വൈദ്യത്തിന്റെ സമൃതി സൗന്ദര്യം…
ഡോ.കെ രാജശേഖരന്‍ നായരുടെ ‘വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം’ എന്ന പുസ്തകത്തിന് ജയറാം ശ്രീധരൻ എഴുതിയ വായനാനുഭവം
”ഏകദേശം 1350 ഗ്രാം മാത്രം ഭാരമുള്ള മനുഷ്യ മസ്തിഷ്കത്തിന് 86 മുതൽ 100 ബില്യൺ ന്യൂറോണുകളാണുള്ളത് ( രൂപാ കണക്കിൽ ഒരു ബില്യൺ 100 കോടിയാണ് ). അതിന്റെ മൂന്നോ നാലോ ഇരട്ടി ഗ്ളയൽ കോശങ്ങളെന്ന സഹായ കോശങ്ങളും, ഓരോ ന്യൂറോൺ കോശത്തിനും ഒന്നോ (ചിലപ്പോൾ അതിലധികമോ) ആക്സോണുകൾ, നൂറു മുതൽ ആയിരമോ കൂടുതലോ ഡെൻട്രൈറ്റുകൾ , ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം സ്നോപസുകളെന്ന സന്ധിബന്ധങ്ങൾ. എല്ലാം കൂടി കുറഞ്ഞതു നൂറു ട്രില്യണിലേറെ ബന്ധങ്ങളാണു നമ്മളോരോരുത്തരുടെയും മസ്തിഷ്കത്തിലുള്ളത്. പ്രപഞ്ചത്തിലെ ആകാശഗംഗക്കു നൂറു ബില്യൺ നക്ഷത്രങ്ങളേയുള്ളൂ. അതിലെത്രയോ കൂടുതലാണ് നാം ഓരോരുത്തരും, എന്നും എപ്പോഴും കൊണ്ടു നടക്കുന്നത്.
തിരുവനന്തപുരം ലണ്ടൻ ദൂരം ഏകദേശം 8500 കിലോമീറ്ററേയുള്ളൂ. ഈ ലോകത്തിന്റെ മുഴുവൻ ചുറ്റളവു 40000 കിലോമീറ്ററും. പുതിയ തലമുറ കമ്പ്യൂട്ടറുകളേക്കാൾ എത്രയോ കൂടുതലാണ് മനുഷ്യ മസ്തിഷ്കശക്തി സാധ്യത എന്നു പറഞ്ഞാൽ വിശ്വസിക്കുന്നവർ, എത്ര പേരുണ്ടാകും!”
പ്രശസ്ത നാഡിരോഗ വിദഗ്ധനും എഴുത്തുകാരനുമായ കെ.ആർ.നായർ എന്ന ഡോ.കെ.രാജശേഖരൻ നായർ, സാഹിത്യത്തിലെ മഹാപ്രതിഭയായ ഡോ. ശൂരനാടു കുഞ്ഞൻപിള്ളയുടെ മകനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എഴുപത്തി രണ്ടാം ബാച്ചിലേക്ക് പ്രവേശിക്കുന്ന വൈദ്യ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട്, 2023 സെപ്റ്റംബർ 13 നു അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ സ്ക്രിപ്റ്റ്, വൈദ്യം പഠിക്കാൻ കയറുന്ന വോട്ടു സ്നേഹപൂർവ്വം എന്ന തലക്കെട്ടിൽ, ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെ ഫെയ്സ്ബുക്കിൽ വായിച്ചിരുന്ന അദേഹത്തിന്റെ ആ പ്രഭാഷണ / ലേഖനത്തിൽ നിന്നും എടുത്തെഴുതിയ, എല്ലാവർക്കും അറിയാൻ താല്പര്യമുണ്ടാകുന്ന, അറിവിന്റെ ചില കഷണങ്ങളാണു മുകളിൽ കൊടുത്തിരിക്കുന്നത്.
