DCBOOKS
Malayalam News Literature Website

‘ഉയിർ ഭൂപടങ്ങൾ’ വായനയുടെയും എഴുത്തിന്റെയും ചിന്തയുടേയും ‘മൂന്നാമിടം’ അടയാളപ്പെടുത്തുന്ന പുസ്തകം

രാഹുൽ രാധാകൃഷ്ണന്റെ ‘ഉയിർ ഭൂപടങ്ങൾ’ എന്ന പുസ്തകത്തിന്  ലക്ഷ്മി പ്രിയ എൻ എഴുതിയ വായനാനുഭവം

സമകാലീന മലയാള സാഹിത്യം ഉയിരിടങ്ങൾ അടയാളപ്പെടുത്തുന്ന പരിസരങ്ങളെ തേടുകയാണ് രാഹുൽ രാധാകൃഷ്ണന്റെ ‘ഉയിർ ഭൂപടങ്ങൾ’ എന്ന പുസ്തകം. ജനസഞ്ചയങ്ങൾ ഭൂപടത്തെ പരുവപ്പെടുത്തുകയും നിരന്തരം പുതുക്കുകയും ചെയ്യുന്നു എന്ന ഓർമ്മപ്പെടുത്തൽ കവർചിത്രം പ്രദാനം ചെയ്യുന്നുണ്ട്. ഭൂപടം എന്നത് കാവ്യസങ്കൽപ്പനങ്ങളിൽ ഏറെ പ്രിയങ്കരമായ മെറ്റഫർ ആണ്. “നമ്മുടെ ഭൂപടങ്ങൾ / നമ്മൾ തന്നെ / വരച്ചാലെന്താണ്?” എന്ന് ലതീഷ് മോഹൻ തന്റെ ‘ചങ്ങനാശ്ശേരി വേണ്ടെന്ന് വെച്ചാൽ എന്താണ് ?’ എന്ന കവിതയിൽ വായനക്കാരോട് ചോദിക്കുന്നുണ്ട്. ഇതേ അർത്ഥത്തിൽ പ്രസ്തുത കാലവും ദേശവും ചിന്തയും സാഹിത്യവും എങ്ങനെ സ്വന്തം ഭൂപടങ്ങൾ കോറിയിടുന്നു എന്ന വിപുലമായ അന്വേഷണമാണ് രാഹുൽ രാധാകൃഷ്ണന്റെ
‘ഉയിർഭൂപടങ്ങൾ’.

