്തതുകൊണ്ടാണല്ലോ ദൈവത്തിന്റെ നാട്ടില്‍ ഈ ദുരവസ്ഥ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
‘രാജ്യസഭ അനിവാര്യമാണോ’ എന്ന ലേഖനത്തിന് എന്നെ സ്വാധീനിച്ചത് ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വന്നുഭവിച്ചിട്ടുള്ള മൂല്യച്യൂതി മൂലം രാജ്യസഭയിലെ അംഗങ്ങള്‍ ഓരോ ദിവസവും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ ടെലിവിഷനില്‍ക്കൂടി കണ്ട് നിസ്സഹായരായി കഴിയേണ്ടിവരുന്ന ജനങ്ങളെ കാണുന്നതുകൊണ്ടാണ്. പൊതുമുതല്‍ നശിപ്പിക്കുന്നത് രാഷ്ട്രീയ പ്രക്ഷോഭണ പരിപാടികളുടെ അനുപേക്ഷണീയമായ ഘടകമായിവന്നതിന്റെ അടിസ്ഥാന കാരണം രാഷ്ട്രീയ പ്രക്ഷോഭണങ്ങളുടെ പിന്നില്‍ നിന്നു ചരടുവലിക്കുന്ന നേതാക്കന്മാരുടെ സങ്കുചിത താല്പര്യം കൊണ്ടാണ്. ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലേഖനങ്ങള്‍ നേരത്തേ ചില പ്രസിദ്ധീകരണങ്ങളില്‍ വന്നുപോയിട്ടുള്ളവയാണെങ്കിലും അവയെ പൊതുവായനക്കാര്‍ക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ലാത്ത കുറവ് പരിഹരിക്കാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് അവയെ ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുള്ളത്.
ഈ ഗ്രന്ഥത്തില്‍ ഒടുവിലായി വന്നിട്ടുള്ള ലേഖനം 2017 ഫെബ്രുവരി അവസാനത്തോടുകൂടിമാത്രം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ആ ലേഖനം അടിസ്ഥാനമാക്കിയുള്ളത് എന്റെ 80-ാംജന്മദിനത്തിനുശേഷം വന്നുചേര്‍ന്ന ആദ്യത്തെ ഞായറാഴ്ച എന്റെ മാതൃദേവാലയത്തില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്തരൂപമാണ്. ഇതിലേക്കു ഞാന്‍ ഉപയോഗിച്ച വേദഭാഗം അന്നത്തേക്കു നിശ്ചയിച്ചിരുന്ന സുവിശേഷഭാഗമായ മാര്‍ക്കോസ് 7-ാം അദ്ധ്യായം 31 മുതല്‍ 37 വരെവാക്യങ്ങള്‍ ആയിരുന്നു. ആധുനിക വൈദ്യശാസ്ത്രം നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങള്‍ മനുഷ്യരാശിക്ക് എത്രമാത്രം പ്രയോജനകരമായി ഭവിക്കാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആ പ്രസംഗം ഞാന്‍ നടത്തിയത്. ഈ ഗ്രന്ഥത്തിന് ആ ലേഖനത്തിനു കൊടുത്ത തലക്കെട്ടു നല്‍കുന്നത് ഉത്തമമായിരിക്കുമെന്നും എനിക്കു തോന്നിയതുകൊണ്ടാണ് അപ്രകാരമുള്ള തലവാചകംതന്നെ.
Comments are closed.