പ്രകൃതിയും പ്രണയവും പോരാട്ടവും ഇഴപിരിച്ചെടുത്ത പ്രണയകാവ്യം
ജിജേഷ് ഭാസ്‌കറിന്റെ ‘ഊയിശ്’ എന്ന നോവലിന് ബിജു. എം. പൗലോസ് എഴുതിയ വായനാനുഭവം
“ഞാന്‍ കാന്തിമംബു. കുറിച്യയാണ്. ഗോത്രവര്‍ഗ്ഗക്കാരി. കുറിച്യര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ലക്ഷ്യബോധമുള്ള ജനത എന്നാണ്. ആ ലക്ഷ്യബോധമാണ് എന്നെ ഇവിടെകൊണ്ടെത്തിച്ചത്.”
ഇതുപോലൊരു ജനാവലിയുടെ മുന്നില്‍ വന്നുനിന്ന് ഉറച്ച ശബ്ദത്തില്‍ സംസാരിക്കുന്ന ഒരു ദിവസം എത്രയോ വട്ടം ഞാന്‍ സങ്കല്പിച്ചിട്ടുണ്ട്. എളുപ്പമായിരുന്നില്ല ഇവിടെ എത്തിപ്പെടാന്‍. പെണ്ണായതിന്റെ പേരില്‍, ജാതിയുടെ പേരില്‍, കറുപ്പായതിന്റെ പേരില്‍ അനുഭവിച്ച വിവേചനങ്ങള്‍… അതിജീവനം എന്നത് ഒരു ചെറിയ വാക്കല്ല.’ …..
‘ജിജേഷ് ഭാസ്‌കറി’ന്റെ പ്രഥമ നോവലാണ് ഡി. സി. ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഊയിശ്’ എന്ന തീര്‍ത്തും പുതുമയാര്‍ന്ന ഒരു കൊച്ചു നോവല്‍. നമ്മുടെ യാഥാസ്ഥിതിക സമൂഹം അംഗീകരിക്കാന്‍ മടിക്കുന്ന, അവഞ്ജയോടെ മാത്രം നോക്കി കാണുന്ന ഒരു പ്രണയത്തിന്റെ കഥ പറയുന്നു.
ഒരു പക്ഷേ മലയാളസാഹിത്യവും പറയാന്‍ മടിക്കുന്ന ഒരു കഥയായിരിക്കും ഈ പ്രണയ കഥ. ‘ചന്ദനമരങ്ങള്‍’ക്കു ശേഷം പതിറ്റാണ്ടുകള്‍ എടുത്തു ഇതുപോലൊരു പ്രണയകഥ ഇതിവൃത്തമാക്കി ഒരു കൃതി മലയാളത്തിലിറങ്ങാന്‍ എന്നത് ഒരുപക്ഷെ നമ്മുടെ സാഹിത്യവും സമൂഹവും ഇതു പോലൊരു പ്രണയത്തെ സ്വീകരിക്കാന്‍ ഭയക്കുന്നു എന്നതു കൊണ്ടു തന്നെയാകാം.
പ്രകൃതിയുടെ മനോഹാരിതയും, പ്രണയത്തിന്റെ വന്യതയും, അതിജീവിതത്തിനായുള്ള പോരാട്ടവും ഇഴപിരിച്ചെടുത്ത മനോഹര പ്രണയകാവ്യമാണ് ഈ നോവല്‍ എന്നു പറഞ്ഞാലത് അധികമാവുകയില്ല തീര്‍ച്ച. ഒരാളുടെ പ്രണയവും ലൈംഗികതയും അയാളുടെ മാത്രം സ്വകാര്യതയാണെന്ന് സമൂഹത്തോട് ഉറക്കെ വിളിച്ചു പറയുന്ന ഈ കൃതി ഓരോ വായനക്കാരെയും പിടിച്ചിരുത്തുന്നു അവസാന താളുവരേയ്ക്കും.
വായനക്കാരുടെ മനസ്സില്‍ ഏറെനാള്‍ തങ്ങി നില്ക്കും കാന്തിയും അലീനയും അവരുടെ പ്രണയവും പോരാട്ടവും അതിജീവനവും.
ഇന്നത്തെ നമ്മുടെ സമൂഹം മനസ്സിലാക്കേണ്ട സത്യം തുറന്നു കാണിക്കുന്ന ഈ കൊച്ചു നോവല്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതായ ഒരു കൃതിയെന്ന നിലയില്‍ തന്നെ പരിചയപ്പെടുത്തട്ടെ.
പ്രിയപ്പെട്ട പുസ്തകങ്ങളിലേക്ക്, പ്രിയപ്പെട്ട എഴുത്തുകാരിലേക്ക് ചേര്‍ത്തു വയ്ക്കുന്നു ഈ പുസ്തകത്തേയും എഴുത്തുകാരനെയും.