DCBOOKS
Malayalam News Literature Website

വധശിക്ഷ: ഒരു പുതിയ ചിന്ത

“വധശിക്ഷ സംബന്ധിച്ച് ഞാന്‍ നടത്തിയിട്ടുള്ള പല പ്രഭാഷണങ്ങളിലും എഴുതിയിട്ടുള്ള പല ലേഖനങ്ങളിലും വധശിക്ഷ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നുള്ള എന്റെ അഭിപ്രായം കാര്യകാരണസഹിതം പ്രകടിപ്പിച്ചിട്ടുണ്ട്. വധശിക്ഷ കൊണ്ട് ക്രിമിനല്‍ നീതിശാസ്ത്രത്തില്‍ ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന ലക്ഷ്യങ്ങളിലെ ഏറ്റവും ഉന്നതമായ ലക്ഷ്യങ്ങള്‍ ഒന്നും നേടാനാവുകയില്ല എന്നുള്ള എന്റെ സുചിന്തിതമായ അഭിപ്രായമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. എങ്കിലും ഡിസ്ട്രിക്ട് സെഷന്‍ ജഡ്ജ് എന്നതു മുതല്‍ സുപ്രീംകോടതി ജഡ്ജി സ്ഥാനം വരെയുള്ള എന്റെ ന്യായാധിപ കാലഘട്ടത്തില്‍ വിരളമായിട്ടാണെങ്കിലും ചിലരെ വധശിക്ഷക്ക് വിധിക്കേണ്ടി വന്നിട്ടുണ്ട്. അപ്രകാരം വിധിക്കേണ്ടി വന്നത് ന്യായാധിപസ്ഥാനത്തേക്ക് പ്രവേശിച്ചപ്പോള്‍ മൂന്നു തലങ്ങളില്‍ ഞാന്‍ ചെയ്ത സത്യപ്രതിജ്ഞയില്‍ എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ക്കതീതമായി നിയമം നടപ്പിലാക്കിക്കൊള്ളാമെന്ന് ദൈവനാമത്തില്‍ സത്യം ചെയ്തിരുന്നതു കൊണ്ടാണ്. അതില്‍ ഏറ്റവും ഒടുവില്‍ രാജീവ് ഗാന്ധി വധക്കേസിലെ ഇരുപത്തിയാറു പ്രതികളെയും സെഷന്‍കോടതി വധശിക്ഷക്ക് വിധിച്ചതിന്‍മേല്‍ ഉണ്ടായ അപ്പീലില്‍ സീനിയര്‍ ജഡ്ജ് എന്നതിലേക്ക് എന്റെ സഹജഡ്ജിമാര്‍ നാലുപേരെ വധശിക്ഷക്ക് വിധിച്ചപ്പോള്‍ മൂന്നു പേരുടെ കാര്യത്തില്‍ എനിക്കു യോജിക്കേണ്ടിവന്നു. ആ നാലു പേരില്‍ ഒരാളായ നളിനി എന്ന സ്ത്രീക്ക് വധശിക്ഷ നല്കുന്നതിനോട് ഞാന്‍ വിയോജിച്ച് വേറെ വിധിന്യായം എഴുതിയത് പില്‍ക്കാലത്ത് നിയമവൃത്തങ്ങളിലെ ചര്‍ച്ചാവിഷയമായി മാറി.

വധശിക്ഷ സംബന്ധിച്ചുള്ള ഇന്ത്യന്‍ നിയമം ഇപ്പോള്‍ 1983-ലെ സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിപ്രകാരമുള്ളതാണ്. (ബച്ചന്‍സിങ് കേസ്). അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസ്സുകളില്‍ മാത്രം അതിന്റെ തൊട്ടടുത്ത പക്ഷാന്തര ശിക്ഷയായ ജീവപര്യന്തം തടവ് നിര്‍വിവാദമായതരത്തില്‍ അപര്യാപ്തമായതു കൊണ്ട് ഒഴിവാക്കപ്പെടേണ്ട സാഹചര്യത്തില്‍ മാത്രം വധശിക്ഷ വിധിക്കുന്നതായതിനാല്‍ അത് ഭരണഘടനയുടെ 21-ാം വകുപ്പിന് വിരുദ്ധമാവുകയില്ല എന്നതാണ് ആ വിധിക്കു സാരം. അതിനോടു വിയോജിച്ചു കൊണ്ട് ജസ്റ്റിസ് പിഎന്‍ ഭഗവതി നിരത്തിയ ന്യായങ്ങളുടെ കരുത്തും യുക്തിയും എന്ന നിലയ്ക്ക് മറിച്ച് ചെയ്യാന്‍ എനിക്കു സാധിക്കുമായിരുന്നില്ല…”

നീതിന്യായ സംവാദങ്ങള്‍ക്ക് ഇടം നല്കുന്ന രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുന്ന ജസ്റ്റിസ് കെ.ടി തോമസിന്റെ ലേഖനങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഇളങ്കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്, സഭകളുടെ പൊതുസമ്പത്ത് ഭരിക്കാന്‍ നിയമം വേണം, ഞാന്‍ കണ്ട ആദ്യത്തെ (അവസാനത്തെയും) കുടിയൊഴിക്കല്‍, മനുഷ്യസൃഷ്ടിയായ വന്‍ദുരന്തത്തിന്റെ രണ്ടു ഭാവങ്ങള്‍ തുടങ്ങി വിവാദപരമായ ലേഖനങ്ങളുള്‍പ്പെടുന്ന സമാഹാരമാണ് വൈദ്യന്‍ ചികിത്സിക്കുന്നു, ദൈവം സൗഖ്യമാക്കുന്നു. ഈ കൃതിയുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ ഡി.സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.

Comments are closed.