ഉണ്ണി ആര്‍ രചിച്ച ഏറ്റവും പുതിയ ചെറുകഥാ സമാഹാരം ‘വാങ്ക്’ പുറത്തിറങ്ങി
മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആര്‍ രചിച്ച ഏറ്റവും പുതിയ ചെറുകഥാസമാഹാരം വാങ്ക് വായനക്കാരിലേക്കെത്തുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ കഥാസമാഹാരത്തില്‍ വീട്ടുകാരന്‍, മണ്ണിര, അമ്മൂമ്മ ഡിറ്റക്ടീവ്, സങ്കടം, സോദ്ദേശ കഥാഭാഗം, സ്വരം വ്യഞ്ജനം, ഭാരതപര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക്, നന്തനാരുടെ ആട്ടിന്‍കുട്ടി, കുറച്ചു കുട്ടികള്‍ തുടങ്ങി പതിനൊന്ന് കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഉണ്ണി ആറിന്റെ ഏഴാമത്തെ കൃതിയാണ് വാങ്ക്. ജീവിതത്തെയും ചരിത്രത്തെയും നിലവിലുള്ള കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്തമായി നോക്കിക്കാണുന്ന ഒരു രചനാതന്ത്രമാണ് ഈ എഴുത്തുകാരന്റെ ശക്തി. ഒരു ഭയങ്കര കാമുകനിലും കാളിനാടകത്തിലും എന്റെ പ്രിയപ്പെട്ട കഥകളിലും ഉള്‍പ്പെട്ടിട്ടുള്ള കഥകള്‍ അതിനു നിദര്‍ശനമാണ്.
കോളേജ് അവധിക്ക് ഒരു മാസം ബാക്കിയുള്ളപ്പോള്‍ തന്റെ കൂട്ടുകാരികളോട് തന്റെ ആഗ്രഹം വെളിപ്പെടുത്തുന്ന റസിയയുടെ കഥപറയുന്നതാണ് വാങ്ക് എന്ന കഥ. റസിയയുടെ ആഗ്രഹം കേട്ട കൂട്ടുകാരികള്‍ അമ്പരക്കുകയാണ്- ‘റസിയയ്ക്ക് പള്ളിയിലേതുപോലെ ഒരിക്കലെങ്കിലും ഒന്ന് വാങ്ക് വിളിക്കണം!’
വൈലോപ്പിള്ളിയെ അദൃശ്യമായി വെളിപ്പെടുത്തുന്ന കഥയാണ് വീട്ടുകാരന്‍. ചെറിയ കൃഷ്ണന്‍, വലിയ കൃഷ്ണന്‍ എന്നീ രണ്ട് കൃഷ്ണന്‍മാരിലൂടെയാണ് ഈ കഥയുടെ സഞ്ചാരം. കഥയുടെ രസച്ചരട് പൊട്ടാതെ ആത്യന്തം വായനക്കാരനെ പ്രചോദിപ്പിക്കുന്ന രചന. മലയാളിയുടെ കാവ്യാനുശീലത്തിന്റെ വിരല്‍ത്തുമ്പ് പിടിച്ചുകൊണ്ടാണ് ആഖ്യാതാവ് വായനക്കാരനെ ഓരോ ചുവടും നടത്തിക്കുന്നത്.
വ്യത്യസ്തമായ ആശയങ്ങളെ ഉജ്ജ്വലമായ ആഖ്യാനത്തിലൂടെ കടത്തിവിട്ട് വശീകരിക്കുന്ന ഒരു ചിത്രകമ്പളം തീര്‍ക്കുകയാണ് വാങ്ക് എന്ന ഈ ചെറുകഥാസമാഹാരത്തിലെ കഥകള്‍. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന സമയത്തുതന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ് ഇതിലെ ഓരോ കഥകളും. മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തുകൂടിയായ ഉണ്ണി ആറിന്റെ വാങ്ക്എന്ന പുതിയ സമാഹാരം തീര്‍ച്ചയായും മലയാളകഥയ്ക്കു ലഭിച്ച മികച്ച കൃതിയാണ്.
ജൂലൈ 28,ശനിയാഴ്ച മുതല്‍ ഡി.സി ബുക്‌സിന്റെ എല്ലാ ശാഖകളിലും വായനക്കാര്‍ക്കായി ഉണ്ണി ആര്‍ രചിച്ച ചെറുകഥാസമാഹാരം വാങ്ക് ലഭ്യമാകും.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ എല്ലാ കൃതികളും വായിക്കാന്‍
Comments are closed.