മസ്തിഷ്ക മരണത്തെ കുറിച്ച് കേട്ടിട്ടില്ലാത്തവരായി ആരും ഉണ്ടാകില്ലല്ലോ. അങ്ങനെ മരണാവസ്ഥയിൽ നിശ്ചലമായിത്തീരുന്ന മസ്തിഷ്കത്തിന്റെ ഉണർവ്വായ ജീവാവസ്ഥക്കു പ്രപഞ്ചത്തോളം മഹത്വമുണ്ട്, അല്ലെങ്കിൽ വലുപ്പമുണ്ടാകുമെന്നാണു കെ.ആർ.നായർ പറഞ്ഞിരിക്കുന്നത്. മസ്തിഷ്കത്തിലേ ന്യൂറോണുകളുടെ പ്രവർത്തനത്തെയാണു മനസ് എന്നുപറയുന്നതു. പണ്ടേ വായിച്ചറിഞ്ഞ ആ അറിവു ഉപരിപ്ളവമെന്നു മാത്രമേ പറയാൻ കഴിയൂ. ന്യൂറോണുകളും മറ്റു ഉപഘടകങ്ങളുമായി നൂറു ട്രില്യണിലേറെ ബന്ധങ്ങളാണു ഓരോരുത്തരുടെയും മസ്തിഷ്കത്തിലുള്ളതെന്ന കെ.ആർ.നായരുടെ കണ്ടെത്തൽ, വെറും ഒരു ഭാവനയല്ല, ശാസ്ത്രീയമായ അറിവാണ്. രൂപാ കണക്കിൽ പറയുകയാണെങ്കിൽ ഒരു ബില്യൺ നൂറു കോടിയും, ഒരു ട്രില്യൺ ഒരു ലക്ഷം കോടിയുമാണ്. അപ്പോൾ മസ്തിഷ്കത്തിലെ ന്യൂറോണുകളുടെയും മറ്റു ഘടകങ്ങളുടെയും എണ്ണം എത്ര വിസ്മയകരമാണ്. ഫെയ്സ്ബുക്കിലെ കെ.ആർ.നായരുടെ ലേഖനത്തെക്കുറിച്ച് അഭിപ്രായമിട്ടിരുന്ന ഒരു സ്ത്രീ, ന്യൂറോണുകളുടെ അതിക്രമം കാരണം താൻ ചിന്തിച്ചു ചിന്തിച്ചു കൂട്ടുകയാണെന്നും എത്ര ശ്രമിച്ചിട്ടും തന്റെ ചിന്തകൾ നിയന്ത്രിക്കാനാകുന്നില്ലെന്നും തലക്കു ഒരു സ്വിച്ചുണ്ടായിരുന്നെങ്കിൽ, ഓഫാക്കി കിടന്നുറങ്ങാമായിരുന്നുവെന്നും പറഞ്ഞു. പരിഹാസ്യമായ ഈ കമന്റിനോടു, പ്രതികരിക്കേണ്ടതുണ്ടായിരുന്നില്ലായെങ്കിലും, വളരെ തിരക്കുണ്ടായിരുന്ന കെ.ആർ.നായർ അവർക്ക് മറുപടി നൽകി. ഡോക്ടറുടെ ഈ മറുപടി മറ്റൊരു വിജ്ഞാപനമായിരുന്നു.
‘മസ്തിഷ്കത്തിലെ പ്രത്യേക ഇടങ്ങളിലെ ഇലക്ട്രിക്കൽ സ്റ്റിമുലേഷനുകൾ കൊണ്ടും ഒരു നിമിഷത്തിനകം, ദശാബ്ദങ്ങളോളം നിൽക്കുന്ന പരിശീലനം കൊണ്ടും ഋഷിമാർ നേടുന്ന സാധനകൾ, നേടിക്കൊടുക്കാൻ ആവുമെങ്കിൽ , അതാകും കൂടുതൽ യുക്തം’. അമേരിക്കൻ ന്യൂറോളജിക്കൽ സംഘടനയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തിരുന്ന ദലൈലാമയുടെ പ്രഭാഷണത്തിൽ പറഞ്ഞ ഒരു സംഗതിയാണു അദേഹം ഇവിടെ ചൂണ്ടിക്കാട്ടിയത്. കെ.ആർ.നായർ എഴുതുന്ന വൈദ്യശാസ്ത്ര ലേഖനങ്ങളിലും/പുസ്തകങ്ങളിലും സാഹിത്യ കൃതികളിൽ നിന്നുള്ള ഉപമകളും, അനുഭവ ലോകത്തു നിന്നും ലഭ്യമാകുന്ന സംഗതികളും ചേർക്കാറുണ്ട്. ആയതിനാൽ അദേഹത്തിന്റെ വൈദ്യശാസ്ത്ര കൃതികൾക്കു ദാർശനികമായ തിളക്കം ഉണ്ടാകാറുണ്ട്. പ്രശസ്ത നിരൂപകനായ കെ.പി.അപ്പനാണു, കെ.ആർ.നായരുടെ ‘വൈദ്യത്തിന്റെ സ്ത്യുതി സൗന്ദര്യം’ എന്ന പുസ്തകത്തിനു അവതാരിക എഴുതിയത്. മുമ്പേ നടന്നവർ ( ഇൻഡ്യൻ ന്യൂറോളജി യുടെ ചരിത്രം, ഞാൻ തന്നെ സാക്ഷി, മുഖസന്ധികൾ, മനസ്സിന്റെ ബന്ധങ്ങളും ശൈഥില്യങ്ങളും, ഞാൻ എന്ന ഭാവം, ചിരിയും ചിന്തയും, കുറെ അറിവുകൾ അനുഭൂതികൾ അനുഭവങ്ങൾ…എന്നിവയും ഡോ.കെ.ആർ.നായരുടെ കൃതികളാണ്.
Comments are closed.