ആഗോളീകരണാനന്തര ലോകത്ത് അധികാരത്തിന്റെ രൂപഭാവങ്ങൾ നിരവധിയാണ്. സമകാലീന മലയാള സാഹിത്യം ഇവയോട് എങ്ങനെ പ്രതികരിക്കുന്നു എന്നും പ്രതിനിധാനത്തിന്റെയും പ്രതിരോധത്തിന്റെ
യും ഭൂമികയായി എഴുത്തിടങ്ങൾ രൂപം കൊള്ളുന്നതിലെ ജൈവികവും രാഷ്ട്രീയവുമായ മാനങ്ങളെ സൈദ്ധാന്തികമായി അന്വേഷിക്കാനുമുള്ള ശ്രമമാണ് രാഹുൽ രാധാകൃഷ്ണൻ നടത്തുന്നത്. തന്റെ
വായനയുടെ തുടർച്ചയായി എഴുത്തിനെ കാണുന്നു എന്നാണ് ആമുഖത്തിൽ രചയിതാവ് പരാമർശിച്ചിട്ടുള്ളത്. കഴിഞ്ഞ ഏറെ കാലമായി എഴുതിയ സാഹിത്യ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരമാണ് പ്രസ്തുത പുസ്തകം. മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് ആഗോളീകരണാനന്തര കാലത്ത് രൂപപ്പെട്ട സാമൂഹിക-സാംസ്കാരിക-സാമ്പത്തിക ഘടനകൾ കാലദർശനത്തിലും ദൈനംദിന ജീവിതത്തിലും വരുത്തിയ വലിയ മാറ്റങ്ങൾ സാഹിത്യത്തിൽ വരുത്തിയ പുത്തൻ പ്രവണതകളുടെ ആലോചനകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലത്തോടുള്ള പ്രതികരണങ്ങൾ എന്നതിൽ ചുരുങ്ങാതെ അത്തരം പ്രവണതകൾ Textഒക്കെയും എങ്ങനെ നിരന്തരം രൂപപ്പെടുന്ന ജൈവികമായ ഇടങ്ങൾ ആയി മാറുന്നു എന്ന് നോക്കി കാണുന്നു പ്രസ്തുത പഠനം. ഇടങ്ങളുടെ ഇത്തരം രൂപപ്പെടൽ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. എഴുത്തിൽ ഉൾപ്പെടെ നിലനിൽക്കുന്ന അധികാര വ്യവസ്ഥകളെ പ്രതിരോധിക്കാൻ ഇതിനാകുന്നുണ്ട്. എഡ്വേർഡ് സോജ യുടെ ‘മുന്നാമിടം’ എന്ന സങ്കൽപ്പനമാണ് ഇവിടെ ചേർത്ത് വായിക്കുന്നത്. ഒന്നാമിടത്തെ ഭൗതിക യാഥാർത്ഥ്യങ്ങളും രണ്ടാം ഇടത്തെ പ്രതീക്ഷകളും ചേർന്നുണ്ടാവുന്ന മൂന്നാമിട കാഴ്ച്ചകളും അനുഭവങ്ങളുമായാണ് സമകാലീന സാഹിത്യം മുന്നോട്ട് വയ്ക്കുന്ന എഴുത്തിടങ്ങളെ അടയാളപ്പെടുത്തുന്നത്. ഇത്തരം സാഹിത്യ ഇടങ്ങളൊക്കെത്തന്നെ ആഗോളീകരണാനന്തര അധികാരഭാവങ്ങളെ വ്യത്യസ്ത രീതിയിൽ പ്രതിരോധിച്ച് കൊണ്ട് കാല-ദേശ-ജാതി- ലിംഗ-പരിസ്ഥിതി തുടങ്ങിയ സമസ്യകളെ അഭിമുഖീകരിക്കുന്നുണ്ട്.

ഉത്തരാധുനികതയുടെ ആഖ്യാന വിപ്ലവങ്ങൾ സാദ്ധ്യമാക്കിയ ദൈനംദിന പ്രതിരോധ മാതൃകകൾ എഴുത്തിൽ അധികാര വിമർശന ഇടങ്ങൾ സാദ്ധ്യമാക്കിയ പരിസരങ്ങളെ പുസ്തകം പരിചയപ്പെടുത്തുന്നു. ആഗോളീകരണാനന്തര കാലത്തെ ഡിജിറ്റൽ വിപ്ലവങ്ങൾ അദൃശ്യ അധികാര ഇടങ്ങൾ രൂപപ്പെടുത്തിയതും, ഇവയോടുള്ള സമകാലീന സാഹിത്യത്തിന്റെ പ്രതികരണവും പുസ്തകം ആഴത്തിൽ അന്വേഷിക്കുന്നുണ്ട്. വേഗത – സമയം – ഇടം എന്നീ ധാരണകളെ ഡിജിറ്റൽ യുഗം അട്ടിമറിച്ചിട്ടുണ്ട്. ഇവയുടെ പ്രസരണങ്ങൾ സാഹിത്യത്തിൽ വരുത്തിയ മാറ്റങ്ങൾ പരിശോധയ്ക്ക് പാത്രമാകുന്നുണ്ട്. സൈബർ ഇടങ്ങൾ എന്നാൽ എന്താണ് എന്ന നവീനമായ കാഴ്ച്ചപ്പാടുകൾ മുന്നോട്ട് വയ്ക്കുന്ന പഠനം നിലവിലെ ധാരണകളെ വിമർശിക്കുന്നു. ആഗോളമായ പരിസരങ്ങൾ പരാമർശിക്കുമ്പോഴും സാഹിത്യത്തിൽ അവയ്ക്കെങ്ങനെ പ്രാദേശികതയെ അഭിസംബോധന ചെയ്യാം എന്ന ആലോചനകൾ എഴുത്തുകാരൻ നടത്തുന്നുണ്ട്.

