സന്ദേഹിയുടെ സംവാദങ്ങള്‍
2022 മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും (പുനഃപ്രസിദ്ധീകരണം)
വി.വിജയകുമാര്‍
സാഹിത്യപ്രവര്‍ത്തനം അതിന്റെ അതിഭൗതികത്തെ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. സാഹിത്യമെഴുതുന്നവര്‍ അതിഭൗതികത്തോടൊപ്പം നടക്കുന്നവരാണ്. യാഥാര്‍ത്ഥ്യത്തോടൊപ്പമെന്ന പോലെ അതിഭൗതികത്തോടൊപ്പവും അവര്‍ കൂട്ടുകൂടുന്നു. അജ്ഞാതവുമായി സംവദിക്കാന്‍ അതിഭൗതികം എഴുത്തുകാരനേയും സഹായിക്കുന്നു. സന്ദേഹാത്മകതയില്‍ അതിഭൗതികത്തിന്റെ മൂലകങ്ങളുണ്ട്.
ഇ.എം. എസിനെ കുറിച്ചുള്ള വിമര്‍ശനനിരീക്ഷണങ്ങളില്‍ ശ്രദ്ധേയമായ ഒരെണ്ണം ഒ.വി. വിജയന്റേതാണ്. ഇ.എം. എസിനു സന്ദേഹങ്ങളില്ലെന്നു വിജയന്‍ പറഞ്ഞു. അധൃഷ്യമായ ഏതോ ഉറപ്പില്‍ നിന്നുകൊണ്ടാണ് ഇ.എം.എസ് എഴുതുന്നതെന്ന്, സംസാരിക്കുന്നതെന്നു വിജയന്‍. സോഷ്യലിസത്തിന്റെ മുന്നോട്ടുള്ള നേര്‍രേഖീയയാത്രയെ സന്ദേഹങ്ങളില്ലാതെ ഉള്‍ക്കൊള്ളുകയും മനുഷ്യന്‍ കുരങ്ങിലേക്കു തിരിച്ചുപോകുമോയെന്നു ചോദിക്കുകയും ചെയ്തിരുന്ന ഇ.എം. എസിന്റെ സൈദ്ധാന്തികമായ പിടിവാശിയേയും ഉറപ്പിനേയുമാണ് വിജയന്‍ എതിര്‍വാക്കുകള്‍കൊണ്ട് നേരിട്ടത്. ഒ.വി. വിജയന്‍ ഈ വിമര്‍ശനം എഴുതുമ്പോള്‍ സ്വയം ഉള്ളിലേക്കു നോക്കുന്നുണ്ടായിരിക്കണം. തന്നിലുള്ളത് ഇ എം എസില്‍ ഇല്ലെന്നു പറയുകയായിരുന്നു വിജയന്‍. ഒരു സന്ദേഹിയെന്ന് സ്വയം വിജയന്‍ തിരിച്ചറിഞ്ഞിരുന്നുവല്ലോ. വിജയന്റെ രചനകളിലെല്ലാം, നോവലുകളോ കഥകളോ ലേഖനങ്ങളോ കാര്‍ട്ടൂണുകളോ ആയിക്കൊള്ളട്ടെ, ഈ ലോകത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ നിറഞ്ഞിരുന്നു. വിജയന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ ആ രചനകളെല്ലാം സന്ദേഹിയുടെ സംവാദങ്ങളായിരുന്നു. സന്ദേഹിയുടെ സംവാദങ്ങള്‍ എന്നത് അദ്ദേഹം എഴുതിയ ഒരു പുസ്തകത്തിന്റെ ശീര്‍ഷകമായിരുന്നല്ലോ? കാലത്തിന്റെയും ജീവിതത്തിന്റെയും മഹാപ്രവാഹത്തില്‍ ഉറച്ച നിശ്ചയങ്ങളും തീര്‍പ്പുകളുമായി നില്‍ക്കുന്നതിന് ഒലിച്ചുപോകാനേ കഴിയൂ. മാറിക്കൊണ്ടിരിക്കുന്നത്, ചരിച്ചു നില്‍ക്കുന്നത്, നിലനില്‍ക്കുന്നതിനെ കുറിച്ചു സന്ദേഹിക്കുന്നതുമാത്രം പിടിച്ചു നില്‍ക്കും. സന്ദേഹം മാറ്റത്തിനുള്ള പ്രേരണ കൂടിയാണ്. അറിഞ്ഞതിനെക്കുറിച്ചുള്ള ഉറപ്പുകളേക്കാള്‍ അജ്ഞാതമായതിനെ കുറിച്ചുള്ള ആകുലതകള്‍ സന്ദേഹിയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു. അത് സന്ദേഹിയുടെ സ്വാസ്ഥ്യം കവരുന്നു. സന്ദേഹത്തിന്റെ കരുത്താണ് വിജയന്റെ കൃതികളുടെ സര്‍ഗാത്മകതയെ ഉയര്‍ത്തി നിര്‍ത്തിയതെന്നുകൂടി പറയണം. എന്നാല്‍, സന്ദേഹങ്ങളിലൂടെയുള്ള യാത്ര നൂല്‍പ്പാലത്തിലൂടെയുള്ള യാത്രയാണ്. അത് സര്‍ഗാത്മകതയ്‌ക്കെന്നപോലെ പ്രതിലോമപരതയ്ക്കും കാരണമായി തീര്‍ന്നേക്കാം.
പൂര്‍ണ്ണരൂപം വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.