DCBOOKS
Malayalam News Literature Website

ഹോമിയോ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല എന്ന ധാരണ തെറ്റ് : ഡോ. ആരിഫ് ഹുസൈന്‍

കേരള സാഹിത്യോത്സവത്തിന്റെ അക്ഷരം വേദിയില്‍ കപടതയെ കുറിച്ചുള്ള ചങ്ങമ്പുഴയുടെയും കുഞ്ഞുണ്ണി മാഷിന്റെയും വാക്യങ്ങള്‍ ഉദ്ധരിച്ചാണ് മോഡറേറ്റര്‍ അജിത് കുമാര്‍ ആരംഭിച്ചത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യോത്തരവേളയില്‍ ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത്, ഡോ. പ്രവീണ്‍ ഗോപിനാഥ്, ഡോ. രാഗേഷ് ആര്‍. എന്നിവര്‍ പങ്കെടുത്തു. എന്താണ് വൈദ്യം എന്താണ് കപട വൈദ്യം എന്ന് പറഞ്ഞുതുടങ്ങിയ സെഷനില്‍ നല്ല മരുന്നുകള്‍ എങ്ങനെ തെരഞ്ഞെടുക്കാം എന്ന് അതിഥികള്‍ പ്രതിപാദിച്ചു. ഏതൊരു മരുന്ന് തെരഞ്ഞെടുക്കുമ്പോളും അതിന്റെ ശാസ്ത്രീയവശം നോക്കണം എന്ന് പറഞ്ഞ അതിഥികള്‍ ശാസ്ത്രപരമായി ഇത് തെളിയിക്കപെട്ടതാണോ എന്ന് കൂടി ഉറപ്പു വരുത്തണമെന്നും കൂട്ടിച്ചേര്‍ത്തു. നല്ല മരുന്നുകളുടെ തെരഞ്ഞെടുപ്പ് ഫില്‍റ്ററിങ് പ്രക്രിയയിലൂടെ സാധ്യമാകുന്നു എന്ന് പറഞ്ഞു. കണികളുടെ ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായി ഉത്തരങ്ങള്‍ പറഞ്ഞ അതിഥികള്‍ സെഷന്‍ വളരെ സജീവമാക്കി. കപട മരുന്നുകള്‍ക്ക് പിറകില്‍ മരുന്ന് മാഫിയ ആണോ എന്ന് ഒരു കാണിയുടെ ചോദ്യത്തിന് ഇല്ല എന്ന് പറയാന്‍ സാധിക്കില്ല എന്നായിരുന്നു മറുപടി. ഹോമിയോ മരുന്നുകളുടെയും ആയുര്‍വേദ മരുന്നുകളുടെയും ആധികാരികതയെ വിമര്‍ശിച്ച അതിഥികള്‍ മോഡേണ്‍ മെഡിസിന്‍ നിരവധി ഫില്‍റ്ററിങ് പ്രക്രിയയിലൂടെ ലഭിക്കുന്നതാണ് എന്നും സാക്ഷ്യപ്പെടുത്തി.
ഹോമിയോ മരുന്നുകളുടെ ആധികാരികതയില്ലായ്മയെകുറിച്ച് സംസാരിച്ച അതിഥികളോട് ഒരു ശ്രോതാവ് വന്ന് തന്റെ സ്വന്തം അനുഭവം പറഞ്ഞത് കാണികളില്‍ ആവേശം ഉണ്ടാക്കി. എതിര്‍ മറുപടിയായി ഡോക്ടര്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്, റെസ്റ്റിമോണിയല്‍ അനുഭവങ്ങളല്ല മറിച്ച് ശാസ്ത്രീയമായ തെളിവുകള്‍ ആണ് വേണ്ടതെന്ന് മറുപടി നല്‍കി. സാധാരണയായി ഹോമിയോ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല എന്ന വാദങ്ങള്‍ക്കു വിപരീതമായി ഏതൊരു മരുന്നിനും അതിന്റെതായ പാര്‍ശ്വഫലങ്ങള്‍ ഉണ്ട് എന്ന് ഡോക്ടര്‍ വെളിപ്പെടുത്തി. കാണികളുടെ ചോദ്യങ്ങള്‍ കൊണ്ടും അതിഥികളുടെ ഉത്തരങ്ങള്‍ കൊണ്ടും സജീവമായിരുന്നു സെഷന്‍.

Comments are closed.