സമകാലീന എഴുത്തിടമായി അടയാളപ്പെടുത്തുന്ന മറ്റൊരു മേഖല അനുഭവമെഴുത്താണ്. അനുഭവങ്ങളെ രാഷ്ട്രീയവത്കരിക്കേണ്ടതിന്റെ ആവശ്യകത പ്രസ്തുത പഠനം ഓർമ്മപ്പെടുത്തുന്നുണ്ട്. ഭാഷയുടെ പ്രയോഗത്തെ സൈദ്ധാന്തവത്കരിച്ചു കൊണ്ട് ഭാഷ പ്രതിരോധമായി മാറുന്നതിന്റെ സമകാലീന സാഹിത്യാനുഭവങ്ങൾ പഠനം പങ്കു വയ്ക്കുന്നു. തീവ്രമായ ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുമ്പോഴും ദേശം, ദേശീയത, രാഷ്ട്രം എന്നീ സമസ്യകളെ കഥാസന്ദർഭങ്ങളാക്കുമ്പോഴും മറ്റും സാഹിത്യത്തിൽ ഭാഷയുടെ നൂതനമായ പ്രയോഗങ്ങൾ നടത്തേണ്ടതായി വരുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സാഹിത്യത്തിൽ പലപ്പോഴും നിലനിന്ന് പോന്ന ലാവണ്യ ഭാവങ്ങളെ നിശിതമായി വിമർശിക്കും വിധം അവയിലെ അധികാര രൂപങ്ങളെ പുറന്തള്ളുന്നുണ്ട് സമകാലീന മലയാള സാഹിത്യം.

പുസ്തകത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ മേൽ സൂചിപ്പിച്ച പുത്തൻ എഴുത്തിടങ്ങളെ തിരഞ്ഞെടുത്ത നോവലുകളുടേയും ചെറുകഥകളുടേയും ആഴത്തിലുള്ള വായനയിലൂടെ പരിചയപ്പെടുത്തുന്നു. അധികാരം, ആഗോളവത്കരണം, ഫാസിസം, ഉടൽ, വർഗം, ജാതി, പ്രദേശം, കാലാവസ്ഥാ വ്യതിയാനം, പലായനം, വിപണി, പണം, വയലൻസ്, സർവയിലൻസ്, മനുഷ്യബന്ധങ്ങൾ, പ്രണയം, ജനാധിപത്യം, നീതിന്യായ വ്യവസ്ഥ തുടങ്ങിയവയെ പ്രശ്നവത്കരിച്ച് കൊണ്ട് അധികാര പ്രവണതകളോട് സാഹിത്യം എങ്ങനെ നിലപാട് വ്യക്തമാക്കുന്നു എന്ന വിശാലവും സമഗ്രവുമായ അന്വേഷണം രാഹുൽ രാധാകൃഷ്ണൻ നടത്തുന്നുണ്ട്. പ്രതീക്ഷയുടെ, നീതിയുടെ, അവകാശങ്ങളുടെ, സമാന്തര മൂന്നാമിടങ്ങൾ സമകാലീന മലയാള സാഹിത്യത്തിൽ കണ്ടെത്തുന്ന ‘ഉയിർഭൂപടങ്ങൾ ‘ എന്ന പുസ്തകം മലയാള സാഹിത്യ നിരൂപണത്തിൽ വായനയുടെയും എഴുത്തിന്റെയും ചിന്തയുടേയും ‘മൂന്നാമിടം’ തന്നെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.