DCBOOKS
Malayalam News Literature Website

പെണ്‍സ്വരം കേള്‍പ്പിച്ച ‘വാങ്ക്’

സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാമാണ് വാങ്ക്. ജീവിതത്തെയും ചരിത്രത്തെയും നിലവിലുള്ള കാഴ്ചപ്പാടില്‍നിന്നു വ്യത്യസ്തമായി നോക്കിക്കാണുന്ന ഒരു രചനാതന്ത്രമാണ് ഈ എഴുത്തുകാരന്റെ ശക്തി. വ്യത്യസ്തമായ ആശയങ്ങളെ ഉജ്ജ്വലമായ ആഖ്യാനത്തിലൂടെ കടത്തിവിട്ട് വശീകരിക്കുന്ന ഒരു ചിത്രകമ്പളം തീര്‍ക്കുകയാണ് വാങ്ക് എന്ന ഈ ചെറുകഥാസമാഹാരത്തിലെ കഥകള്‍.

വാങ്ക് എന്ന ചെറുകഥയില്‍ നിന്നും

“എന്റെ റസിയാ നീ വാ തൊറന്ന് എന്നാങ്കിലും ഒന്ന് പറയ്’ ഷമീന റസിയയുടെ മുഖം തിരിച്ചിട്ട് പറഞ്ഞു. ‘കെട്ടിച്ചുവിട്ടുകഴിഞ്ഞാല്‍ പിന്നെ ഇതൊന്നും നടക്കണമെന്നില്ല, അതാ പറഞ്ഞേ, എന്നാങ്കിലും ഒണ്ടെങ്കില്‍ ഒന്ന് പറ.’

റസിയ തലയില്‍നിന്നും വഴുതിപ്പോയ തട്ടം തിരിച്ചിട്ടിട്ട് ചെറിയൊരു ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി. കൂട്ടുകാരികള്‍ ആകാംക്ഷയോടെ ഇരുന്നു.

‘എനിക്കൊരു ആഗ്രഹമുണ്ട്. പക്ഷെ നടക്കുവോ?’

എന്റെ കൊച്ചേ, നിനക്ക് പ്രിന്‍സിപ്പലിനെ കെട്ടിപ്പിടിക്കണോ? അതോ രണ്ടെണ്ണം അടിക്കണോ ? അതുമല്ല ഇനിയിപ്പം ആരുടെയെങ്കിലും കൂടെ കെടക്കണോ?’ ഷമീന ചോദിച്ചു:

‘നീ എന്നാ വേണന്ന് പറ ഞങ്ങളില്ലേ, ധൈര്യായിട്ട് പറഞ്ഞോ?’

റസിയ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് തന്റെ സ്വതേയുള്ള ചിരിയോടെ പറഞ്ഞു. ‘എനിക്കൊന്ന് വാങ്ക് വിളിക്കണം.’

പെട്ടെന്ന് ഒരുനിമിഷം അവര്‍ നാലു പേര്‍ക്കുമിടയിലേക്ക് ആരോടും പറയാതെ നിശബ്ദത വന്നു. ഷമീന അപ്പോള്‍ത്തന്നെ അയാളെ തന്റെ ദേഷ്യം കൊണ്ട് പുറത്താക്കി. ‘നീ എന്ത് ഭ്രാന്താ ഈ പറഞ്ഞെ? വേറെ ആരും കേള്‍ക്കണ്ട.’

റസിയ അപ്പഴും അതേ ചിരിയോടെ ചോദിച്ചു. ‘എന്തിനും കൂടെയുണ്ടെന്ന് പറഞ്ഞിട്ട്.’

എന്റെ കൊച്ചേ കൂടെയൊക്കെയുണ്ട്. ഷമീന ചെറിയൊരു പേടിയോടെ പറഞ്ഞു: ‘ഇമ്മാതിരി പണിക്കൊന്നും കൂടെ നില്‍ക്കാന്‍ പറ്റത്തില്ല.’

‘അത്ര കുഴപ്പമാണോ?’ ജ്യോതിക്ക് സംശയമായി

‘അതേ, മതോം ദൈവോമൊക്കെ തൊട്ടാല്‍ കത്തുന്ന ഏര്‍പ്പാടാ, അത് വിട്, കൊച്ചേ വേറെ വല്ലതുമുണ്ടേല്‍ പറ,’ ദീപ പറഞ്ഞു.

റസിയ ഒന്നും മിണ്ടിയില്ല…

‘എടീ നീ ഒന്ന് കൂടി ഒന്ന് ആലോചിക്ക് ഒരുഗുമ്മുള്ള പരിപാടി പിടിക്ക്.’ ഷമീന റസിയയുടെ തോളിലൂടെ കയ്യിട്ട് പറഞ്ഞു: ഇത് തത്കാലം നമുക്ക് വേണ്ട.

റസിയ ഒന്നും പറഞ്ഞില്ല…”

ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന വാങ്ക് എന്ന ഈ ചെറുകഥാസമാഹാരത്തില്‍ വീട്ടുകാരന്‍, മണ്ണിര, അമ്മൂമ്മ ഡിറ്റക്ടീവ്, സങ്കടം, സോദ്ദേശ കഥാഭാഗം, സ്വരം വ്യഞ്ജനം, ഭാരതപര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക്, നന്തനാരുടെ ആട്ടിന്‍കുട്ടി, കുറച്ചു കുട്ടികള്‍ തുടങ്ങി പതിനൊന്ന് കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന സമയത്തുതന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടവയാണ് ഇതിലെ ഓരോ കഥകളും. മലയാള സിനിമയിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തുകൂടിയായ ഉണ്ണി ആറിന്റെ വാങ്ക് എന്ന പുതിയ സമാഹാരം തീര്‍ച്ചയായും മലയാളകഥയ്ക്കു ലഭിച്ച മികച്ച കൃതിയാണ്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ എല്ലാ കൃതികളും വായിക്കാന്‍

Comments are closed.