വി ആര്‍ സുധീഷിന് കോഴിക്കോടിന്റെ സ്‌നേഹാദരം
പ്രശസ്ത ചെറുകഥാകൃത്ത് വി. ആര്‍ സുധീഷിനെ സുഹൃത്തുക്കള്‍ ആദരിക്കുന്നു. ലിറ്റേറച്ചര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സുഹൃത്തക്കളും സാംസ്‌കാരികപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്ന ‘വി ആര്‍ സുധീഷ് ഫെസ്റ്റിവലിന്’ ഫെബ്രുവരി 23, 24,25 തീയ്യതികളില്‍ കോഴിക്കോട് ടൗണ്‍ഹാള്‍ വേദിയാവുകയാണ്. മൂന്നുദിവസം നീളുന്ന ഈ ആഘോഷരാവില്‍ സാഹിത്യവും സര്‍ഗ്ഗാത്മകതയും സംഗീതവും ചിത്രവും സൗഹൃദവും പ്രണയവും നൃത്തവുമെല്ലാം വിഷയമാകും.
ഫെബ്രുവരി 23 ന് വൈകിട്ട് 3 മണിക്കാരിംഭിക്കുന്ന പുസ്തകോത്സവത്തോടെ ഫെസ്റ്റിവലിന് തുടക്കമാകും. വൈകിട്ട് 5ന് എം ടി വാസുദേവന്‍നായര്‍ ‘സുധീഷ് ഫെസ്റ്റിവല്‍’ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവല്‍ ഡയറക്ടറും കോഴിക്കോട് മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനാകും. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് ‘വി ആര്‍ സുധീഷ് പാട്ടുസംസാരം/വര,’ പുസ്തകപ്രകാശനം, സംഗീത സന്ധ്യ തുടങ്ങിയവയും ഉണ്ടാകും.
രണ്ടാം ദിവസം രാവിലെ 10 മണിക്ക് ‘വി ആര്‍ സുധീഷ് സര്‍ഗാത്മ സംഭാവനകള്‍’ എന്ന വിഷയത്തില്‍ സജയ് കെ വി, വി മുസാഫര്‍ അഹമ്മദ്, എ സി സുഹാസിനി, സുസ്മിതാ ബാബു, സുഷമ ബിന്ദു, എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് വി ആര്‍ സുധീഷുമായി അഭിമുഖം. 3 മണിമുതല്‍ ‘വി ആര്‍ സുധീഷ് ആണ്‍ സൗഹൃദ സദസ്സ്’ മാമുക്കോയ ഉദ്ഘാടനം ചെയ്യും. ഷാജൂണ്‍ കാര്യാല്‍, പി ബാലചന്ദ്രന്‍, എ പി കുഞ്ഞാമു, ക ജെ അജയകുമാര്‍, എ ശാന്തകുമാര്‍, എം ജയരാജ്, കെ എസ് വെങ്കിടാചലം, ശ്രീജിത്ത് പെരൂന്തച്ചന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 6.30 മുതല്‍ നൃത്ത സദസ്സ്.
25ന് രാവിലെ ‘വി ആര്‍ സുധീഷ് കഥയുടെ തലമുറ’ എന്ന വിഷയത്തില്‍ പ്രകശ് മാരാഹി, വി എച്ച് നിഷാദ്, ഇ പി ജ്യോതി, ഇന്ദുകേഷ് തൃപ്പനച്ചി എന്നിവര്‍ പ്രഭാഷണം അവതരിപ്പിക്കും. അശോകന്‍ ചരുവില്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കവി ഭാഷണം കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. സിവിക് ചന്ദ്രന്‍, സി പി അബൂബക്കര്‍, പി കെ ശശി, വീരാന്‍കുട്ടി, വി ടി ജയദേവന്‍, വിഷ്ണുപ്രസാദ് വയനാട് തുടങ്ങിയവര്‍ പ്രഭാഷണം അവതരിപ്പിക്കും. ശേഷം പെണ്‍ സൗഹൃദ സദസ്സ് ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വി ആര്‍ സുധീഷിന്റെ ‘മായ’ എന്ന പുസ്തകം എം ഡി രാധിക ആര്യാ ഗോപിക്ക് നല്‍കി പ്രകാശനം ചെയ്യും.
വൈകിട്ട് 5ന് എം മുകുന്ദന്‍ ഫെസ്റ്റിവല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി അദ്ധ്യക്ഷത വഹിക്കും പി വത്സല മുഖ്യാതിഥിയാകും. വി. ആര്‍ സുധീഷ് മറുമൊഴി രേഖപ്പെടുത്തും. വൈകിട്ട് 6.30 മുതല്‍ അഷറഫ് ഹൈദ്രോസ് ആന്റ് ടീം അവതരിപ്പിക്കുന്ന സൂഫി-ഖവാലി സംഗീതസദസ്സ്…എന്നിവയോടെ ഫെസ്റ്റിവലിന് സമാപനമാകും.
Comments are closed.