വി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ 'വല്ലി' എന്ന നോവലിന്റെ പരിഭാഷയ്ക്കാണ് അംഗീകാരം
വി. അബ്ദുള്ള പരിഭാഷാ പുരസ്‌കാരം ഡോ ജയശ്രീ കളത്തിലിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീലാ ടോമിയുടെ ‘വല്ലി’ എന്ന നോവലിന്റെ പരിഭാഷയ്ക്കാണ് അംഗീകാരം. ഹാർപ്പർ കോളിൻസ് ആണ് ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മെയ് 27ന് കെ പി കേശവമേനോന്‍ ഹാളില്‍ ചേരുന്ന വി. അബ്ദുള്ള അനുസ്മരണ സമ്മേളനത്തില്‍ എം ടി വാസുദേവന്‍ നായര്‍ സമ്മാനിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2022-ലെ ചുരുക്കപ്പട്ടികയിലും ‘വല്ലി’ ഇടംപിടിച്ചിരുന്നു.
വയനാട്ടിലെ കുടിയേറ്റ കര്‍ഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ് വല്ലി. കുടിയേറ്റത്തിനിടയില്‍ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീര്‍ണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്. വറ്റിവരണ്ട് മെലിയുന്ന നദിയും സമൃദ്ധമായ കാട് മെല്ലെ മെല്ലെ ഇല്ലാതായികൊണ്ടിരിക്കുന്നതുമായ കല്ലുവയൽ എന്ന ഗ്രാമമാണ് നോവലിന്റെ പ്രധാന ഭൂമിക. പ്രകൃതിയുമായുള്ള മനുഷ്യന്റെ ഗാഢ ബന്ധവും അതിലുപരി, ജാതി, ഗോത്രം, ഇക്കോഫെമിനിസം, തൊഴിൽ, ആത്മീയത, കുടിയേറ്റം, കുടിയിറക്കം, എന്നിങ്ങനെ ഒട്ടേറെ പ്രമേയങ്ങളുടെ സൂക്ഷ്മാവതരണവും വല്ലിയിലുണ്ട്. വയനാടിന്റെ സമഗ്രാഖ്യാനമെന്ന നിലയില്‍ വയനാട് പ്രമേയമായ ഇതര നോവലുകളില്‍നിന്ന് വേറിട്ടു നിൽക്കുന്ന രചന.
Comments are closed.